close

News WrapGet Handpicked Stories from our editors directly to your mailbox

ഓസ്ട്രേലിയ ഇംഗ്ലണ്ട് സെമി: ഫൈനലിന് മുന്‍പൊരു ഫൈനല്‍?

ലോകകപ്പ് ക്രിക്കറ്റിന്‍റെ ഫൈനലില്‍ ആര് കളിക്കുമെന്ന് ഇന്നറിയാം... ഇന്ത്യയെ 18 റണ്‍സിന് പരാജയപ്പെടുത്തി ഇതിനോടകം ന്യൂസിലാന്‍ഡ്‌ ഫൈനലില്‍ ഇടം നേടിയിരിക്കുകയാണ്.

Updated: Jul 11, 2019, 02:38 PM IST
ഓസ്ട്രേലിയ ഇംഗ്ലണ്ട് സെമി: ഫൈനലിന് മുന്‍പൊരു ഫൈനല്‍?

ബെര്‍മി൦ഗ്ഹാം: ലോകകപ്പ് ക്രിക്കറ്റിന്‍റെ ഫൈനലില്‍ ആര് കളിക്കുമെന്ന് ഇന്നറിയാം... ഇന്ത്യയെ 18 റണ്‍സിന് പരാജയപ്പെടുത്തി ഇതിനോടകം ന്യൂസിലാന്‍ഡ്‌ ഫൈനലില്‍ ഇടം നേടിയിരിക്കുകയാണ്.

എന്നാല്‍ ക്രിക്കറ്റ് പ്രേമികള്‍ക്കറിയാം ഇന്ന് നടക്കുന്ന ഓസ്ട്രേലിയ ഇംഗ്ലണ്ട് സെമി ഫൈനല്‍ മറ്റൊരു ഫൈനല്‍ മത്സരമാണെന്ന്. ഫൈനലിനേക്കാള്‍ ശ്രദ്ധയാകര്‍ഷിക്കുന്ന മത്സരമായിരിക്കും ഇന്നത്തേത്. കൂടാതെ, ചിര വൈരികളായ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഇന്നത്തെ മത്സരത്തില്‍ ഒരു പ്രവചനം അപ്രാപ്യവുമാണ്.

കിരീടത്തിലേക്ക് ഒരു ചുവട് കൂടി അടുക്കുകയെന്ന ലക്ഷ്യത്തോടെ ഇരു ടീമുകളും അങ്കത്തിനിറങ്ങുമ്പോള്‍ തീപാറുന്ന പോരാട്ടം കളിക്കളത്തില്‍ പ്രതീക്ഷിക്കാം.

ലോകകപ്പ്‌ ചരിത്രത്തില്‍ സെമി ഫൈനലില്‍ ഒരിക്കല്‍പോലും പരാജയപ്പെടാത്ത ടീമാണ് ഓസ്ട്രേലിയ. അഞ്ചു വട്ടം "ക്രിക്കറ്റ് ലോക"ത്തിന്‍റെ നെറുകയിലെത്തിയ ചരിത്രമുള്ള, സര്‍വോപരി നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ തങ്ങളുടെ ട്രോഫി ക്യാബിനെറ്റിലെ ലോകകപ്പുകളുടെ എണ്ണം അര ഡസന്‍ ആയി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്. 

എന്നാല്‍ ഇംഗ്ലണ്ടിന്‍റെ കാര്യം മറിച്ചാണ്. ഓസ്ട്രേലിയയോട് പരാജയപ്പെട്ടതോടെ പിന്നീടങ്ങോട്ട് വിജയത്തെ മാത്രം ആശ്ലേഷിക്കുകയായിരുന്നു ഇംഗ്ലണ്ട്. ഇന്ത്യയെയും ന്യൂസിലാന്‍ഡിനെയും കീഴടക്കി രാജകീയമായാണ് ആതിഥേയർ സെമിയിൽ എത്തിച്ചേര്‍ന്നിരിക്കുന്നത്.

ലോകകപ്പ് ആസന്നമായിരുന്ന വേളയില്‍ തന്നെ ക്രിക്കറ്റ് നിരീക്ഷകരുടെയും വാതുവെപ്പുകാരുടെയും പ്രിയപ്പെട്ട ടീമായിരുന്നു ഇംഗ്ലണ്ട്. സമീപകാലത്ത് ഏകദിന ക്രിക്കറ്റില്‍ അവര്‍ കൈവരിച്ച അസൂയാവഹമായ നേട്ടങ്ങളും ലോകകപ്പിനു ആതിഥ്യം വഹിക്കുന്നതെന്ന വസ്തുതയുമെല്ലാമാണ് ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത അവര്‍ക്ക് കല്‍പിച്ചു കൊടുക്കാന്‍ കാരണം.

എന്നാല്‍, പോരായ്മകളില്‍നിന്നും കരുത്താര്‍ജ്ജിച്ച് മുന്നേറുന്നവരാണ് യഥാര്‍ത്ഥ ചാമ്പ്യന്‍മാര്‍‍. സെമി ഫൈനലില്‍നിന്നും പരാജയമറിയാതെ ജേതാക്കളാകുന്നത് ഒരു ശീലമാക്കിയിട്ടുള്ള ഓസ്ട്രേലിയയും, ക്രിക്കറ്റ് കണ്ടു പിടിച്ചവരെന്ന ഖ്യാതിയിലും ഇതുവരെ ഒരു ലോകകപ്പ് കിരീടത്തില്‍ മുത്തമിടാന്‍ കഴിഞ്ഞിട്ടില്ല എന്ന കുറവു നികത്താനിറങ്ങുന്ന ഇംഗ്ലണ്ടും ഇന്ന് മൈതാനത്ത് ഏറ്റുമുട്ടുമ്പോള്‍ ഫൈനലിന് മുന്‍പൊരു ഫൈനലാവും നടക്കുക!!