ചാമ്പ്യന്‍സ് ലീഗിലും 'വാര്‍'

വാര്‍ സംവിധാനം വന്നാല്‍ പരിശീലകര്‍ക്ക് അഭിപ്രായം പറയാന്‍ വേദിയൊരുക്കിയില്ലെന്നായിരുന്നു പ്രധാന ആരോപണം. 

Updated: Feb 12, 2019, 09:21 AM IST
ചാമ്പ്യന്‍സ് ലീഗിലും 'വാര്‍'

ചൊവ്വാഴ്ച്ച നടക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് - പി.എസ്.ജി, റോമ- പോര്‍ട്ടോ മത്സരങ്ങളില്‍ വാര്‍ സംവിധാനം ഉപയോഗിക്കുമെന്ന് യുവേഫ പ്രസിഡന്‍റ് അലക്സാണ്ടര്‍ സെഫെരിന്‍. 

വീഡിയോ അസിസ്റ്റ് റഫറീസ്(വാര്‍) അടുത്ത സീസണ്‍ മുതല്‍ ചാമ്പ്യന്‍സ് ലീഗില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, ആറ് മാസം മുന്‍പേ ഇത് അവതരിപ്പിച്ചിരിക്കുകയാണ് യുവേഫ.

മുന്‍ യുവേഫ പ്രസിഡന്‍റ് മിഷേല്‍ പ്ലാറ്റിനി വാറിനെ ശക്തമായി എതിര്‍ത്തിരുന്നു. ചാമ്പ്യന്‍സ് ലീഗിലെ മുന്‍നിര ക്ലബുകളില്‍ നിന്നുള്ള സമര്‍ദ്ദത്തെ തുടര്‍ന്നാണ്‌ തീരുമാനം. 

വാര്‍ സംവിധാനം വന്നാല്‍ പരിശീലകര്‍ക്ക് അഭിപ്രായം പറയാന്‍ വേദിയൊരുക്കിയില്ലെന്നായിരുന്നു പ്രധാന ആരോപണം. 

എന്നാല്‍, ഈ ആരോപണം തള്ളിയ യുവന്‍റസ് ചെയര്‍മാന്‍ ആന്‍ഡ്രിയ അഗ്‌നെല്ലി, മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള അടക്കമുള്ളവര്‍ വാറിനു വേണ്ടി വാദിച്ചു. 

ഫുട്ബോള്‍ മത്സരങ്ങള്‍ വാറിന്‍റെ അകമ്പടിയില്‍ കാണാന്‍ ആരും ഇഷ്ടപ്പെടുന്നില്ലെന്നും ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തും മുമ്പ് ക്ലബുകളുടെ അഭിപ്രായം കൂടി ചോദിക്കണമായിരുന്നുവെന്നും ടോട്ടന്‍ഹാം മാനേജര്‍ മൗറീഷ്യ പൊച്ചെറ്റീനോ അഭിപ്രായപ്പെട്ടിരുന്നു. 

ഇതിന്‍റെ അടിസ്ഥാനത്തില്‍ വാര്‍ സംവിധാനത്തെക്കുറിച്ച്‌ വിശദീകരിക്കുന്നതിന് 16 ടീമുകളുടെയും പരിശീലകരെയും സംഘാടകര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാല്‍,  യുവന്‍റസ്, ലയോണ്‍, പി.എസ്.ജി, റോമ, എഫ്.സി ഷാല്‍കെ എന്നീ ടീമുകളുടെ പരിശീലകര്‍ മാത്രമാണ്  ചര്‍ച്ചയ്ക്ക് എത്തിയത്. 

മറ്റെല്ലാ ക്ലബുകളും പരിശീലക സംഘത്തിലെ അംഗങ്ങളേയോ മാര്‍ക്കറ്റിംഗ് വിഭാഗത്തിലെ ജീവനക്കാരെയോ അയയ്ക്കുകയായിരുന്നു. കഴിഞ്ഞ റഷ്യന്‍ ലോകകപ്പിലും യൂറോപിലടക്കം പല ഫുട്ബോള്‍ ലീഗുകളിലും വാര്‍ ഉപയോഗിച്ചിരുന്നു.