ബെംഗളൂരു: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഒമ്പത് വിക്കറ്റിൻ്റെ ആധികാരിക ജയം. രാജസ്ഥാൻ ഉയർത്തിയ 174 റൺസിൻ്റെ വിജയലക്ഷ്യം 17.3 ഓവറിൽ ബെംഗളൂരു മറികടന്നു. സീസണിലെ ആർസിബിയുടെ നാലാമത്തെ ജയമാണിത്. 65 റൺസെടുത്ത ഫിൽ സാൾട്ടിൻ്റെയും 62 റൺസെടുത്ത വിരാട് കോഹ്ലിയുടെയും ഇന്നിങ്സാണ് ബെംഗളൂരുവിൻ്റെ ജയം എളുപ്പമാക്കിയത്. ദേവദത്ത് പടിക്കൽ 40 റൺസെടുത്ത് പുറത്താവാതെ നിന്നു.
174 റൺസിൻ്റെ ഭേദപ്പെട്ട വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂരുവിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ ഫിൽ സാൾട്ടും വിരാട് കോഹ്ലിയും നൽകിയത്. ആദ്യ വിക്കറ്റിൽ 92 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. 28 പന്തിൽ നിന്നാണ് സാൾട്ട് അർധ സെഞ്ച്വറി നേടിയത്. 33 പന്തിൽ അഞ്ച് ഫോറും ആറ് സിക്സും ഉൾപ്പെടെ 65 റൺസ് തികച്ച സാൾട്ടിനെ കുമാർ കാർത്തികേയ ജയ്സ്വാളിന്റെ കൈകളിലെത്തിച്ചു. മറുവശത്ത് നിലയുറപ്പിച്ച കോഹ്ലി 39 പന്തിൽ അർധ സെഞ്ച്വറി തികച്ചു. ഈ സീസണിലെ താരത്തിൻ്റെ മൂന്നാമത്തെ അർധ സെഞ്ച്വറിയാണിത്. ഇന്നത്തെ പ്രകടനത്തോടെ ടി-20ൽ 100 അർധ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് വിരാട് കോഹ്ലി സ്വന്തം പേരിലാക്കി. ഡേവിഡ് വാർണറിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ബാറ്റ്സ്മാൻ കൂടിയാണ് കോഹ്ലി. രണ്ടാം വിക്കറ്റിൽ വിരാട് കോഹ്ലി - ദേവദത്ത് പടിക്കൽ സഖ്യം 83 റൺസ് കൂടി നേടിയതോടെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ജയത്തിലേക്ക് എത്തി. 28 പന്തിൽ നിന്ന് 40 റൺസാണ് പടിക്കൽ സ്വന്തമാക്കിയത്.
Also Read: ISL 2025: ഐഎസ്എൽ കിരീടം സ്വന്തമാക്കി മോഹൻ ബഗാൻ; ബെംഗളൂരു എഫ്‌സിയെ തോൽപ്പിച്ചു
മറുവശത്ത് ഈ സീസണിൽ മോശം പ്രകടനം തുടരുന്ന രാജസ്ഥാൻ റോയൽസ് നാലാം തോൽവിയാണ് ഇന്ന് ഏറ്റുവാങ്ങിയത്. വിരാട് കോഹ്ലിയുടെയും ഫിൽ സാൾട്ടിൻ്റെയും ക്യാച്ചുകൾ പലക്കുറി കൈവിട്ട രാജസ്ഥാൻ്റെ ഫീൽഡർമാരും ബെംഗളൂരുവിൻ്റെ ജയത്തിന് സഹായിച്ചു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി ഓപ്പണർ യശ്വവി ജെയ്സ്വാൾ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും കാര്യമുണ്ടായില്ല. 47 പന്തിൽ 75 റൺസാണ് ജെയ്സ്വാൾ നേടിയത്. 15 റൺസെടുത്ത നായകൻ സഞ്ജു സാംസൺ ഇന്ന് മോശം പ്രകടനമാണ് പുറത്തെടുത്തത്. 30 റൺസെടുത്ത റിയാൻ പരാഗും 35 റൺസെടുത്ത് പുറത്താവാതെ നിന്ന ധ്രുവ് ജൂറലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ബെംഗളൂരുവിന് വേണ്ടി ഭുവനേശ്വർ കുമാർ, യഷ് ദയാൽ, ഹേസൽവുഡ്, ക്രുനാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ന് തോറ്റെങ്കിലും പോയിൻ്റ് പട്ടികയിൽ രാജസ്ഥാൻ റോയൽസ് ആറാം സ്ഥാനത്ത് തുടരുകയാണ്. ആറ് മത്സരങ്ങളിൽ രണ്ട് ജയവും നാല് തോൽവിയും ഉൾപ്പെടെ നാല് പോയിൻ്റ് മാത്രമാണ് രാജസ്ഥാൻ്റെ നേട്ടം. പ്ലേഓഫ് സാധ്യതകൾ നിലനിർത്താൻ രാജസ്ഥാന് ഇനിയുള്ള മത്സരങ്ങളിൽ ജയം ഉറപ്പിക്കേണ്ടത് അനിവാര്യമാണ്. ഇന്നത്തെ ജയത്തോടെ ആർസിബി മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ആറ് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റാണ് ആർസിബി നേടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









