"സെമി ഫൈനല്‍ വിജയം ഈ മിടുക്കന്മാര്‍ക്ക്"- പോള്‍ പോഗ്ബ

'വിജയം ഈ ദിവസത്തെ ഹീറോകള്‍ക്കാണ്. വെല്‍ഡണ്‍ ബോയ്‌സ്, നിങ്ങള്‍ ശക്തരാണ്.'

Updated: Jul 11, 2018, 02:59 PM IST
"സെമി ഫൈനല്‍ വിജയം ഈ മിടുക്കന്മാര്‍ക്ക്"- പോള്‍ പോഗ്ബ

ഫ്രാന്‍സിന്‍റെ ലോകകപ്പ് സെമി ഫൈനല്‍ വിജയം തായ് ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട 12 കുട്ടികള്‍ക്ക് സമര്‍പ്പിച്ച്‌ ഫ്രാന്‍സിന്‍റെ മധ്യനിര താരം പോള്‍ പോഗ്ബ.  

ഇന്നലെ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ബല്‍ജിയത്തിനോട് ജയിച്ച ശേഷം തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പോഗ്ബ കുട്ടികള്‍ക്ക് ഈ വിജയം സമ്മാനിച്ചത്. രണ്ടാഴ്ചയോളം ഗുഹയില്‍ അകപ്പെട്ട ശേഷം പുറത്തെത്തിയ കുട്ടികളെ "ഹീറോസ്" എന്നാണ് പോഗ്ബ പോസ്റ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

'വിജയം ഈ ദിവസത്തെ ഹീറോകള്‍ക്കാണ്. വെല്‍ഡണ്‍ ബോയ്‌സ്, നിങ്ങള്‍ ശക്തരാണ്.' മത്സരത്തിന് ശേഷം കുട്ടികളുടെ ചിത്രങ്ങള്‍ പങ്ക് വച്ച് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

ബല്‍ജിയത്തിനെതിരായ മത്സരത്തില്‍ മികച്ച പ്രകടനമാണ് പോഗ്ബ കാഴ്ച വച്ചത്. 

ജൂണ്‍ 23നാണ് ഫുട്‌ബോള്‍ പരിശീലകനൊപ്പം താങ് ലുവാം നാം ഗുഹ കാണാന്‍ കയറിയ 12 കുട്ടികള്‍ ഗുഹാമുഖം അടഞ്ഞതിനെ തുടര്‍ന്ന് കുടുങ്ങി പോയത്. ഗുഹയില്‍ നാലുകിലോമീറ്ററോളം ഉള്ളില്‍ കുടുങ്ങിയ ഇവര്‍ക്കരികിലേക്ക് പത്താം ദിവസമാണ് രക്ഷാപ്രവര്‍ത്തകരെത്തിയത്. 

17 ദിവസത്തെ ആശങ്കയ്ക്കും മൂന്നു ദിവസത്തെ അതിസാഹസികമായ രക്ഷാ ദൗത്യത്തിനും ശേഷമാണ് എല്ലാവരെയും പുറത്തെത്തിച്ചത്. ഇന്നലെയാണ് നാലു കുട്ടികളെയും കോച്ചിനെയും പുറത്തെത്തിച്ചത്. 

അതേസമയം, ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ ക്രൊയേഷ്യ ഇംഗ്ലണ്ടിനെ നേരിടും. ഇന്നത്തെ മത്സരത്തിലെ വിജയികളുമായാണ് ഫ്രാന്‍സ് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ പോരാടുക.