ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പാക്

സംഭവത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിയാണ് ഐസിസിയ്ക്ക് കത്തയച്ചത്. 

Updated: Mar 10, 2019, 02:28 PM IST
ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പാക്

ന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിന മല്‍സരത്തില്‍ പട്ടാളത്തൊപ്പി ധരിച്ചെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാന്‍. 

കൊഹ്‌ലിയുടെ നേതൃത്വത്തിലുള്ള സംഘം മത്സരത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് ഐസിസിയോട് പാക്കിസ്ഥാന്‍ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. 

സംഭവത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിയാണ് ഐസിസിയ്ക്ക് കത്തയച്ചത്. 

ടീമിന്‍റെ തൊപ്പി ധരിക്കാതെ ഇന്ത്യന്‍ ടീം പട്ടാള തൊപ്പി ധരിച്ചെത്തിയത് ഐസിസിയുടെ ശ്രദ്ധയില്‍പ്പെട്ടില്ലേയെന്ന് ചോദിച്ച ഖുറേഷി, പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെടാതെ തന്നെ സംഭവത്തില്‍ നടപടിയെടുക്കേണ്ടത് ഐസിസിയുടെ ഉത്തരവാദിത്തമാണെന്നും മാധ്യമങ്ങളോട് പറഞ്ഞു. 

പട്ടാളത്തൊപ്പി ധരിച്ചെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പാക് വാര്‍ത്താ വിനിമയ മന്ത്രി ഫവദ് ചൗധരി നേരത്തെ രംഗത്തെത്തിയിരുന്നു.

''ഇത് വെറും ക്രിക്കറ്റല്ല'', മാന്യന്മാരുടെ കളി രാഷ്ട്രീയവത്കരിച്ചവര്‍ക്കെതിരെ ഐസിസി നടപടിയെടുക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇത് നിര്‍ത്തിയില്ലെങ്കില്‍ കാശ്മീരിലെ ഇന്ത്യന്‍ ക്രൂരതകള്‍ വിളിച്ചോതി പാക് ടീം കറുത്ത ബാന്‍ഡ് ധരിക്കും. ഔപചാരിക പ്രതിഷേധത്തിന് #PCBയോട് ആവശ്യപ്പെടുന്നു'- ഫവദ് കുറിച്ചു

ഫെബ്രുവരി 14ന് പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരോടുള്ള ആദര സൂചകമായാണ് താരങ്ങള്‍ പട്ടാള തൊപ്പി ധരിച്ച് ഗ്രൗണ്ടിലെത്തിയത്. 

കൂടാതെ, ഈ മാച്ചിന് ലഭിക്കുന്ന പ്രതിഫലം വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്നും താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. 

അതിന്‍റെ ഭാഗമായി കൊഹ്‌ലിയും ഇന്ത്യന്‍ ടീമിലെ 14 താരങ്ങളും ചേര്‍ന്ന് 78 ലക്ഷം രൂപ നാഷണല്‍ ഡിഫന്‍സ് ഫണ്ടിലേക്ക് നല്‍കുകയും ചെയ്തിരുന്നു.

പ്ലേയി൦ഗ് ഇലവനിലെ താരങ്ങളുടെ മാച്ച് ഫീയായി 66 ലക്ഷം രൂപയും, നാല് റിസര്‍വ് താരങ്ങളുടെ ഫീയായി 12 ലക്ഷം രൂപയുമാണ് നാഷണല്‍ ഡിഫന്‍സ് ഫണ്ടിലേക്ക് എത്തുന്നത്.

റാഞ്ചിയില്‍ നടന്ന മൂന്നാം ഏകദിന മത്സരത്തില്‍ 32 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടെങ്കിലും 2-1 എന്ന നിലയില്‍ ഇന്ത്യ ഇപ്പോഴും മുന്നില്‍ തന്നെയാണ്. 

ഹൈദരബാദില്‍ നടന്ന ഒന്നാം മത്സരത്തിലും നാഗ്പൂരില്‍ നടന്ന രണ്ടാം മത്സരത്തില്‍ വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു.  നാലാം മത്സരം മോഹാലിയിലും അഞ്ചാം മത്സരം ഡല്‍ഹിയിലുമാണ് നടക്കുക.