"കാവി ജേഴ്സി ഇന്ത്യയുടെ വിജയ തുടര്‍ച്ച ഇല്ലാതാക്കി...." മെഹബൂബ; വിമര്‍ശിച്ച് ബിജെപി

ജേഴ്സിയുടെ നിറം മാറ്റം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ വിജയ തുടര്‍ച്ച ഇല്ലാതാക്കിയെന്ന വിമര്‍ശനവുമായി ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ട്വിറ്ററിലൂടെയാണ് മെഹബൂബ വിമര്‍ശനമുന്നയിച്ചത്.

Last Updated : Jul 1, 2019, 01:22 PM IST
"കാവി ജേഴ്സി ഇന്ത്യയുടെ വിജയ തുടര്‍ച്ച ഇല്ലാതാക്കി...." മെഹബൂബ; വിമര്‍ശിച്ച് ബിജെപി

ന്യൂഡല്‍ഹി: ജേഴ്സിയുടെ നിറം മാറ്റം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ വിജയ തുടര്‍ച്ച ഇല്ലാതാക്കിയെന്ന വിമര്‍ശനവുമായി ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ട്വിറ്ററിലൂടെയാണ് മെഹബൂബ വിമര്‍ശനമുന്നയിച്ചത്.

'എന്നെ അന്ധവിശ്വാസിയെന്ന് വിളിച്ചോളൂ, പക്ഷേ ഇന്ത്യയുടെ വിജയതേരോട്ടം പുതിയ ജേഴ്സി ഇല്ലാതാക്കി', മെഹബൂബ ട്വീറ്റ് ചെയ്തു.

ലോകകപ്പിലെ ഇന്ത്യ - ഇംഗ്ലണ്ട് മത്സരത്തിലാണ് ഇന്ത്യന്‍ ടീം പുതിയ ജേഴ്സിയണിഞ്ഞത്. ഇതുവരെ നടന്ന 7 മത്സരങ്ങളില്‍ 6 എണ്ണത്തിലും ഇന്ത്യ നീല ജേഴ്സിയായിരുന്നു ധരിച്ചിരുന്നത്. ഒരു കളി മഴ മുടക്കിയതൊഴിച്ചാല്‍ എല്ലാ മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു.

ലോകകപ്പ് കളിക്കുന്ന 10 രാജ്യങ്ങളില്‍ 8 ടീമുകള്‍ക്കും എവേ കിറ്റുകളുണ്ട്. ഐസിസി നിയമം കൊണ്ടുവന്നതോടെയാണ് എവേ ജേഴ്‌സി നിര്‍ബന്ധമാക്കിയത്. എന്നാല്‍, എവേ ജേഴ്‌സിയുടെ നിറം വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ക്രിക്കറ്റിലും കാവിവത്കരണമെന്ന ആരോപണവും ഉയര്‍ന്നിരുന്നു. 

ഇംഗ്ലണ്ടിനും ഇന്ത്യക്കും നീല ജേഴ്‌സി ആയതിനാലാണ് ഞായാറാഴ്ച്ച നടന്ന മത്സരത്തില്‍ ഇന്ത്യയ്ക്ക് എവേ ജേഴ്‌സി അണിയേണ്ടി വന്നത്.

ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഓറഞ്ച് ജേഴ്സിയില്‍ ഇറങ്ങിയ ഇന്ത്യ 31 റണ്‍സിന് പരാജയപ്പെട്ടു. ലോകകപ്പില്‍ പരാജയമറിയാതെ മുന്നേറിയിരുന്ന ഇന്ത്യയ്ക്ക് ഇന്നലെ ആദ്യമായി കാലിടറിയപ്പോള്‍ പുതിയ ജേഴ്സിയും കാരണമായതായി വിമര്‍ശനമുയര്‍ന്നു.

അതേസമയം, വിജയം അനിവാര്യമായിരുന്ന ഇന്നലത്തെ മത്സരത്തില്‍ മികച്ച പ്രകടനമാണ് ഇംഗ്ലണ്ട് കാഴ്ചവച്ചത്. മത്സരത്തില്‍ വെറും 31 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്.  

എന്നാല്‍, മെഹബൂബയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ജമ്മു-കശ്മീർ ഭാരതീയ ജനതാ പാർട്ടി (ബിജെപി) മേധാവി രവീന്ദർ റെയ്‌ന രംഗത്തെത്തി. മെഹബൂബയുടെ ഹൃദയം പാക്കിസ്ഥാന് വേണ്ടിയാണ് മിടിക്കുന്നതെന്നും അതുകൊണ്ടാണ് ടീം ഇന്ത്യയുടെ പരാജയം ജേഴ്സി മൂലമാണെന്ന് അവര്‍ക്ക് തോന്നിയതെന്നും രവീന്ദർ റെയ്‌ന പറഞ്ഞു.

 

Trending News