ട്രാക്കിൽ നിന്ന് വിജയത്തോടെ മടങ്ങാൻ മോ ഫറാ, അവസാന മത്സരത്തിനായി നാളെ സ്വന്തം മണ്ണിൽ

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ബ്രിട്ടന്‍റെ ദീർഘദൂര ഓട്ടക്കാരൻ മോ ഫറാ ഞായറാഴ്ച അവസാന മത്സരത്തിന് ഇറങ്ങും. ബർമിംഗ്ഹാമിൽ നടക്കുന്ന ഡയമണ്ട് ലീഗിൽ 3000 മീറ്റർ ഓട്ടത്തിനാണ് മോ ഫറാ ട്രാക്കിലിറങ്ങുക. 

Last Updated : Aug 19, 2017, 03:16 PM IST
ട്രാക്കിൽ നിന്ന് വിജയത്തോടെ മടങ്ങാൻ മോ ഫറാ, അവസാന മത്സരത്തിനായി നാളെ സ്വന്തം മണ്ണിൽ

ലണ്ടൻ: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ബ്രിട്ടന്‍റെ ദീർഘദൂര ഓട്ടക്കാരൻ മോ ഫറാ ഞായറാഴ്ച അവസാന മത്സരത്തിന് ഇറങ്ങും. ബർമിംഗ്ഹാമിൽ നടക്കുന്ന ഡയമണ്ട് ലീഗിൽ 3000 മീറ്റർ ഓട്ടത്തിനാണ് മോ ഫറാ ട്രാക്കിലിറങ്ങുക. 

ട്രാക്കിൽ നിന്ന് സുവർണ നേട്ടത്തോടെ മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്ന് മോ ഫറാ പറഞ്ഞു. 'മത്സരം വൈകാരിമാകും. എങ്കിലും എല്ലാ പ്രവർത്തികൾക്കും ഒരു അവസാനമുണ്ടാകുമല്ലോ,' മോ ഫറാ പ്രതികരിച്ചു. 

ലണ്ടനിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്‍റെ ട്രാക്കിൽ കണ്ണീരോടെ നിന്ന മോ ഫറായെ ആരാധകർ മറക്കാനിടയില്ല. മൂന്നു ലോക ചാമ്പ്യൻഷിപ്പുകളിൽ ദീർഘദൂര ഡബിൾ തികക്കുകയെന്ന ഫറായുടെ സ്വപ്നമാണ് ലണ്ടനിൽ പൊലിഞ്ഞത്. കഴിഞ്ഞ രണ്ടു ചാമ്പ്യൻഷിപ്പുകളിലും (മോസ്‌കോ-2013 , ബെയ്ജിങ്-2015) ഫറാ ദീർഘദൂര ഡബിൾ നേടിയിരുന്നു.

ആരാധകരെ നിരാശരാക്കാതെ വിജയത്തോടെ ട്രാക്കിനോട് വിട പറയാനുള്ള ഒരുക്കത്തിലാണ് മോ ഫറാ. ഫോമിലാണെന്നും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സോമാലിയയിൽ നിന്ന് ബ്രിട്ടണിലേക്ക് കുടിയേറിയ മോ ഫറാ ലോകം കണ്ട മികച്ച ദീർഘദൂര ഓട്ടക്കാരിൽ ഒരാളാണ്. ഈ ഇനത്തിൽ ഉണ്ടായിരുന്ന കെനിയൻ/ എത്യോപ്യൻ ആധിപത്യം ഫറാ ചരിത്രമാക്കി. പ്രതിബന്ധങ്ങളെ തകർത്തു മുന്നേറിയ ചരിത്രമുള്ള ഫറായിൽ നിന്ന് കാണികളും പ്രതീക്ഷിക്കുന്നത് വിജയം മാത്രം. പ്രിയപ്പെട്ട താരത്തിന്‍റെ അവസാന മത്സരം അവിസ്മരണീയമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്രിട്ടീഷ് അത്‌ലറ്റിക്സ്  ഫെഡറേഷൻ. 

Trending News