ഇസാന് അമ്മ സമ്മാനം; കിരീടം ചൂടി സാനിയ!!

തിരിച്ചുവരവില്‍ കിരീട നേട്ടവുമായി സാനിയ മിര്‍സ. ഹൊബാര്‍ട്ട് ഇന്‍റര്‍നാഷണല്‍ ടെന്നീസ് ഡബിൾസിലാണ് താരം കിരീടം സ്വന്തമാക്കിയിരിക്കുന്നത്. 

Updated: Jan 18, 2020, 01:33 PM IST
ഇസാന് അമ്മ സമ്മാനം; കിരീടം ചൂടി സാനിയ!!

തിരിച്ചുവരവില്‍ കിരീട നേട്ടവുമായി സാനിയ മിര്‍സ. ഹൊബാര്‍ട്ട് ഇന്‍റര്‍നാഷണല്‍ ടെന്നീസ് ഡബിൾസിലാണ് താരം കിരീടം സ്വന്തമാക്കിയിരിക്കുന്നത്. 

ചൈനയുടെ പെങ് ഷുവായ്- സങ് ഷുവായ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചായിരുന്നു സാനിയ മിര്‍സ- നാദിയ കിചെനോക് സഖ്യത്തിന്‍റെ കിരീട നേട്ടം. ഒരു മണിക്കൂറും 21 മിനിറ്റും നീണ്ട മത്സരത്തിനൊടുവില്‍ 6-4, 6-4 എന്ന സ്കോറിനാണ് വിജയം നേടിയത്. 

ഇസാന് ജന്മം നൽകിയ ശേഷം കോർട്ടിലേക്ക് മടങ്ങിയെത്തിയ 33 കാരിയായ സാനിയയുടെ 42ആമത് ഡബ്ല്യു.ടി.എ കിരീട നേട്ടമാണിത്. പരിക്കും പ്രസവവും മൂലമാണ് സാനിയമിര്‍സ ടെന്നീസ് കോര്‍ട്ടില്‍ നിന്നും ദീര്‍ഘമായ ഇടവേളയെടുത്തത്. 2017 ഒക്‌ടോബറില്‍ ചൈന ഓപ്പണിലാണ് സാനിയ അവസാനമായി കളിച്ചത്.

2007ൽ അമേരിക്കൻ താരം ബെതാനി മറ്റേക്കിനൊപ്പം ചേർന്ന് ബ്രിസ്ബെൻ ഇന്‍റർനാഷണൽ കിരീടം നേടിക്കൊണ്ടാണ് സാനിയ തന്‍റെ വിജയയാത്ര തുടങ്ങിയത്.

ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിതാ ടെന്നീസ് താരമായ സാനിയ മിര്‍സ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. 2018 ഏപ്രിലില്‍ ഇവര്‍ക്ക് ഇസാന്‍ എന്ന ആണ്‍കുഞ്ഞ് ജനിച്ചിരുന്നു.

ആറ് ഗ്രാന്റ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള ഇന്ത്യയുടെ അഭിമാന താരമാണ് സാനിയ മിര്‍സ. മൂന്നെണ്ണം ഡബിള്‍സിലും മൂന്നെണ്ണം മിക്‌സഡ് ഡബിള്‍സിലുമായിരുന്നു. 

2013 ല്‍ സിംഗിള്‍സില്‍ നിന്നും സാനിയ വിരമിച്ചിരുന്നു. 2007ല്‍ 27മത്തെ റാങ്കിലെത്തിയതാണ് സിംഗിള്‍സ് കരിയറിലെ സാനിയയുടെ ഉയര്‍ന്ന നേട്ടം.