ബെംഗളൂരു: ബെംഗളൂരു ദുരന്തത്തിൽ പ്രാഥമിക റിപ്പോർട്ട് നൽകി ഡിജിപി. ആർസിബിയുടെ വിജയാഘോഷം നടന്ന സ്റ്റേഡിയത്തിന്റെ പരിസരത്ത് പെട്ടെന്ന് ആൾക്കുട്ടം രൂപപ്പെടുകയായിരുന്നുവെന്നും നിയന്ത്രിക്കാൻ സാധിച്ചില്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ബാരിക്കേഡ് തകർത്ത് ആൾക്കൂട്ടം ഉള്ളിവേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. സാധ്യമായ എല്ലാ സുരക്ഷയും ഒരുക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
അതിനിടെ സംഭവത്തിൽ കർണാടക സർക്കാർ പ്രഖ്യാപിച്ച മജിസ്ട്രേറ്റ് തല അന്വേഷണം ഇന്ന് തുടങ്ങും. ആർക്കാണ് വിഷയത്തിൽ പിഴവ് പറ്റിയത് എന്നാണ് അന്വേഷിക്കുക. 15 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പൊലീസ് നേതൃത്വത്തിന് ഗുരുതര വീഴ്ചയുണ്ടായതായാണ് വിലയിരുത്തൽ. മൂന്ന് ലക്ഷത്തോളം ആളുകൾ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം തടിച്ചു കൂടിയപ്പോഴും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിധാൻ സൗധയിലായിരുന്നു. ആൾക്കൂട്ടത്തെ കൈകാര്യം ചെയ്യാൻ ജൂനിയർ ഉദ്യോഗസ്ഥർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആളുകൾ പല ഗേറ്റുകളിലേക്കും ഇടിച്ചു കയറാൻ ശ്രമിച്ചതും ദുരന്തത്തിന് വഴിവച്ചു.
അതേസമയം ദുരന്തത്തിന് പിന്നാലെ കെ എസ് സി എ ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പരിപാടി നടത്താൻ ബുദ്ധിമുട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാൽ വിക്ടറി പരേഡിനായി കെഎസ് സി എ സമ്മർദ്ദം ചെലുത്തിയതിലാണ് വിമർശനമുയരുന്നത്. വിധാൻ സൗധക്ക് സമീപവും ചിന്നസ്വാമി സ്റ്റേഡിയത്തിന് അടുത്തുമായി 5 ലക്ഷത്തോളം പേരാണ് തടിച്ചുകൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.