പട്ടികയില്‍ അക്കം തെളിഞ്ഞു; കോ​ഹ്‌​ലി പടയ്ക്ക് കന്നി ജയം!!

ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ കന്നി വിജയം സ്വന്തമാക്കി കോ​ഹ്‌​ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍.

Updated: Apr 14, 2019, 11:20 AM IST
പട്ടികയില്‍ അക്കം തെളിഞ്ഞു; കോ​ഹ്‌​ലി പടയ്ക്ക് കന്നി ജയം!!

മൊഹാലി: ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ കന്നി വിജയം സ്വന്തമാക്കി കോ​ഹ്‌​ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍.

ഇന്നലെ മൊഹാലിയില്‍ നടന്ന മത്സരത്തില്‍ കി൦ഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ എട്ട് വിക്കറ്റിനാണ് ബാംഗ്ലൂര്‍ ജയം സ്വന്തമാക്കിയത്. 

ഈ സീസണില്‍ ബാംഗ്ലൂര്‍ സ്വന്തമാക്കുന്ന ആദ്യ വിജയമാണിത്. തുടര്‍ച്ചയായ ആറ് തോല്‍വിക്ക് ശേഷമാണ് ബാംഗ്ലൂര്‍ ഒരു മത്സരം വിജയിക്കുന്നത്.ഇതോടെ പൊയിന്‍റ് പട്ടികയില്‍ ബാംഗ്ലൂരിന് 2 പൊയിന്‍റ് ലഭിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു. 174 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ശേഷിക്കെയാണ് ബാംഗ്ലൂര്‍ മറികടന്നത്. 

അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോ​ഹ്‌​ലിയുടെയും എ.ബി ഡിവില്ലിയേഴ്‌സിന്‍റെയും ഇന്നി൦ഗ്സുകളാണ് ബാംഗ്ലൂരിന് ആദ്യ ജയമൊരുക്കിയത്.

കോ​ഹ്‌​ലിയും ഡിവില്ലിയേഴ്‌സും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 85 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 53 പന്തില്‍ നിന്ന് എട്ടു ബൗണ്ടറികളോടെ 67 റണ്‍സെടുത്ത കോ​ഹ്‌​ലി 16-ാം ഓവറില്‍ പുറത്തായി.

ക്രിസ് ഗെയ്ല്‍ പുറത്താവാതെ നേടിയ 99 റണ്‍സിന്‍റെ കരുത്തില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 173 റണ്‍സെടുത്തത്. 64 പന്തുകള്‍ നേരിട്ട ഗെയില്‍ അഞ്ചു സിക്സും 10 ബൗണ്ടറിയുമടക്കം 99 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ബാംഗ്ലൂരിന് വേണ്ടി യൂസ്‌വേന്ദ്ര ചാഹല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. പഞ്ചാബ് നിരയില്‍ മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല.