ലോഡ്സ്: ലോകകപ്പിലെ ലീഗ് മത്സരത്തിലെ അവസാന പോരാട്ടത്തിനിറങ്ങി പാക്കിസ്ഥാനും ബംഗ്ലാദേശും.
സെമി ഫൈനല്‍ സാധ്യതാ പട്ടികയില്‍ നിന്നും ഇതിനോടകം പുറത്തായ ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം ഈ മത്സരം പ്രധാന്യമേറിയതല്ല. എന്നാല്‍ ഇത് ബംഗ്ലാദേശിനെ ബാധിക്കില്ല എന്നത് ഉറപ്പാണ്. തികഞ്ഞ മത്സരബുദ്ധിയോടെ മാത്രമേ ബംഗ്ലാദേശ് കളിക്കളത്തില്‍ ഇറങ്ങൂ. ഇതുവരെ ലോകകപ്പിള്‍ മികച്ച പ്രകടനമാണ് ബംഗ്ലാദേശ് കാഴ്ചവച്ചത്.
എന്നാല്‍, പാക്കിസ്ഥാന്റെ കാര്യം മറിച്ചാണ്. ഇന്ന് നടക്കുക ജീവന്മരണ പോരാട്ടം തന്നെ. പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരത്തില്‍ വിജയം നേടിയാല്‍ മാത്രം സെമി ഫൈനലില്‍ എത്താന്‍ സാധിക്കില്ല. ഇനിയുമുണ്ട് വേറെ കടമ്പകള്‍.
ഇതുവരെ 3 രാജ്യങ്ങളാണ് സെമി ഫൈനലില്‍ ഇടം നേടിയിരിക്കുന്നത്. ഓസ്ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട് എന്നിവയാണ് അവ.
ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ന്യൂസിലാന്‍ഡ് 11 പോയിന്റോടെ നാലാം സ്ഥാനത്തുണ്ട്. ഇന്നത്തെ വിജയത്തിലൂടെ പാക്കിസ്ഥാന് മറികടക്കേണ്ടത് ന്യൂസിലാന്‍ഡിനെയാണ്. ന്യൂസിലാന്‍ഡിന് +0.175 റണ്‍ നിരക്കാണ് ഉള്ളത്. പാക്കിസ്ഥാന് -0.792 റണ്‍ നിരക്കും.
അതിനാല്‍ പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം നിരവധി കടമ്പകള്‍ കടക്കണം. ടോസ് നേടുകയും ഉയര്‍ന്ന സ്കോര്‍ പടുത്തുയര്‍ത്തുകയും ചെയ്യുക അനിവാര്യമാണ്.
എന്തായാലും, ടോസ് നേടിയ പാക്കിസ്ഥാന് ബാറ്റി൦ഗ് തിരഞ്ഞെടുത്തിരികുകയാണ്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയം കരസ്ഥമാക്കാനാണ് ഇന്ന് പാക്കിസ്ഥാന്റെ പരിശ്രമം.
കഴിഞ്ഞ കളിയിലെ അതേ ടീമിനെ നിലനിര്‍ത്തിയാണ് പാക്കിസ്ഥാന് ഇന്ന് കളത്തിലിറങ്ങിയിരിക്കുന്നത്. എന്നാല്‍ ബംഗ്ലാദേശ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. മഹമുദുള്ളക്ക് പകരം സബീറും മെഹ്ദി ഹസന് പകരം റുബേലും ടീമില്‍ ഇടം നേടി.
ലോകകപ്പ് സെമിയില്‍ എത്തണമെങ്കില്‍ ബംഗ്ലാദേശിനെതിരെ റെക്കോഡുകളെ മറികടക്കുന്ന വന്‍ ജയത്തിലൂടെ മാത്രമേ സാധിക്കൂ. കൂടാതെ, റണ്‍നിരക്കില്‍ കിവീസിനെ മറികടക്കുകയും വേണം.
'അവസാന മത്സരത്തില്‍ വിജയം മാത്രമല്ല വന്‍ജയം തന്നെയാണ് ലക്ഷ്യമിടുന്നത്. സെമിയിലെത്തുക തന്നെയാണ് ലക്ഷ്യം. ദൈവാനുഗ്രഹം കൂടിയുണ്ടെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കാം. 400, 500 റണ്‍ സ്കോര്‍ ചെയ്ത് എതിര് ടീമിനെ 60, 80 റണ്‍സിന് പുറത്താക്കിയാലേ ഞങ്ങള്‍ക്ക് സാധ്യതയുള്ളൂ എന്നറിയാം. അത്രയും റണ്‍ അടിക്കാനാകും ശ്രമം. യാഥാര്‍ഥ്യബോധത്തോടെ ചിന്തിച്ചാല്‍ ഞങ്ങള്‍ക്ക് ശ്രമിക്കാന്‍ മാത്രമേ കഴിയൂ' സര്‍ഫറാസ് ഖാന് മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.