സന്തോഷ് ട്രോഫി; നിലവിലെ ചാമ്പ്യന്‍മാരായ കേരളം പുറത്ത്!!

വികാസ് ഥാപ്പയാണ് ഗോള്‍ സ്‌കോറര്‍. 

Updated: Feb 8, 2019, 06:11 PM IST
 സന്തോഷ് ട്രോഫി; നിലവിലെ ചാമ്പ്യന്‍മാരായ കേരളം പുറത്ത്!!

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ യോഗ്യതാ റൗണ്ട് കടക്കാതെ നിലവിലെ ചാമ്പ്യന്മാരായ കേരളം പുറത്തായി. 

യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍  എതിരില്ലാത്ത ഒരു ഗോളിന് സര്‍വീസസിനോട് പരാജയപ്പെട്ടാണ് കേരളം പുറത്തായത്.മത്സരത്തിന്‍റെ 63-ാം മിനിറ്റിലാണ് സര്‍വീസസിന്‍റെ വിജയഗോള്‍ പിറന്നത്. വികാസ് ഥാപ്പയാണ് ഗോള്‍ സ്‌കോറര്‍. 

അഞ്ച് മിനിറ്റിനുള്ളില്‍ പ്രതിരോധ താരം അലക്‌സ് സാജി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും കേരളത്തിന് തിരിച്ചടിയായി. ഇതോടെ കേരളം പത്ത്  പേരിലേക്ക് ചുരുങ്ങി.

വിജയത്തോടെ സര്‍വീസസ് ഫൈനല്‍ റൗണ്ടിലെത്തി. ഗ്രൂപ്പ് ബിയില്‍ നിന്ന് ആറു പോയന്‍റോടെ ഒന്നാം സ്ഥാനക്കാരായാണ് സര്‍വീസസിന്‍റെ ഫൈനല്‍ പ്രവേശം. രണ്ടാമതുള്ള തെലങ്കാനയ്ക്ക് അഞ്ച് പോയിന്‍റുണ്ട്.

ടൂര്‍ണമെന്‍റിലുടനീളം ഒരുഗോളുപോലും കണ്ടെത്താനാവാതെ രണ്ട് പോയിന്‍റ് മാത്രമായാണ് കേരളം മടങ്ങുന്നത്.  

രാവിലെ നടന്ന തെലങ്കാനപുതുച്ചേരി മല്‍സരം സമനിലയില്‍ കലാശിച്ചിരുന്നു. ഇതോടെ രണ്ടു ഗോള്‍ വ്യത്യാസത്തില്‍ ജയിച്ചാല്‍ കേരളത്തിന് ടൂര്‍ണമെന്‍റില്‍ മുന്നേറാമെന്ന പ്രതീക്ഷയിലായിരുന്നു കേരളം നിര്‍ണായക മല്‍സരത്തിന് ഇറങ്ങിയത്.