നാലാം വര്‍ഷവും റെക്കോര്‍ഡ് സ്വന്തം അക്കൗണ്ടില്‍ കുറിച്ച് കൊഹ്‌ലി

പരമ്പര വിജയിക്കാന്‍ വേണ്ടി കളി നടക്കുമ്പോഴും അതിനെക്കാളും കടുത്ത മത്സരമായിരുന്നു ഇന്ത്യന്‍ ടീമില്‍ ഇന്നലെ നടന്നത്.   

Last Updated : Dec 23, 2019, 12:28 PM IST
  • തുടര്‍ച്ചയായ നാലാം വര്‍ഷവും റണ്‍സ് റെക്കോര്‍ഡ്‌ സ്വന്തമാക്കിയിരിക്കുകയാണ് നായകന്‍ വിരാട് കൊഹ്‌ലി.
  • പരമ്പര വിജയിക്കാന്‍ വേണ്ടി കളി നടക്കുമ്പോഴും അതിനെക്കാളും കടുത്ത മത്സരമായിരുന്നു ഇന്ത്യന്‍ ടീമില്‍ ഇന്നലെ നടന്നത്.
  • മൂന്നു വര്‍ഷമായി വിരാട് കോഹ്‌ലിയുടെ പേരിലുള്ള റെക്കോര്‍ഡ് രോഹിത് ശര്‍മ്മ തിരുത്തിക്കുറിക്കുമെന്നാണ് എല്ലാവരും വിചാരിച്ചിരുന്നത്.
നാലാം വര്‍ഷവും റെക്കോര്‍ഡ് സ്വന്തം അക്കൗണ്ടില്‍ കുറിച്ച് കൊഹ്‌ലി

കട്ടക്ക്: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനം വിജയിച്ച് പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ തുടര്‍ച്ചയായ നാലാം വര്‍ഷവും റണ്‍സ് റെക്കോര്‍ഡ്‌ സ്വന്തമാക്കിയിരിക്കുകയാണ് നായകന്‍ വിരാട് കൊഹ്‌ലി.

പരമ്പര വിജയിക്കാന്‍ വേണ്ടി കളി നടക്കുമ്പോഴും അതിനെക്കാളും കടുത്ത മത്സരമായിരുന്നു ഇന്ത്യന്‍ ടീമില്‍ ഇന്നലെ നടന്നത്. 

2019 ലെ മികച്ച ബാറ്റ്സ്മാന്‍ ആരാണെന്ന്‍ കണ്ടെത്തുന്ന മത്സരത്തിന് അങ്ങനെ ഇന്നലെ കട്ടക്കില്‍ പരിസമാപ്തി കുറിച്ചു. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നാഷണല്‍ റണ്‍സ് നേടുന്ന കളിക്കാരന്‍ എന്ന നേട്ടമാണ് കോഹ്‌ലിയെ തേടിയെത്തിയത്.

കട്ടക്കിലെ ഏകദിനത്തിന് മുന്‍പ് കൊഹ്‌ലിയേക്കാള്‍ ഒമ്പത് റണ്‍സ് മുന്നിലായിരുന്നു രോഹിത് ശര്‍മ്മ. എന്നാല്‍ മത്സരം പൂര്‍ത്തിയായപ്പോള്‍ രോഹിത്തിനെക്കാള്‍ റണ്‍സ് നേടിയ കൊഹ്‌ലി റെക്കോര്‍ഡ് സ്വന്തം പേരിലാക്കുകയായിരുന്നു. 

ക്രിക്കറ്റിലെ മികച്ച താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും മികച്ച റണ്‍വേട്ടക്കാരാകാന്‍ മത്സരിച്ചപ്പോള്‍ ഗുണം ലഭിച്ചത് ഇന്ത്യന്‍ ടീമിനും.

2379 റണ്‍സുമായി രോഹിത് ശര്‍മ്മയും 2370 റണ്‍സുമായി കോഹ്‌ലിയും മൂന്നാം ഏകദിനത്തിനിറങ്ങുമ്പോള്‍ ഇരുവരുടേയും മുന്നില്‍ 316 റണ്‍സെന്ന വിജയലക്ഷ്യവും പരമ്പര വിജയവും മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും ഈ വര്‍ഷത്തെ റണ്‍വേട്ടക്കാരില്‍ മുന്നിലുണ്ടായിരുന്ന ഇരുവരും മികച്ച ഫോമില്‍ ആയപ്പോള്‍ മത്സരം ശരിക്കും കൊഹ്‌ലി-രോഹിത് എന്നായി മാറുകയയിരുന്നോ എന്നൊരു സംശയവും ഇല്ലാതില്ല.

കഴിഞ്ഞ മൂന്നു വര്‍ഷമായി വിരാട് കോഹ്‌ലിയുടെ പേരിലുള്ള റെക്കോര്‍ഡ് രോഹിത് ശര്‍മ്മ തിരുത്തിക്കുറിക്കുമെന്നാണ് എല്ലാവരും വിചാരിച്ചിരുന്നത്. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകാത്ത കോഹ്‌ലി ഒടുവില്‍ സ്വന്തം കൈപ്പിടിയില്‍ റെക്കോര്‍ഡ്‌ ഒതുക്കുകയായിരുന്നു.

പൊതുവേ റണ്‍ ചേസില്‍ മികവു പുലര്‍ത്തുന്ന ഇന്ത്യന്‍ നായകന്‍ ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. പ്രതിസന്ധി ഘട്ടത്തിലും ആത്മവിശ്വാസത്തോടെ ബാറ്റുചെയ്ത കോഹ്‌ലി ഇന്ത്യയെ വിജയത്തോട് അടുപ്പിച്ച ശേഷമാണ് പുറത്തായത്. 

85 റണ്‍സുമായി പുറത്താകുമ്പോള്‍ 2019ല്‍ രോഹിത് ശര്‍മ്മയെ പിന്നിലാക്കി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി കോഹ്‌ലി മാറിയിരുന്നു.

2455 റണ്‍സാണ് കോഹ്‌ലിയുടെ ബാറ്റില്‍ നിന്നും ഈ വര്‍ഷം പറന്നത്. രണ്ടാം സ്ഥാനത്തുള്ള രോഹിത്തിന്‍റെ അക്കൗണ്ടില്‍ 2442 റണ്‍സുണ്ട്. പാകിസ്ഥാന്‍ താരം ബാബര്‍ അസം 2082 റണ്‍സുമായി മൂന്നാം സ്ഥാനത്തുണ്ട്. 1820 നേടിയ ന്യൂസിലന്‍ഡ് താരം റോസ് ടെയ്‌ലര്‍ നാലാമതാണ്. അഞ്ചാം സ്ഥാനത്തുള്ള ജോ റൂട്ടിന് 1790 റണ്‍സാണ് ഉള്ളത്.

എന്നാല്‍ രണ്ടാം ഏകദിനത്തിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന രണ്ടാമത്തെ താരമായി രോഹിത് മാറിയിരുന്നു. ഇതോടെ 2019 ല്‍ മാത്രം 7 സെഞ്ച്വറികളാണ് രോഹിത് സ്വന്തമാക്കിയത്.

Trending News