രാവിലെ കഞ്ഞി, ഉച്ചയ്ക്ക് മീന്‍... അത്താഴം പരമ രഹസ്യം!!

ഉസൈന്‍ ബോള്‍ട്ടിനെ കടത്തിവെട്ടിയ കര്‍ണാടക സ്വദേശിയായ ശ്രീനിവാസ ഗൗഡയാണ് കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ താരം.

Last Updated : Feb 22, 2020, 03:58 PM IST
രാവിലെ കഞ്ഞി, ഉച്ചയ്ക്ക് മീന്‍... അത്താഴം പരമ രഹസ്യം!!

ബംഗളൂരു: ഉസൈന്‍ ബോള്‍ട്ടിനെ കടത്തിവെട്ടിയ കര്‍ണാടക സ്വദേശിയായ ശ്രീനിവാസ ഗൗഡയാണ് കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ താരം.

കാളയോട്ട മത്സരത്തിൽ വേഗത്തിൽ കുതിച്ച് ലോകത്തിലെ അതിവേഗ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ടിന്‍റെ റെക്കേര്‍ഡാണ് ഗൗഡ തിരുത്തിയത്.

ഉസൈന്‍ ബോള്‍ട്ട് ഓടിയെത്തിയതിനേക്കാളും കുറഞ്ഞ സമയത്തില്‍ 100 മീറ്റര്‍ ഓടിയെത്തിയതോടെയാണ്‌ ഗൗഡ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായത്. \ഉസൈന്‍ ബോള്‍ട്ടിന് 100 മീറ്റര്‍ താണ്ടാന്‍ 9.58 സമയമാണ് വേണ്ടിയിരുന്നതെങ്കില്‍ കര്‍ണാടകയിലെ കാളയോട്ട മത്സരക്കാരന് വെറും 9.55 സെക്കന്റ്‌ മാത്രം മതിയായിരുന്നു 100 മീറ്റര്‍ കടക്കാന്‍.

ദക്ഷിണ കര്‍ണാടകയില്‍ നടന്ന കമ്പള മത്സരത്തിലായിരുന്നു സംഭവം. സിന്തറ്റിക് ട്രാക്കില്‍ ഉസൈന്‍ ബോള്‍ട്ട് തീര്‍ത്ത മിന്നല്‍ വേഗത്തെ ചെളിക്കണ്ടത്തില്‍ നടത്തിയ കാളയോട്ടത്തിലൂടെ ഈ കന്നഡക്കാരന്‍ മറികടന്നത്.

കര്‍ണാടകയിലെ പരമ്പരാഗത കായിക ഇനമായ കാളപൂട്ട് മത്സരത്തിലായിരുന്നു ശ്രീനിവാസ ഗൗഡയുടെ ഈ  മിന്നും പ്രകടനം. മൊത്തം 142.5 മീറ്റര്‍ 13.62 സെക്കന്റിനുള്ളില്‍ ഗൗഡ മറി കടന്നെന്നാണ് പറയുന്നത്. ഈ ഓട്ടത്തെ നൂറുമീറ്ററാക്കി ചുരുക്കിയുള്ള സമയം കണക്കാക്കുമ്പോഴാണ് 9.55 സെക്കന്‍ഡ്‌.

12 കമ്പളകളിലായി  ശ്രീനിവാസ ഗൗഡ 29 മെഡലുകള്‍ നേടിയിട്ടുണ്ട്. നിര്‍മാണ തൊഴിലാളിയായ ശ്രീനിവാസ ഗൗഡ കഴിഞ്ഞ ആറ് വര്‍ഷമായി കമ്പള മത്സരത്തില്‍ സജീവമാണ്. ഒരു മത്സരത്തില്‍ വിജയിച്ചാല്‍ 1 മുതല്‍ 2 ലക്ഷം രൂപവരെ പ്രതിഫലം ലഭിക്കും.

വേഗതയ്ക്കൊപ്പം, അതിലെ കൃത്യത, ആത്മവിശ്വാസം, ഏത് പ്രൊഫഷണല്‍ കായികതാരത്തേയും വെല്ലുന്ന ശരീരം- അങ്ങനെ ശ്രീനിവാസന്‍റെ മൂല്യങ്ങളേറെയാണ്.

എങ്ങനെയാണ് സ്രീനിവാസയ്ക്ക് ഈ ശരീരം ലഭിച്ചതെന്നാണോ?

പതിനഞ്ചാം വയസ് മുതല്‍ ശാരീരികമായ പരിശീലനം തേടിത്തുടങ്ങിയതാണ് ശ്രീനിവാസ്. കമ്പള മത്സരത്തില്‍ പങ്കെടുക്കുന്ന മിക്കവാറും താരങ്ങള്‍ അങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്ന് തന്നെയാണ് വരുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

വീട്ടില്‍ പോത്തുകളില്ലാത്തതിനാല്‍ അയല്‍പക്കത്തെ പോത്തുകള്‍ക്കൊപ്പം ഓടി പരിശീലിക്കുകയായിരുന്നു. മുതിര്‍ന്നപ്പോള്‍ നിര്‍മ്മാണത്തൊഴിലാളിയായി. ഇത് ഇരട്ടിഗുണമാണ് തനിക്ക് ഉണ്ടാക്കിയതെന്ന് ശ്രീനിവാസ് പറയുന്നു.

ജിമ്മില്‍ പോയി ആളുകളുണ്ടാക്കുന്ന സിക്‌സ് പാക്ക് തനിക്ക് സമ്മാനിച്ചത് തൊഴിലാണെന്നാണ് അദ്ദേഹം പറയുന്നത്. ഇതിന് പുറമെ ഏകാഗ്രതയ്ക്കായി യോഗ പരിശീലിക്കുന്നുണ്ട്. 'പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്' പരിശീലനങ്ങള്‍ വേറെ.

ഡയറ്റിന്റെ കാര്യത്തിലും സ്വല്‍പം 'സ്ട്രിക്ട്' ആണ് ശ്രീനിവാസ്. രാവിലെ കഞ്ഞി നിര്‍ബന്ധം. ഉച്ചയ്ക്ക് മീനും. എല്ലാ ദിവസവും നല്ലത് പോലെ മീന്‍ കഴിക്കും.

തന്റെ ആരോഗ്യത്തിന്റെ രഹസ്യം തന്നെ മീനാണെന്നാണ് ശ്രീനിവാസ് പറയുന്നത്. ചിക്കനുണ്ടെങ്കില്‍ അതും ഉച്ചയ്ക്ക് കഴിക്കും. ധാരാളം തേങ്ങ ഭക്ഷണത്തിലുള്‍പ്പെടുത്തും. പച്ചക്കറികള്‍, പഴങ്ങള്‍ എല്ലാം ധാരാളമായി കഴിക്കേണ്ടതുണ്ട്.

ഇങ്ങനെയെല്ലാമാണെങ്കില്‍ അത്താഴം എന്താണെന്ന് വെളിപ്പെടുത്താന്‍ ശ്രീനിവാസ് തയ്യാറല്ല. അത് ഞങ്ങളുടെ ആരോഗ്യത്തിന്റെ രഹസ്യമാണെന്നാണ് അദ്ദേഹം പറയുന്നത്.

Trending News