ഇന്ത്യ-ബംഗ്ലാദേശ് ടി-20: രണ്ടാം മത്സരത്തില്‍ സഞ്ജു?

പരിശീലനത്തിനിടയിലുള്ള ചിത്രത്തോടൊപ്പമാണ് സഞ്ജു ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്. 

Sneha Aniyan | Updated: Nov 7, 2019, 05:16 PM IST
ഇന്ത്യ-ബംഗ്ലാദേശ് ടി-20: രണ്ടാം മത്സരത്തില്‍ സഞ്ജു?

ന്യൂഡല്‍ഹി: ഇന്ത്യ- ബംഗ്ലാദേശ് ട്വന്‍റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം നടക്കാനിരിക്കെ ആരാധകര്‍ ഉറ്റുനോക്കുന്നത് മലയാളി താരം സഞ്ജു രണ്ടാം മത്സരത്തിനായി കളത്തിലിറങ്ങുമോ എന്നതാണ്. 

സഞ്ജു തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മത്സരത്തിന് മുമ്പ് താരത്തിന്റെ ട്വീറ്റും ഇതേ സൂചനയാണ് നല്‍കുന്നത്.

സഞ്ജുവിന്‍റെ ഏറ്റവും പുതിയ ട്വീറ്റാണ് ശുഭ സൂചന നല്‍കുന്നത്. പരിശീലനത്തിനിടയിലുള്ള ചിത്രത്തോടൊപ്പമാണ് സഞ്ജു ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്. 

'ഇന്ന് മത്സരദിവസം. മുന്നോട്ടു പോകാം, കൂടുതല്‍ ശക്തിയോടെ.' -ചിത്രത്തിനൊപ്പം സഞ്ജു കുറിച്ചു.

 

 

മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ടീമിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും ലോകേഷ് രാഹുലിനു പകരം സഞ്ജു കളിച്ചേക്കുമെന്ന സൂചനകൾ സജീവമാണ്. 

ഋഷഭ് പന്തിനെ വിക്കറ്റ് കീപ്പറായി നിലനിര്‍ത്തി സഞ്ജുവിനെ ബാറ്റ്‌സ്മാന്‍ എന്ന നിലയിലാണ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

നാലു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം ടീമില്‍ വീണ്ടും ഇടംപിടിച്ച സഞ്ജുവിന്‍റെ പ്രകടനത്തിനായി ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 

വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ സഞ്ജുവിനൊപ്പം മറ്റൊരു വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാനായ ഋഷഭ് പന്തും ഇടം നേടിയിരുന്നു.

2015ലാണ് സഞ്ജു ഇന്ത്യയ്ക്കുവേണ്ടി ട്വന്‍റി 20 മത്സരം കളിച്ചത്. ഹരാരെയില്‍ സിംബാബ്വെയ്ക്കെതിരേ ഒരൊറ്റ മത്സരമാണ് സഞ്ജു കളിച്ചത്.

വിരാട് കൊഹ്‌ലിയുടെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിനെ രോഹിത്ത് നയിക്കുമ്പോള്‍ 
ഷാക്കിബ് അല്‍ ഹസന്‍റെ അഭാവത്തില്‍ ബംഗ്ലാദേശിനെ മഹ്മദുള്ള നയിക്കും. 

ശിഖര്‍ ധവാനും കെ.എല്‍. രാഹുലുമാണ് ഇന്ത്യന്‍ ടീമിലെ ഓപ്പണര്‍മാര്‍. 

ട്വന്‍റി 20 ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ.എല്‍.രാഹുല്‍, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, ക്രുണാല്‍ പാണ്ഡ്യ, യൂസ്വേന്ദ്ര ചാഹല്‍, രാഹുല്‍ ചാഹര്‍, ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ്, ശിവം ദൂബെ, ശാര്‍ദുല്‍ തക്കര്‍.