കിവീസിന് ആദ്യ തോല്‍വി സമ്മാനിച്ച് പാക്‌!!

പാക് ബോളർമാരുടെ മുന്നിൽ തുടക്കത്തിൽ വിയർത്ത കിവീസ് 83ന് അഞ്ച് എന്ന നിലയിൽ നിന്ന് പിന്നീട് കരകയറി.

Last Updated : Jun 27, 2019, 10:05 AM IST
കിവീസിന് ആദ്യ തോല്‍വി സമ്മാനിച്ച് പാക്‌!!

ബിര്‍മിംഗ്ഹാ൦: പന്ത്രണ്ടാം ലോകകപ്പില്‍ ന്യൂസ്‌ലാന്‍ഡിന് ആദ്യ തോല്‍വി സമ്മാനിച്ച് പാക്കിസ്ഥാന്‍. ബിര്‍മിംഗ്ഹാമില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് കിവീസ് പാക്കിസ്ഥാനോട് പരാജയപ്പെട്ടത്. 

ടോസ് നേടി ബാറ്റി൦ഗിനിറങ്ങിയ ന്യൂസ്‌ലാന്‍ഡ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 49.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 

ഷഹീൻ അഫ്രീദിയും മുഹമ്മദ് ആമിറും ചേർന്ന് ആക്രമിച്ചതോടെ ന്യൂസ്‌ലാന്‍ഡിന്‍റെ മുൻനിര ബാറ്റ്സ്മാൻമാർ കൂടാരം കയറുകയായിരുന്നു. 

പാക് ബോളർമാരുടെ മുന്നിൽ തുടക്കത്തിൽ വിയർത്ത കിവീസ് 83ന് അഞ്ച് എന്ന നിലയിൽ നിന്ന് പിന്നീട് കരകയറി. നീഷാമും ഗ്രാന്ദ്ഹോമും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 132 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയത് കിവീസിന് ആശ്വാസമായി.

എന്നാല്‍, 71 പന്തില്‍ ആറു ഫോറും ഒരു സിക്‌സും അടിച്ച ഗ്രാന്ദ്‌ഹോം റണ്‍ ഔട്ടാകുകയായിരുന്നു. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (5), കോളിന്‍ മണ്‍റോ (12), ടോം ലാഥം (1), റോസ് ടെയ്‌ലര്‍ (3) എന്നിവരാണ് മടങ്ങിയ മറ്റ് താരങ്ങള്‍. 

വില്യംസണ്‍ (41)- നീഷാം സഖ്യം കിവീസിനെ രക്ഷപ്പെടുത്തുമെന്ന് കരുതിയെങ്കിലും ഷദാബ് ഖാന്‍ ബ്രേക്ക് ത്രൂ നല്‍കി. ഷദാബിന്‍റെ പന്തില്‍ വില്യംസണ്‍ സര്‍ഫറാസ് ഖാന് ക്യാച്ച് നല്‍കി മടങ്ങി.

പാക്കിസ്ഥാന് വേണ്ടി സെഞ്ചുറി ഇന്നി൦ഗ്സുമായി ബാബര്‍ അസം മുന്നില്‍ നിന്നപ്പോള്‍ അര്‍ധ സെഞ്ചുറിയുമായി ഹാരിസ് സുഹൈല്‍ പിന്തുണ നല്‍കി. 

നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 126 റണ്‍സ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 127 പന്തില്‍ 101 റണ്‍സുമായി ബാബര്‍ അസം പുറത്താകാതെ നിന്നപ്പോള്‍ 76 പന്തില്‍ ഹാരിസ് സുഹൈല്‍ 68 റണ്‍സ് നേടി.

ക്യാപ്റ്റൻ സർഫറാസ് അഹമ്മദ് വിജയ റൺ നേടുമ്പോൾ 127 പന്തിൽ നിന്ന് 101 റൺസുമായി പുറത്താവാതെ നിന്നു. പാക്കിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി മൂന്നു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ആമിര്‍, ഷദാബ് ഖാന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. 

More Stories

Trending News