ഛണ്ഡിഗഡ്: ഇന്ത്യൻ പ്രീമിയർ ലീഗിലെ സൂപ്പർ സൺഡേയിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് കിങ്സിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ജയം പഞ്ചാബിനായിരുന്നു. മുല്ലാൻപൂരിലെ മഹാരാജ യാദവീന്ദ്ര അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ പഞ്ചാബിനെ കീഴടക്കി ബെംഗളൂരു അതിന് പകരംവീട്ടി. പഞ്ചാബ് കിങ്സ് ഉയർത്തിയ 158 റൺസിൻ്റെ വിജയലക്ഷ്യം ഏഴ് വിക്കറ്റുകൾ ശേഷിക്കെ ബെംഗളൂരു മറികടന്നു. അർധ സെഞ്ച്വറി നേടി പുറത്താവാതെ നിന്ന വിരാട് കോഹ്ലിയാണ് കളിയിലെ താരം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് താരതമ്യേന കുറഞ്ഞ വിജയലക്ഷ്യമാണ് ബെംഗളൂരുവിന് നൽകിയത്. ഏഴ് പന്തുകൾ ശേഷിക്കെ വിജയലക്ഷ്യം മറികടക്കാൻ റോയൽ ചലഞ്ചേഴ്സിന് കഴിഞ്ഞു. 54 പന്തിൽ 73 റൺസെടുത്ത വിരാട് കോഹ്ലി, 35 പന്തിൽ 61 റൺസെടുത്ത ദേവദത്ത് പടിക്കൽ എന്നിവരുടെ പ്രകടനമാണ് ബെംഗളൂരുവിന് ജയം സമ്മാനിച്ചത്. ആദ്യ ഓവറിൽ തന്നെ ബെംഗളൂരുവിന് ഓപ്പണർ ഫിൽ സാൾട്ടിനെ നഷ്ടമായിരുന്നു. ഒരു റൺസെടുത്ത സാൾട്ടിനെ അർഷദീപ് സിംഗ് ജോഷ് ഇംഗ്ലിസിൻ്റെ കൈകളിലെത്തിച്ചു. രണ്ടാം വിക്കറ്റിൽ വിരാട് - പടിക്കൽ സഖ്യം 103 റൺസാണ് നേടിയത്. ഈ കൂട്ടുക്കെട്ടാണ് ബെംഗളൂരുവിൻ്റെ വിജയത്തിന് സഹായിച്ചതും. സ്കോർ 109ൽ നിൽക്കെ ഹർപ്രീത് ബ്രാർ പടിക്കലിനെ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചു. തുടർന്ന് ക്രീസിലെത്തിയ നായകൻ രജത് പട്ടീദാറിന് (12) തിളങ്ങാനായില്ല. പിന്നീട് വന്ന ജിതേഷ് ശർമയുമായി ചേർന്ന് വിരാട് കോഹ്ലി ടീമിനെ ജയത്തിലേക്ക് എത്തിച്ചു. ജിതേഷ് ശർമ 11 റൺസെടുത്ത് പുറത്താവാതെ നിന്നു. ഏഴ് ഫോറും ഒരു സിക്സും ഉൾപ്പെടെയാണ് കോഹ്ലി 73 റൺസ് നേടിയത്. പഞ്ചാബിന് വേണ്ടി അർഷദീപ് സിംഗ്, യൂസ്വേന്ദ്ര ചഹാൽ, ഹർപ്രീത് ബ്രാർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 157 റൺസെടുത്തത്. 33 റൺസെടുത്ത പ്രഭ്സിമ്രാൻ സിംഗാണ് പഞ്ചാബ് കിങ്സിൻ്റെ ടോപ് സ്കോറർ. ഓപ്പണിങ് കൂട്ടുകെട്ടിൽ പ്രഭ്സിമ്രാനിനോടൊപ്പം യുവതാരം പ്രിയാൻഷ് ആര്യ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. 22 റൺസെടുത്ത പ്രിയാൻഷിനെ ക്രുനാൽ പാണ്ഡ്യ, ടിം ഡേവിഡിന്റെ കൈകളിലെത്തിച്ചു. വൈകാതെ പ്രഭ്സിമ്രാനെയും ക്രുനാൽ പാണ്ഡ്യ പുറത്താക്കി. നായകൻ ശ്രേയസ് അയ്യർക്ക് ഇന്ന് തിളങ്ങാനായില്ല. ആറ് റൺസെടുത്ത ശ്രേയസിൻ്റെ വിക്കറ്റ് റോമാരിയോ ഷെപ്പേർട്ട് നേടി. അഞ്ച് റൺസെടുത്ത നേഹാൽ വദേര കൂടി റൺഔട്ടായതോടെ പഞ്ചാബിന് 76 റൺസിനിടെ നാല് വിക്കറ്റ് നഷ്ടമായി. 29 റൺസെടുത്ത ജോഷ് ഇംഗ്ലിസ്, 31 റൺസെടുത്ത ശശാങ്ക് സിംഗ്, 25 റൺസുമായി മാർക്കോ ജാൻസൻ എന്നിവരുടെ ഭേദപ്പെട്ട പ്രകടനമാണ് പഞ്ചാബിന് 157 റൺസ് സമ്മാനിച്ചത്. ഓസീസ് താരം മാർക്കസ് സ്റ്റോയിനിസിന് (ഒന്ന്) ഇന്ന് തിളങ്ങാനായില്ല. ബെംഗളൂരുവിന് വേണ്ടി ക്രുനാൽ പാണ്ഡ്യയും സുയാഷ് ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഇന്നത്തെ ജയത്തോടെ ബെംഗളൂരു 10 പോയിൻ്റുമായി പഞ്ചാബിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് എത്തി. എട്ട് മത്സരങ്ങളിൽ നിന്ന് 10 പോയിൻ്റുള്ള പഞ്ചാബ് നാലാം സ്ഥാനത്താണ്. ഏപ്രിൽ 24ന് നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ എതിരാളികൾ. അതേസമയം ഏപ്രിൽ 26ന് നടക്കുന്ന പോരാട്ടത്തിൽ പഞ്ചാബ് കിംഗ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









