എൺപതുകളിൽ സ്കൂൾ വിദ്യാഭ്യാസം തുടങ്ങിയ മലയാളികൾ പെലെ എന്ന ഫുട്ബോൾ മാന്ത്രികനെ അറിഞ്ഞത് എപ്പോഴാണ്..ഓർത്തെടുക്കൂ..മിക്കവാറും ഓർമ്മ വന്നെക്കും...അല്ലെങ്കിൽ ഈ ചോദ്യം മനസിലേക്ക് ഓടിയെത്തും.ഒറ്റ വാക്കിൽ ഉത്തരമെഴുതുക. എന്താണ് പീലെയുടെ പൂർണ്ണ നാമധേയം. അഞ്ചാം ക്ളാസിലെ രണ്ടാം ടേം മലയാളം പരീക്ഷയിൽ ഉറപ്പായും വന്നിരുന്ന ഈ ചോദ്യം ഓർത്തെടുക്കാനാവുന്നില്ലേ... അതെ മലയാളം പാഠാവലി ക്ളാസ് 5 പാഠപുസ്തകത്തിലെ 54 ആം പേജ് ,പാഠം 15. ഫുട്ബോൾ രംഗത്ത് ഒരത്ഭുതം . 


COMMERCIAL BREAK
SCROLL TO CONTINUE READING

പാഠഭാഗം തുടങ്ങുന്നത് ഇങ്ങനെ:


“കഷ്‌ടിച്ചു, മുപ്പതു വയസ്‌ മാത്രം പ്രായമുള്ളപ്പോൾ ആയിരാമത്തെ ഗോളടിച്ചു ചരിതം സൃഷ്‌ടിച്ച പീലേ എന്ന ലോകപ്രസിദ്ധനായ ഫുട്‌ബോൾ കളിക്കാരനെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ? ലോക ഫുട്‌ബാൾ രംഗത്തെ മഹാദ്‌ഭുതമാണ്‌ അഞ്ചടി എട്ടിഞ്ച്‌ ഉയരവും 140 പൗണ്ട്‌ തൂക്കവുമുള്ള ഈ ലത്തീന്‍ നീഗ്രോ യുവാവ്‌.”


പാടത്തും സ്കൂൾ മൈതാനത്തും വൈകിട്ടും സ്കൂൾ പീരീയഡിലും കാൽപ്പന്ത് തട്ടിക്കളിച്ചിരുന്ന മലയാളി ശൈശവ മനസിന് ലോക ഫുട്ബോൾ മൈതാനങ്ങളും ക്ളബ്ബുകളും പരിചയപ്പെടുത്തിക്കൊടുത്തത് പെലെ എന്ന പീലെയുടെ ഈ ജീവചരിത്ര കുറിപ്പിലൂടെയായിരുന്നു .പീലെ എന്നൊക്കെ ആർക്കെങ്കിലും പേരിടുമോ എന്ന സംശയം അധ്യാപകനോട് ചോദിക്കാതെ മനസിൽ കുറിച്ചിടുമ്പോൾ തന്നെ വരുന്നു അടുത്ത വാചകം .


“പീലേ എന്ന കൊച്ചുപേരില്‍ അറിയപ്പെടുന്ന ഈ അഖില ലോക പ്രശസ്‌തന്റെ  പൂര്‍ണ്ണനാമധേയം അരാന്‍റസ് ഡോ നാസിമെന്‍റോ എന്നാണ്‌. തെക്കേ അമേരിക്കയിലെ (ബസീല്‍ ആണ്‌ പീലേയുടെ ജന്‍മംകൊണ്ട്‌ ധന്യമായ രാജ്യം. ദേശീയ യശഃസ്‌തംഭം എന്ന സ്‌ഥാനം നല്‍കി ആ രാജ്യക്കാര്‍ അഭിമാന ഭാജനമായ പീലേയെ ബഹുമാനിച്ചിരിക്കുന്നു.”


ടെലിവിഷനും ലോകകപ്പ് ഫുട്ബോളും മലയാളിയുടെ വീട്ടുമുറ്റത്തേക്ക് വിരുന്നെത്തുന്നതിന് മുൻപേ അങ്ങനെ ബ്രസീൽ എന്ന പേരും ആദ്യമായി കേട്ടു. പീലെയുടെ മികവിൽ ബ്രസീൽ മൂന്ന് തവണ ലോകകപ്പ് നേടിയതും അറിഞ്ഞു. മലയാള പുസ്തകത്തിലെ കറുത്ത അക്ഷരങ്ങളിൽ പെലെയുടെ ആയിരാമത്തെ ഗോൾ മിന്നൽ വേഗത്തിൽ മനസിലൂടെ പാഞ്ഞു.


“1969-ലാണ് പീലേ ആയിരം ഗോളുകൾ പൂര്‍ത്തിയാക്കിയത്‌. ആ സന്ദര്‍ഭത്തില്‍ ബഹുമാനസൂചകമായി പെട്ടെന്നു കളി നിറുത്തിവയ്‌ക്കുകയും അറുപത്തയ്യായിരത്തോളം വരുന്ന പ്രേക്ഷകര്‍ 'പീലേ, പീലേ, പീലേ' എന്നാര്‍ത്തുവിളിച്ചുകൊണ്ട്‌ മദോന്‍മത്തരായി ഗ്രൗണ്ടിൽ ഇറങ്ങിച്ചെന്ന്‌ പീലേയെ പൊതിയുകയും ചെയ്‌തു.(ബസീല്‍ നിവാസികളുടെ കണ്ണിലുണ്ണിയായ വില്‍സന്‍ സി മോനന്‍ എന്ന ഗായകന്‍ (പത്യേക മായി തയ്യാറാക്കിയ വിജയഗാനം ആലപിച്ച്‌ പീലേയെ അനു മോദിച്ചു .”


പീലെ എന്ന നാമധേയം ആരാധനാപാത്രമായി മാറാൻ ഈ വാചകങ്ങൾ ധാരാളം .  ഡ്രിൽ പീരിയഡിൽ ഒട്ടുപന്തുമായി കാൽപ്പന്തു കളിക്കാനുള്ള ആവേശം ഇരട്ടിയാക്കുന്ന വാചകങ്ങൾ. കളിക്കിടെ മനോഹരമായി പന്ത് പാസ് ചെയ്ത് നൽകുന്ന മിടുക്കന് പീലെ എന്ന ഇരട്ടപ്പേര് സ്വന്തമായില്ലെങ്കിലേ അത്ഭുതമുള്ളൂ. ഫുട്ബോൾ കളിക്കളത്തിലെ മാന്ത്രികനാണ് ഇയാളെന്ന് കുഞ്ഞുമനസിൽ കുറിച്ചിടുന്നതായിരുന്നു തുടർന്നുള്ള വാചകങ്ങളും .


“കാന്തശക്തിയാലെന്ന പോലെ പന്ത്‌ ഒട്ടിപ്പിടിച്ചിരിക്കുകയാണ് ആ കാലുകളില്‍ . ഗോൾവലയത്തിലേക്ക്‌ ആഞ്ഞടിക്കുമ്പോഴും കൂട്ടുകളിക്കാർക്ക് പന്ത്‌ എത്തിച്ചുകൊടുക്കുമ്പോഴുമെല്ലാം അളന്നുകുറിച്ചു തിട്ടപ്പെടുത്തിയത് പോലെയായിരിക്കും കൃത്യം നിര്‍വഹിക്കുക. എതിരാളികൾക്ക്‌ പീലേയുടെ ചില നീക്കങ്ങളെ മുന്‍കൂട്ടിക്കണ്ടു പെരുമാറാനാവില്ല”.


കളിക്കളത്തിലെ പീലെയുടെ പ്രത്യേകതകൾ എന്തെല്ലാം എന്ന ചോദ്യത്തിനായി ഈ പാഠഭാഗം കാണാതെ പഠിക്കേണ്ടിവന്നിരുന്നു.എന്നാൽ ഈ പാഠത്തിലെ ഏറ്റവും മനോഹരവും മനസിനെ ഗോൾ പോസ്റ്റിൽ എത്തിക്കുന്നതുമായ വാചകം രണ്ടാം പേജിലെ അവസാന ഖണ്ഡിക ആണ് .വായുവിൽ ഇന്ദ്രജാലം കാട്ടി പെലെ അടിച്ച മെക്സിക്കോ ലോകകപ്പിലെ ഗോൾ .


“ഗോൾമുഖത്തുനിന്ന്‌ പതിനഞ്ചടി അകലേ നിന്നിരുന്ന പീലേ വായുവി ലൂടെ കരണംമറിഞ്ഞ്‌ കോര്‍ണര്‍ കിക്കിലെത്തുന്നു. ഗോൾമുഖത്തിലേക്കു പീലേ പന്ത്‌ ആഞ്ഞടിക്കുമെന്ന്‌ സ്‌റ്റേഡിയത്തില്‍ എല്ലാവരും കരുതുന്നു. ആ അടി തടുക്കുന്നതിനു ഗോളി തയ്യാറെടുത്തുനില്‍ക്കുന്നു. അപ്പോം അതാ, പീലേ തലകൊണ്ടു, പന്തുതട്ടി , ശരീരംകൊണ്ട്‌” ഒന്നു പരന്നുചുറ്റി , താനോ പന്തോ ഗ്രൗണ്ടിലെത്തുന്നതിനു മുമ്പായി, ഇടതുകാല്‍വച്ച്‌ ആഞ്ഞൊരടി അടിക്കുന്നു ! ഗോളി മലച്ചുനില്‍ക്കെ അന്തരീക്ഷം ഭേദിക്കുമാറ്‌കാണികളുടെ ഹര്‍ഷാരവം ഉയര്‍ന്നു. ഓര്‍മ്മയില്‍ എക്കാലത്തും തങ്ങിനില്‍ക്കുന്ന ഒരു ഗോളായിരുന്നു അത്‌.”


പെലെ എന്തോ മാന്ത്രിക വിദ്യയാൽ ഗോളടിച്ചു എന്നല്ലാതെ ഒന്നും മനസിലായില്ല. യുട്യൂബിൽ വർഷങ്ങൾക്ക് ശേഷം ആ ഗോൾ കണ്ടപ്പോഴാണ് ഇതാണാ ഇന്ദ്രജാലം എന്ന് മനസിലായത്.പീലെ എന്ന ഇരട്ടപ്പേര് കിട്ടിയവർ കോരിത്തരിക്കുന്ന വാചകങ്ങൾ.വായുവിൽ വട്ടം കറങ്ങിയും ഹെഡ് ചെയ്ത് തലവേദന വരുത്തിവെച്ചും കാൽപ്പന്തു മൈതാനങ്ങളിൽ പെലെയെ അനുകരിക്കാൻ മത്സരിച്ച ഒരു തലമുറ. അതേ അഞ്ചാം ക്ളാസിലെ മലയാളം പരീക്ഷയിലെ ആ ചോദ്യം മനസിൽ സൂക്ഷിക്കാം . എന്താണ് പീലെയുടെ പൂർണ നാമധേയം. ഉത്തരം അരാന്റസ് ഡോ നാസിമെന്റോ ...


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.