സിഎസ്കെ ആരാധകന്‍റെ വിവാഹ ക്ഷണക്കത്ത് വൈറല്‍

ഐപിഎല്‍ ടീമായ സിഎസ്കെയോടുള്ള അമിതമായ സ്നേഹം തന്‍റെ വിവാഹക്ഷണ കത്തിലും കാണിച്ച യുവാവ്.

Sneha Aniyan | Updated: Sep 13, 2018, 04:23 PM IST
സിഎസ്കെ ആരാധകന്‍റെ വിവാഹ ക്ഷണക്കത്ത് വൈറല്‍

ഫുട്ബോളിനോടും ക്രിക്കറ്റിനോടും പ്രത്യേക അടുപ്പം കാത്ത് സൂക്ഷിക്കുന്നവരാണ്  ദക്ഷിണേന്ത്യക്കാര്‍. എന്നാല്‍, ഐപിഎല്‍ ടീമായ സിഎസ്കെയോടുള്ള അമിതമായ സ്നേഹം തന്‍റെ വിവാഹക്ഷണ കത്തിലും കാണിച്ച യുവാവാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ താരം. 

സിഎസ്‌കെ മാച്ച് ടിക്കറ്റിന്‍റെ മാതൃകയിലാണ് കടുത്ത ആരാധകനായ കെ വിനോദ് തന്‍റെ വിവാഹക്ഷണ കത്ത് തയാറാക്കിയിരിക്കുന്നത്. സിഎസ്‌കെയുടെയും എം.എസ്.ധോണിയുടെയും കടുത്ത ആരാധകനായ വിനോദ് വിവാഹ ക്ഷണക്കത്തില്‍ വ്യത്യസ്തത നിലനിര്‍ത്താനായാണ് ഇങ്ങനെ ചെയ്തത്. 

സിഎസ്‌കെയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിനോദിന്‍റെ വിവാഹ ക്ഷണക്കത്ത് സിഎസ്‌കെയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

2018ല്‍ ഐപിഎല്‍ കിരീടം ചെന്നൈ സൂപ്പര്‍ കിംഗ്സാണ് നേടിയത്. ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചാണ് ചെന്നൈ അവരുടെ മൂന്നാമത് ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടത്.

2015ല്‍ മഹേന്ദ്ര സിംഗ് ധോണി ഒപ്പിട്ട ബാറ്റ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും വിനോദ് പറയുന്നു.   '2015ലാണ് സിഎസ്‌കെ എനിക്കൊരു സര്‍പ്രൈസ് നല്‍കിയത്. ചെന്നൈയുടെ അവസാന ഹോം ഗ്രൗണ്ട് മത്സരത്തിനുശേഷം എന്‍റെ പേര് അനൗണ്‍സ് ചെയ്യുകയും ധോണിയുടെ കൈയ്യൊപ്പുളള ബാറ്റ് സമ്മാനമായി നല്‍കുകയുമായിരുന്നു' വിനോദ് പറഞ്ഞു. 

രണ്ടു വര്‍ഷത്തെ വിലക്കിനുശേഷം കഴിഞ്ഞ സീസണിലൂടെയാണ് സിഎസ്‌കെ ഐപിഎല്ലിലേക്ക് മടങ്ങിയെത്തിയത്. ടീമിന്‍റെ മടങ്ങി വരവ് ആരാധകര്‍ വന്‍ ആഘോഷമാക്കി മാറ്റുകയും ചെയ്തിരുന്നു‍.

കാവേരി പ്രശ്‌നത്തെ തുടര്‍ന്ന് ടീമിന്‍റെ ഹോം ഗ്രൗണ്ടായ ചെന്നൈയില്‍ മത്സരങ്ങള്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. പൂനെയിലാണ് സിഎസ്‌കെ മത്സരങ്ങള്‍ നടന്നത്. ചെന്നൈയില്‍നിന്നും പൂനെയിലേക്ക് ഹോം ഗ്രൗണ്ട് മാറിയത് ആരാധകരെ ഏറെ സങ്കടപ്പെടുത്തി.

ഒടുവില്‍ സിഎസ്‌കെയോടുളള ആരാധക സ്‌നേഹം മനസിലാക്കിയ ടീം പൂനെയില്‍ നടന്ന സൂപ്പര്‍ കിംഗ്സിന്‍റെ ഹോം മത്സരങ്ങള്‍ കാണാന്‍ ചെന്നൈയില്‍ നിന്നുളള ആരാധകര്‍ക്ക് യാത്രാ സൗകര്യം ഒരുക്കുകയായിരുന്നു. 

ആരാധകര്‍ക്ക് സഞ്ചരിക്കാനായി 'വിസില്‍ പോടു എക്‌സ്പ്രസ്' എന്ന് വിളിക്കുന്ന ഒരു പ്രത്യേക ട്രെയിന്‍ തന്നെയാണ് ടീം ഉടമകള്‍ തയ്യാറാക്കിയത്.

ചെന്നൈ സൂപ്പര്‍ കിംഗ്സിനോടുളള ആരാധകരുടെ അകമഴിഞ്ഞ സ്‌നേഹത്തിന്റെ സാക്ഷ്യം കൂടിയായി മാറി കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഗ്യാലറിയിലെ നിറഞ്ഞ സാന്നിധ്യം.