ക്രിക്കറ്റ് പ്രേമികൾക്ക് അത്യന്തം നിരാശ പകരുന്ന ഒന്നാണ് വിരാട് കോലിയുടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള അപ്രതീക്ഷിതമായ വിരമിക്കൽ പ്രഖ്യാപനം. ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റിലൂടെ ആയിരുന്നു ഈ പ്രഖ്യാപനം. കോലിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പൂർണരൂപം വായിക്കാം...
"ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി ബാഗി ബ്ലൂ ധരിച്ചിട്ട് 14 വർഷമായി. സത്യം പറഞ്ഞാൽ, ഈ ഫോർമാറ്റ് എന്നെ കൊണ്ടുപോകുന്ന യാത്ര ഞാൻ ഒരിക്കലും സങ്കൽപ്പിച്ചിട്ടില്ല. അത് എന്നെ പരീക്ഷിച്ചു, എന്നെ രൂപപ്പെടുത്തി, ജീവിതകാലം മുഴുവൻ ഞാൻ കൂടെ കൂട്ടുന്ന പാഠങ്ങൾ എന്നെ പഠിപ്പിച്ചു.
വെള്ള കുപ്പായത്തിൽ കളിക്കുന്നതിൽ വ്യക്തിപരമായി ആഴത്തിലുറങ്ങുന്ന എന്തോ ഒന്നുണ്ട്. ശാന്തമായ മുഴക്കം, നീണ്ട ദിനങ്ങൾ, ആരും കാണാത്ത, എന്നാൽ എന്നും കൂടെയുണ്ടാകുന്ന ചെറിയ നിമിഷങ്ങൾ...
ഈ ഫോർമാറ്റിൽ നിന്ന് പടിയിറങ്ങുന്നത് എളുപ്പമുള്ള കാര്യമല്ല, പക്ഷേ അതാണ് ശരിയെന്ന് തോന്നുന്നു. എനിക്കുള്ളതെല്ലാം ഞാൻ ടെസ്റ്റ് ക്രിക്കറ്റിനായി നൽകിയിട്ടുണ്ട്. പ്രതീക്ഷിക്കാവുന്നതിലും കൂടുതൽ അത് എനിക്ക് തിരികെയും നൽകി.
ഹൃദയം നിറഞ്ഞ നന്ദിയോടെയാണ് ഞാൻ നടന്നു നീങ്ങുന്നത്- ഈ കളിയോട്, കളിക്കളത്തിൽ ഒപ്പമുണ്ടായിരുന്ന ഓരോരുത്തരോടും, വഴിയിൽ എന്നെ കാണാൻ പ്രേരിപ്പിച്ച ഓരോരുത്തരോടും
എന്റെ ടെസ്റ്റ് ക്രിക്കറ്റ് കരിയറിലേക്ക് ഞാൻ എപ്പോഴും ഒരു പുഞ്ചിരിയോടെ തിരിഞ്ഞുനോക്കും.
#269, സൈൻ ഓഫ്.