ആസിഫ് അലിയുടെ മകളെ 'തീവ്രവാദി'യെന്ന് വിളിച്ച യുവാവിനെതിരെ സൈബര്‍ പ്രതിഷേധം!!

ഒരു പിഞ്ചു കുഞ്ഞിനെ കുറിച്ച് ഇങ്ങനെ പറയാന്‍ എങ്ങനെ തോന്നുന്നു

Updated: May 22, 2019, 04:04 PM IST
ആസിഫ് അലിയുടെ മകളെ 'തീവ്രവാദി'യെന്ന് വിളിച്ച യുവാവിനെതിരെ സൈബര്‍ പ്രതിഷേധം!!

ഇസ്ലാമാബാദ്: ക്യാന്‍സര്‍ ചികിത്സയിലിരിക്കെ മരിച്ച പാക്‌ ക്രിക്കറ്റ് താരം ആസിഫ് അലിയുടെ മകളെ അധിക്ഷേപിച്ച യുവാവിനെതിരെ സൈബര്‍ പ്രതിഷേധം.

'അഭിനന്ദനങ്ങള്‍, ലോകത്തിന് ഒരു തീവ്രവാദി കുറഞ്ഞു കിട്ടി' എന്നായിരുന്നു അക്ഷയ് വൈഷ്ണവ് എന്ന യുവാവിന്‍റെ ട്വീറ്റ്.

മരിച്ച പെണ്‍കുട്ടിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിരവധി പേര്‍ ട്വീറ്റ് ചെയ്യുന്നതിനിടെയാണ് ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമായ അക്ഷയുടെ ട്വീറ്റ് ശ്രദ്ധിക്കപ്പെട്ടത്. 

ഇതേ തുടര്‍ന്ന്, നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ ട്വീറ്റിനെതിരെ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയത്. മരിച്ചു പോയ രണ്ടുവയസ്സുകാരിയെ തീവ്രവാദിയെന്ന് വിളിക്കുന്നത് എത്ര നീചമാണെന്നാണ് പലര്‍ക്കും ചോദിക്കാനുള്ളത്. 

ഒരു പിഞ്ചു കുഞ്ഞിനെ കുറിച്ച് ഇങ്ങനെ പറയാന്‍ എങ്ങനെ തോന്നുന്നുവെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. അമേരിക്കയിലെ ആശുപത്രിയില്‍ വച്ചായിരുന്നു രണ്ട് വയസുകാരിയായ നൂര്‍ ഫാത്തിമയുടെ മരണം. 

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ആസിഫ് കളിക്കുന്ന ഇസ്ലാമാബാദ് യുണൈറ്റഡാണ് നൂറിന്‍റെ മരണം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്. മകള്‍ മരിച്ചതിനെ തുടര്‍ന്ന്‍ ഇംഗ്ലണ്ട് പര്യടനം ഉപേക്ഷിച്ച് ആസിഫ് നാട്ടിലേക്ക് മടങ്ങിയിരുന്നു. 

വിദഗ്ദ്ധ ചികിത്സക്കായി മകളെ അമേരിക്കയിലേക്ക് മാറ്റുകയാണെന്ന് അസിഫ് അവസാനമായി ട്വീറ്റ് ചെയ്തിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ മകള്‍ക്കുള്ള വിസ അനുവദിച്ച യു.എസ് അതോറിറ്റികളോടും സുഹൃത്തുക്കളോടും ആസിഫ് നന്ദി രേഖപ്പെടുത്തിയിരുന്നു. 

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്‍റെ നാലാം സീസണിനിടെയാണ് മകള്‍ക്ക് സ്റ്റേജ് ഫോര്‍ ക്യാന്‍സറാണെന്ന് ആസിഫ് സ്ഥിരീകരിച്ചത്.