)
തിരുവനന്തപുരം: ശ്രീലങ്കയ്ക്കെതിരായ മൂന്നാം വനിതാ ടി20യില്‍ അനായാസ ജയം നേടി ഇന്ത്യ. എട്ട് വിക്കറ്റിനാണ് ഇന്ത്യ ജയിച്ച് പരമ്പര സ്വന്തമാക്കിയത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. 113 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ഇന്ത്യ 13.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് വിജയിച്ചത്.
42 പന്തില്‍ 79 റണ്‍സ് നേടി പുറത്താവാതെ നിന്ന ഷെഫാലി വര്‍മയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ വരിഞ്ഞുകെട്ടിയത് രേണുക സിംഗ്, ദീപ്തി ശര്‍മ എന്നിവരാണ്. രേണുക നാല് വിക്കറ്റും, ദീപ്തി മൂന്ന് വിക്കറ്റുമാണ് വീഴ്ത്തിയത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇനി രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് നാലാം ഓവറില്‍ തന്നെ സ്മൃതി മന്ദാനയുടെ (1) വിക്കറ്റ് നഷ്ടമായി. കവിഷ ദില്‍ഹാരിയാണ് വിക്കറ്റെടുത്തത്. തുടർന്ന് ജമീമ റോഡ്രിഗസ് (9) ക്രീസിലിറങ്ങിയെങ്കിലും തിളങ്ങാനായില്ല. ജമീമയുടെ വിക്കറ്റും കവിഷ തന്നെയാണ് വീഴ്ത്തിയത്. പിന്നാലെ ഷെഫാലി വർമ - ഹര്‍മന്‍പ്രീത് കൗര്‍ (21) കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ചുറിയാണ് ഷെഫാലി നേടിയത്. മൂന്ന് സിക്സും 11 ഫോറുമാണ് ഷെഫാലിയുടെ ഇന്നിംഗ്സ്.
27 റണ്‍സ് നേടിയ ഇമേഷ ദുലനിയാണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍. അഞ്ചാം ഓവറിൽ ശ്രീലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ലങ്കന്‍ ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തുവിന്റെ വിക്കറ്റ് വീഴ്ത്തിയത് ദീപ്തിയാണ്. പവര്‍ പ്ലേയുടെ അവസാന ഓവറിലാണ് രേണുക രണ്ട് വിക്കറ്റുകള്‍ നേടിയത്. ഹര്‍ഷിത സമരവിക്രമ (2), ഹസിനി പെരേര (25) എന്നിവരുടെ വിക്കറ്റുകളാണ് രേണുക നേടിയത്. തുടര്‍ന്ന് നിലക്ഷിക സില്‍വ (4) യുടെ വിക്കറ്റും ലങ്കയ്ക്ക് നഷ്ടമായി. പിന്നീട് ദുലനി - കവിഷ ദില്‍ഹാരി സഖ്യമാണ് 40 റണ്‍സ് കൂട്ടിചേര്‍ത്ത് ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്.
പിന്നാലെ കവിഷയെ ദീപ്തി പുറത്താക്കി കൊണ്ട് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ദുലാനിയയുടെ വിക്കറ്റ് രേണുകയും വീഴ്ത്തി. തുടര്‍ന്ന് എത്തിയ കൗഷിനി നുത്യാഗന (പുറത്താവാതെ 19) കൂട്ടിചേര്‍ത്ത റണ്‍സ് ലങ്കയെ 100 കടത്തി. മല്‍ഷ ഷെഹാനിയും പുറത്തായിരുന്നു. മല്കി മദാര (1) പുറത്താവാതെ നിന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.