കൊളംബോ: ടി20 ഏകദിന ലോകകപ്പില്‍ അട്ടിമറി വിജയവുമായി സിംബാബ് വേ. കരുത്തരായ ഓസ്‌ട്രേലിയയെ ആണ് സിംബാബ് വേ ഞെട്ടിച്ചത്. 23 റണ്‍സിന്റെ ആധികാരിക വിജയവും അവര്‍ സ്വന്തമാക്കി.
ടോസ്സ് നേടിയ ഓസ്‌ട്രേലിയ കൊളംബോയിലെ പിച്ചില്‍ ബൗളിങ് തിരഞ്ഞെടുക്കകായിരുന്നു. ലോകോത്തര ബൗളര്‍മാരുടെ നിരയില്‍ വിശ്വാസമര്‍പ്പിച്ചായിരുന്നു ഇങ്ങനെ ഒരു തീരുമാനം. എന്നാല്‍ ഗ്രൗണ്ടില്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത സിംബാബ് വേ സ്വന്തമാക്കിയത് 169 റണ്‍സ് ആയിരുന്നു. ഒരു ടി20 മത്സരത്തില്‍ അത്ര മികച്ചത് എന്നൊന്നും വിശേഷിപ്പിക്കാന്‍ ആകാത്ത സ്‌കോര്‍ തന്നെ ആയിരുന്നു അത്. പ്രത്യേകിച്ചും എതിരാളികള്‍ ഓസ്‌ട്രേലിയ ആണെന്നിരിക്കെ. എന്നാല്‍ 20 ഓവറില്‍ സിംബാബ് വേയുടെ രണ്ടേ രണ്ട് വിക്കറ്റുകള്‍ മാത്രമേ ഓസ്‌ട്രേലിയന്‍ ബൗളിംഗ് നിരയ്ക്ക് വീഴ്ത്താന്‍ ആയുള്ളു. സിംബാബ് വേയുടെ ഇന്നിങ്‌സില്‍ അവസാന പന്തില്‍ ആയിരുന്നു ആകെയുള്ള ഒരു സിക്‌സര്‍ പിറന്നത്.
ഓപ്പണര്‍ ആയി ഇറങ്ങിയ ബ്രയാന്‍ ബെന്നെറ്റിന്റെ തകര്‍പ്പന്‍ പ്രകടനം ആണ് സിംബാബ് വേയ്ക്ക് തുണയായത്. 56 പന്തില്‍ 64 റണ്‍സാണ് ബെന്നറ്റ് സ്വന്തമാക്കിയത്. ടി മുറാമനി 21 പന്തില്‍ 35 റണ്‍സ് എടുത്ത് പുറത്തായി. രണ്ടാമതായി ഇറങ്ങിയ റിയാന്‍ ബെള്‍ 30 പന്തില്‍ 35 റണ്‍സ് എടുത്തു. മൂന്നാമതായി ഇറങ്ങിയ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 13 പന്തില്‍ 25 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇന്നിങ്‌സിലെ ഏക സിക്‌സര്‍ പറത്തിയതും റാസ തന്നെ.
എളുപ്പത്തില്‍ കീഴടക്കാവുന്ന ഒരു ലക്ഷ്യം എന്ന മട്ടിലായിരുന്നു ഓസ്‌ട്രേലിയ തുടങ്ങിയത്. ക്യാപ്റ്റന്‍ ട്രവിസ് ഹെഡും ജോഷ് ഇങ്ക്‌ലിഷും ആയിരുന്നു ഓപ്പണിങ്. രണ്ടാം ഓവറിന്റെ ആദ്യ പന്തില്‍ തന്നെ 8 റണ്‍സുമായി ഇങ്ക്‌ലിഷ് മടങ്ങി. വണ്‍ ഡൗണ്‍ ആയിറങ്ങിയ കാമെറൂണ്‍ ഗ്രീന്‍ രണ്ട് പന്ത് മാത്രം നേരിട്ട് ഡക്ക് ആയി പുറത്തായി. നാലാം ഓവറില്‍ ടിം ഡേവിഡിനേയും 'സംപൂജ്യ'നാക്കി ഡ്രസ്സിങ് റൂമിലേക്ക് തിരിച്ചയച്ചു. ക്യാപ്റ്റന്‍ ട്രവിസ് ഹെഡ് അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അഞ്ചാം ഓവറില്‍ അതും വൃഥാവിലായി. 15 പന്തില്‍ 17 റണ്‍സെടുത്താണ് ഹെഡ് പുറത്തായത്. അപ്പോള്‍ സ്‌കോര്‍ 29 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ ആയിരുന്നു.
പിറകെയാണ് ഗ്ലെന്‍ മാക്‌സ് വെല്ലും മാറ്റ് റെന്‍ഷോയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പതിനഞ്ചാം ഓവര്‍ വരെ ഇവരുടെ പാര്‍ട്ണര്‍ഷിപ്പ് തുടര്‍ന്നു. 14.2 ഓവറില്‍ 31 റണ്‍സുമായി മാക്‌സ് വെല്ലും കൂടാരം കയറി. പിന്നീട് വന്ന ആര്‍ക്കും രണ്ടക്കം കടക്കാനായില്ല. 19-ാം ഓവറില്‍ 65 റണ്‍സുമായി റെന്‍ഷോ പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ എട്ട് വിക്കറ്റിന് 139 റണ്‍സ്. 19.3 ഓവറില്‍ പുകള്‍പെറ്റ ഓസ്‌ട്രേലിയന്‍ ബാറ്റിങ്‌നിരയെ പൂര്‍ണമായും കൂടാരം കയറ്റി സിംബാബ് വേ വിജയം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു,
ബെലസ്സിങ് മുസരബാനിയും ബ്രാന്‍ഡ് ഇവാന്‍സും ആയിരുന്നു സിംബാബ് വേയുടെ ബൗളിങ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. മുസരബാനി നാല് ഓവറില്‍ 17 റണ്‍സ് വിട്ടുകൊടുത്ത് 4 വിക്കറ്റ് വീഴ്ത്തി. ഇവാന്‍സ് 3.3 ഓവറില്‍ 23 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും സ്വന്തമാക്കി.
കളിച്ച രണ്ട് കളികളും ജയിച്ച് ഇപ്പോള്‍ പോയന്റ് നിലയില്‍ ശ്രീലങ്കയ്‌ക്കൊപ്പമുണ്ട് സിംബാബ് വേ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









