ഇസ്ലാമാബാദ്: ഒട്ടേറെ മികച്ച കളിക്കാരെകൊണ്ട് ശ്രദ്ധേയരാണ് പാക്കിസ്ഥാനും. എങ്കിലും പല പാക്ക് താരങ്ങളും മാതൃകയാക്കാറുള്ളത് ഇന്ത്യന്‍ താരങ്ങളെയാണെന്നത് ഒരു നഗ്നസത്യമാണ്. പലരും അത് തുറന്നു പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ മുന്‍ പാക്കിസ്ഥാന് വനിതാ ക്രിക്കറ്റ് താരം സന മിര്‍ തനിക്ക് ഇന്ത്യന്‍ താരത്തോടുള്ള ആരാധനയും തുറന്നു പറയുന്നു. സനയുടെ ഇഷ്ട ക്രിക്കറ്റ് താരം മറ്റാരുമല്ല നമ്മുടെ ക്യാപ്റ്റന്‍ കൂള്‍ ധോണിയാണ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായ എംഎസ് ധോണിയാണ് സനയുടെ ഇഷ്ട ക്രിക്കറ്റ് താരം.
ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവെ മുന്‍ പാക്ക് താരം ഇമ്രാന് ഖാനെക്കുറിച്ചും താരം വാചാലയായി. ഐസിസിയുടെ മികച്ച വനിതാ ബൗളര്‍മാരില്‍ ഒന്നാം റാങ്കിലാണ് ഇപ്പോള്‍ ഈ പാക്ക് സ്പിന്നര്‍. ധോണി തന്റെ ഇഷ്ടതാരമാണെന്ന് സന തുറന്നു പറഞ്ഞു.
2005ല്‍ പാക്കിസ്ഥാനുവേണ്ടി അരങ്ങേറിയ താരം 112 ഏകദിന മത്സരങ്ങളില്‍നിന്നും 90 ടി20 മത്സരങ്ങളില്‍നിന്നുമായി ആകെ 212 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 1558 റണ്‍സും ടി20യില്‍ 757 റണ്‍സും താരം സ്വന്തമാക്കി.
അടുത്തിടെ ഓസ്ട്രേലിയയില്‍ നടന്ന ഐസിസി വുമണ്‍ ചാമ്പ്യന്‍ഷിപ്പ് സീരീസില്‍ കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഈ മുപ്പത്തിരണ്ടുകാരിയെ ലോക ഒന്നാം നമ്പറാക്കിയത്.