കൊല്‍ക്കത്ത: അവസരങ്ങള്‍ കിട്ടുമ്പോഴെല്ലാം മോശം പ്രകടനം കാഴ്ച വയ്ക്കുന്ന യുവതാരം ഋഷഭ് പന്തിനെ പിന്തുണച്ച വിരാട് കോഹ്ലിക്ക് മറുപടിയുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.
പന്തിന് കളത്തിൽ വീഴ്ച വരുമ്പോൾ ഗാലറിയിൽനിന്നുയരുന്ന ‘ധോണി വിളികൾക്കെ’തിരെയായിരുന്നു കോഹ്ലിയുടെ പ്രതികരണം. പന്ത് ഒരു അവസരം നഷ്ടപ്പെടുത്തുമ്പോള്കാണികള് ധോണിയുടെ പേര് വിളിച്ച് കളിയാക്കരുതെന്നും അത് മാന്യതയ്ക്ക് നിരക്കുന്നതല്ലെന്നുമാണ് കോഹ്ലി പറഞ്ഞത്.
എന്നാല്‍, കോഹ്ലിയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ പന്ത് ഈ സാഹചര്യങ്ങളിലൂടെയെല്ലാം കടന്നുപോകട്ടെയെന്ന് കരുതുമായിരുന്നു എന്നാണ് ഗാംഗുലിയുടെ പ്രതികരണം.
എപ്പോഴും നമുക്ക് എം.എസ് ധോണിമാരെ ലഭിക്കില്ലെന്നും ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം കാണുന്ന അപൂര്‍വ ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹമെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. ഇന്ത്യാ ടുഡേ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഗാംഗുലിയുടെ പ്രതികരണം.
കൂടാതെ, തുടക്ക കാലത്ത് ധോണി ഇന്ന് കാണുന്ന 'എംഎസ് ധോണി' ആയിരുന്നില്ലെന്നും ഈ നിലയിലെത്താന്‍ അദ്ദേഹത്തിന് 15 വര്‍ഷം സമയമെടുത്തെന്നും ഗാംഗുലി പറഞ്ഞു. ധോനിയെ പോലെ തന്നെ പന്തിനും നല്ല നിലയിലേക്ക് വളരാനാകും. അതിനും കുറഞ്ഞത് 15 വര്‍ഷം സമയമെടുക്കും. -ഗാംഗുലി പറയുന്നു.