നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനെതിരെ വിദർഭയ്ക്ക് 37 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ്. കേരളം ആദ്യ ഇന്നിങ്സിൽ 342 റൺസിന് ഓൾ ഔട്ടായി. ആദ്യ ഇന്നിങ്സിൽ വിദർഭ നേടിയത് 379 റൺസായിരുന്നു. 98 റൺസ് നേടിയ ക്യാപ്റ്റൻ സച്ചിൻ ബേബിയാണ് കേരളത്തിൻ്റെ ടോപ് സ്കോറർ. രഞ്ജി ട്രോഫി ചരിത്രത്തിൽ, ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കിയ വിദർഭ താരം ഹർഷ് ദുബെയുടെ പ്രകടനവും മൂന്നാം ദിവസം ശ്രദ്ധേയമായി.
മൂന്ന് വിക്കറ്റിന് 131 റൺസെന്ന നിലയിലാണ് കേരളം മൂന്നാം ദിവസം ബാറ്റിങ് തുടങ്ങിയത്. ആദ്യ പന്ത് തന്നെ ബൌണ്ടറി കടത്തിയാണ് തുടങ്ങിയതെങ്കിലും കരുതലോടെയാണ് ആദിത്യ സർവാടെയും സച്ചിൻ ബേബിയും ഇന്നിങ്സ് മുന്നോട്ട് നീക്കിയത്. സ്കോർ 170ൽ നിൽക്കെ ആദിത്യ സർവാടെയുടെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. 79 റൺസെടുത്ത സർവാടെ, ഹർഷ് ദുബെയുടെ പന്തിൽ ഡാനിഷ് മലേവാർ പിടിച്ച് പുറത്താവുകയായിരുന്നു. ഒരറ്റത്ത് സച്ചിൻ ബേബി ഉറച്ച് നിന്നെങ്കിലും തുടർന്നെത്തിയ മറ്റാർക്കും ദീർഘമായ ഇന്നിങ്സുകൾ കളിക്കാനാവാതെ പോയത് കേരളത്തിന് തിരിച്ചടിയായി. സമീപ മത്സരങ്ങളിൽ രക്ഷകനായി അവതരിച്ച സൽമാൻ നിസാർ 21 റൺസെടുത്ത് പുറത്തായി.
സച്ചിൻ ബേബിയും മൊഹമ്മദ് അസറുദ്ദീനും ചേർന്ന 59 റൺസിൻ്റെ കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നൽകി. എന്നാൽ 34 റൺസെടുത്ത മൊഹമ്മദ് അസറുദ്ദീൻ ദർശൻ നൽഖണ്ഡെയുടെ പന്തിൽ എൽബിഡബ്ലു ആയത് കേരളത്തിന് തിരിച്ചടിയായി. തുടർന്നെത്തിയ ജലജ് സക്സേനയും സച്ചിന് മികച്ച പിന്തുണയായി. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ 46 റൺസ് കൂട്ടിച്ചേർത്തു. കേരള സ്കോർ മുന്നൂറും കടന്ന് ലീഡിലേക്ക് നീങ്ങിയേക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് അപ്രതീക്ഷിതമായി സച്ചിൻ ബേബി പുറത്തായത്. അർഹിച്ച സെഞ്ച്വറിക്ക് രണ്ട് റൺസ് അകലെയാണ് സച്ചിൻ പുറത്തായത്. 235 പന്തുകളിൽ 10 ബൌണ്ടറിയക്കം 98 റൺസ് നേടിയ സച്ചിൻ, പാർഥ് രഖഡെയുടെ പന്തിൽ കരുൺ നായർ പിടിച്ചാണ് പുറത്തായത്. തുടർന്ന് കേരളത്തിൻ്റെ ചെറുത്തുനിൽപ് അധികം നീണ്ടില്ല. 18 റൺസ് കൂടി ചേർക്കുന്നതിനിടെ ശേഷിക്കുന്ന മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായി. ജലജ് സക്സേന 28ഉം ഏദൻ ആപ്പിൾ ടോം പത്തും, നിധീഷ് ഒരു റണ്ണുമെടുത്ത് പുറത്തായി. കേരളത്തിൻ്റെ ഇന്നിങ്സ് 342ന് അവസാനിച്ചു.
വിദർഭയ്ക്ക് വേണ്ടി ദർശൻ നൽഖണ്ഡെ, ഹർധ് ദുബെ, പാർഥ് റെഖാഡെ എന്നിവർ മൂന്ന് വിക്കറ്റ് വീതവും യഷ് ഥാാക്കൂർ ഒരു വിക്കറ്റും വീഴ്ത്തി. രഞ്ജിയിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന താരമെന്ന നേട്ടം സ്വന്തമാക്കിയ ഇടംകയ്യൻ സ്പിന്നർ ഹർഷ് ദുബെയുടെ പ്രകടനമാണ് ശ്രദ്ധേയമായത്. കേരളത്തിനെതിരായ മൂന്ന് വിക്കറ്റുകളോടെ ഈ സീസണിൽ ഹർഷ് ദുബെയുടെ ആകെ വിക്കറ്റ് നേട്ടം 69 ആയി. ഇതോടെ 2018-19 സീസണിൽ 68 വിക്കറ്റുകൾ വീഴ്ത്തിയ ബിഹാർ താരം അശുതോഷ് അമൻ്റെ റെക്കോഡാണ് ഹർഷ് ദുബെ മറികടന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









