സെറീന വില്യംസിന് എട്ടിന്‍റെ പണി!

യുഎസ് ഓപ്പൺ ഫൈനല്‍ മത്സരത്തിനിടെ മോശമായി പെരുമാറിയ സെറീന വില്യംസിന് പതിനേഴായിരം ഡോളർ  (12,29,525 ഇന്ത്യന്‍ രൂപ) പിഴ. 

Updated: Sep 10, 2018, 11:27 AM IST
സെറീന വില്യംസിന് എട്ടിന്‍റെ പണി!

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പൺ ഫൈനല്‍ മത്സരത്തിനിടെ മോശമായി പെരുമാറിയ സെറീന വില്യംസിന് പതിനേഴായിരം ഡോളർ  (12,29,525 ഇന്ത്യന്‍ രൂപ) പിഴ. 

നാല്‍പ്പത്തിയേഴുകാരനായ അംപയർ കാർലോസ് റാമോസിനെ അസഭ്യം പറഞ്ഞതിന് പതിനായിരം ഡോളര്‍, കളിക്കിടെ കോച്ചിന്‍റെ നിർദേശങ്ങൾ പാലിക്കാതിരുന്നതിന് നാലായിരം  ഡോളര്‍, റാക്കറ്റ് നിലത്തടിച്ചതിന് മൂവായിരം  ഡോളര്‍ എന്നിങ്ങനെ മൂന്ന് കുറ്റങ്ങള്‍ക്കാണ് സെറീനയ്ക്ക് പിഴ വിധിച്ചിരിക്കുന്നത്. യുഎസ് ഓപ്പണ്‍ ചരിത്രത്തിലെ ഏറ്റവും വലിയ പിഴയാണിത്‌. 

അതേസമയം, റമോസ് ശ്രദ്ധിച്ച് കൈക്കാര്യം ചെയ്തിരുന്നെങ്കില്‍ ഈ സാഹചര്യം ഒഴിവാക്കാമായിരുന്നു എന്നാണ് വിമര്‍ശകരുടെ അഭിപ്രായം. പ്രോത്സാഹനം നല്‍കി ഒഴിവാക്കാമായിരുന്ന സാഹചര്യം കടുത്ത സമ്മര്‍ദം ചെലുത്തി റമോസ് വഷളാക്കുകയായിരുന്നുവെന്നും വ്യക്തമായ ആശയവിനിമയം നടത്തിയിരുന്നെങ്കില്‍ സെറീനയുടെ കോപം നിയന്ത്രിക്കാമായിരുന്നുവെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്.

ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് സെറീനയെ തോൽപിച്ച് ജപ്പാൻ താരം നവോമി ഒസാക്ക കിരീടം നേടിയിരുന്നു. കരിയറിലെ ഏഴാമത്തെ യുഎസ് ഓപ്പൺ കിരീടം ലക്ഷ്യമിട്ട് മൈതാനത്തെത്തിയ സെറീന വില്യംസ് ആദ്യ ഗ്രാൻസ്ലാം ഫൈനൽ കളിക്കുന്ന നവോമിയോട് പരാജയപ്പെടുകയായിരുന്നു. 

മത്സരം ജയിച്ചാൽ 24 ഗ്രാന്‍സ്ലാം നേട്ടങ്ങളെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താനും സെറീനയ്ക്ക് കഴിയുമായിരുന്നു. ഇരുപതുകാരിയായ ഒസാക്ക ഗ്രാന്‍സ്ലാം സിംഗിള്‍സ് ഫൈനലിലെത്തുന്ന ആദ്യ ജാപ്പനീസ് വനിതയാണ്. ഈ വര്‍ഷം മയാമി ഓപ്പണിലും സെറീനയെ ഒസാക്ക തോൽപ്പിച്ചിരുന്നു.