ചെന്നൈ: ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ആരാധക മനസ് കീഴടക്കിയിരിക്കുകയാണ് മലയാളി താരം വിഘ്നേഷ് പുത്തൂർ. മുംബൈ ഇന്ത്യൻസ് ടീമിന്റെ ഇംപാക്ട് പ്ലെയറായി എത്തിയ വിഘ്നേഷ് ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചാ വിഷയമായിക്കൊണ്ടിരിക്കുന്നത്. രോഹിത് ശർമ്മയ്ക്ക പകരം ഇംപാക്ട് പ്ലെയറായാണ് വിഘ്നേഷ് കളത്തിലിറങ്ങിയത്. എന്നാൽ ആദ്യ മൂന്ന് ഓവറിൽ തന്നെ തന്റെ ഇംപാക്ട് എന്താണെന്ന് വിഘ്നേഷ് തെളിയിച്ചു.
ചെന്നൈ സൂപ്പർ കിങ്സിന്റെ 3 വലിയ വിക്കറ്റുകളാണ് വിഘ്നേഷ് വീഴ്ത്തിയത്. ആദ്യം ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിനെ വീഴ്ത്തി. രണ്ടാം ഓവറിൽ ശിവം ദുബെയെയും പിന്നാലെ ദീപക് ഹൂഡയെയും വിഘ്നേഷ് മടക്കി അയച്ചു. ഇതോടെ ഇടംകയ്യൻ സ്പിന്നറായ വിഘ്നേഷ് ആരാധകരുടെ മനസ് കീഴടക്കി. അരങ്ങേറ്റ മത്സരത്തിൽ തന്നെ വലിയ നേട്ടമാണ് ഈ 24കാരൻ സ്വന്തമാക്കിയത്. ധോണി ഉൾപ്പെടെ വിഘ്നേഷിനെ അഭിനന്ദിച്ചു.
Also Read: IPL 2025: മലയാളി താരം വിഘ്നേഷ് പുത്തൂരിനെ പ്രശംസിച്ച് ധോണി, Video കാണാം
4 ഓവറിൽ 32 റൺസ് വഴങ്ങിയ വിഘ്നേഷ് ആദ്യ മൂന്ന് ഓവറിൽ 17 റൺസ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് നേടിയത്. വിഘ്നേഷിന്റെ അവസാന ഓവറിൽ രചിൻ രവീന്ദ്ര രണ്ടു സിക്സുകൾ ഉൾപ്പെടെ 15 റൺസ് അടിച്ചതോടെയാണ് 32 റൺസ് വഴങ്ങേണ്ടി വന്നത്. മത്സരത്തിൽ ചെന്നൈ വിജയിച്ചെങ്കിലും ശ്രദ്ധയാകർഷിച്ചത് വിഘ്നേഷ് ആയിരുന്നു.
ആരാണ് വിഘ്നേഷ് പുത്തൂർ?
മലപ്പുറം സ്വദേശിയായ വിഘ്‌നേഷ് പുത്തൂർ വളരെ സാധാരണ ഒരു കുടുംബത്തിൽ നിന്നാണ് ക്രിക്കറ്റിലേക്ക് എത്തുന്നത്. ഓട്ടോറിക്ഷാ ഡ്രൈവറാണ് വിഘ്നേഷിന്റെ അച്ഛൻ. അമ്മ വീട്ടമ്മയും. ഐപിഎൽ ലേലത്തിൽ 30 ലക്ഷം രൂപയ്ക്കാണ് വിഘ്നേഷിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. സംസ്ഥാന സീനിയര്‍ ടീമിന് വേണ്ടി പോലും വിഘ്നേഷ് ഇതുവരെ മത്സരിച്ചിട്ടില്ല. അണ്ടര്‍-14 , അണ്ടര്‍-19 മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനുവേണ്ടി മികച്ച പ്രകടമാണ് വിഘ്‌നേഷ് കാഴ്ചവെച്ചത്. ഈ പ്രകടനം തന്നെയാണ് മുംബൈ ഇന്ത്യൻസിലേക്ക് വിഘ്നേഷിനെ എത്തിച്ചതും. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലും വിഘ്‌നേഷ് കഴിവ് തെളിയിച്ചിരുന്നു. തൃശൂർ സെന്റ് തോമസ് കോളജ് വിദ്യാർഥിയാണ് വിഘ്നേഷ്. കോളേജ് തല ക്രിക്കറ്റിൽ മീഡിയം പേസറായി തുടക്കം കുറിച്ച അദ്ദേഹം പിന്നീട് കരിയറിൽ സ്പിൻ ബൗളിംഗിലേക്ക് മാറുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.