ലോകകപ്പ്: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് മാറ്റു കുറഞ്ഞ വിജയം....!!

ലോകകപ്പിലെ ഏറ്റവും രോമാഞ്ചകരമായ മത്സരമായിരുന്നു ഇന്നലെ നടന്ന ഇന്ത്യ അഫ്ഗാനിസ്ഥാന്‍ മത്സരം എന്ന് തന്നെ പറയാം.

Last Updated : Jun 23, 2019, 09:15 AM IST
ലോകകപ്പ്: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് മാറ്റു കുറഞ്ഞ വിജയം....!!

റോസ് ബോള്‍ ക്രിക്കറ്റ് ഗ്രൗണ്ട്: ലോകകപ്പിലെ ഏറ്റവും രോമാഞ്ചകരമായ മത്സരമായിരുന്നു ഇന്നലെ നടന്ന ഇന്ത്യ അഫ്ഗാനിസ്ഥാന്‍ മത്സരം എന്ന് തന്നെ പറയാം.

അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് 11 റണ്‍സ് ജയം നേടിയെങ്കിലും അതൊരു മാറ്റു കുറഞ്ഞ വിജയം എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ലോകകപ്പിലെ ഏറ്റവും കുറഞ്ഞ സ്കോറുകളില്‍ ഒന്നായിരുന്നു ഇന്നലത്തെ മത്സരത്തിലേത്.

ഇന്ത്യയ്ക്ക് മുന്നില്‍ വീര്യം കുറഞ്ഞവര്‍ എന്ന് വിധിയെഴുതിയവര്‍ കരുത്തുറ്റ ഇന്ത്യയെ വെള്ളം കുടിപ്പിക്കുന്ന കാഴ്ചയാണ് ഇന്നലെ റോസ് ബോള്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ കാണുവാന്‍ കഴിഞ്ഞത്. 

ലോകത്തെ മികച്ച ബാറ്റി൦ഗ് നിരയുണ്ടായിട്ടും പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാര്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ ഇന്ത്യ പാടുപെടുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റി൦ഗ് നിരയെ അവര്‍ പിടിച്ച് കെട്ടി. അഫ്ഗാന്‍ സ്പിന്‍ നിരയാണ് അതില്‍ മുഖ്യ പങ്ക് വഹിച്ചത്.

ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ ടീം ദുര്‍ബലരായ അഫ്ഗാനെതിരെ, ഇംഗ്ലണ്ട് പടുത്തുയര്‍‍ത്തിയതുപോലെ കൂറ്റന്‍ സ്‌കോര്‍ നേടാമെന്നായിരിക്കാം സ്വപ്‌നം കണ്ടത്. എന്നാല്‍, സംഭവിച്ചത് മറിച്ചായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഫ്ഗാനിസ്ഥാന്‍റെ ബൗളിംഗിന് മുന്നില്‍ തകര്‍ന്നു. നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുക്കാനെ ഇന്ത്യയ്ക്കായൊള്ളൂ. 

അഫ്ഗാന്‍ ബൗളര്‍മാര്‍ കണിശതയോടെ പന്തെറിഞ്ഞപ്പോള്‍ ഈ ലോകകപ്പില്‍ രണ്ട് സെഞ്ച്വറിയുമായി ബാറ്റിംഗിനിറങ്ങിയ രോഹിതാണ് ആദ്യം വീണത്. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന കോഹ്‌ലിയും രാഹുലും ഇന്നിംഗ്‌സ് പതുക്കെ പടുത്തുയര്‍ത്തുന്നതിനിടെ നബിയ്ക്ക് മുന്‍പില്‍ വീണു. കോഹ്ലി 67 ഉം രാഹുല്‍ 30 ഉം റണ്‍സെടുത്തു.

എന്നാല്‍, മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാന്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ പരിചയസമ്പത്തിനും കൃത്യതയ്ക്കും മുന്നില്‍ അവസാനം വരെ പൊരുതിയെങ്കിലും തകരുകയായിരുന്നു. 

225 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ അഫ്ഗാന് 213 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. അവസാന ഓവറില്‍ 16 റണ്‍സ് വേണ്ടിയിരിക്കെ ഹാട്രിക്ക് നേടിയ ഷമിയാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. 

ഇന്ത്യയ്ക്കായി ഷമി 4 വിക്കറ്റും ബുമ്രയും ചാഹലും പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. അഫ്ഗാനായി മുഹമ്മദ് നബി 52 നേടിയപ്പോള്‍ റഹ്മത്ത് ഷാ 36 ഉം ഗുലാബ്ദീന്‍ 27 ഉം സദ്രാനും ഹസ്മത്തുള്ളയും 21 റണ്‍സ് വീതവും നേടി. അര്‍ധസെഞ്ച്വറി നേടിയ നബിയെ അവസാന ഓവറില്‍ ഷമി പുറത്താക്കിയതോടെയാണ് അഫ്ഗാന്റെ ചെറുത്തുനില്‍പ്പ് അവസാനിച്ചത്.

മികച്ച ബാറ്റിംഗ് പ്രകടനങ്ങളും കൂറ്റന്‍ ടീം സ്‌കോറുകളും കണ്ട ഇതുവരെയുള്ള ലോകകപ്പിലെ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബൗളര്‍മാര്‍ തിളങ്ങുന്നതായിരുന്നു ഇന്നലത്തെ മത്സരത്തില്‍ കണ്ട കാഴ്ച. തോറ്റെങ്കിലും പേര് കേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിരയെ കുറഞ്ഞ സ്‌കോറില്‍ പിടിച്ചുനിര്‍ത്തിയ അഫ്ഗാന്‍ ബൗളര്‍മാരും ക്രിക്കറ്റ് പ്രേമികളുടെ കൈയടി നേടി. അഫ്ഗാനെ വളരെ ലാഘവത്തോടെ കണ്ട ഇന്ത്യ അതിനുള്ള വിലയും നല്‍കേണ്ടി വന്നു.

അഫ്ഗാനിസ്ഥാനെതിരായ കഠിന പോരാട്ടം ഞങ്ങൾക്ക് വളരെ പ്രധാനമാണ് എന്നായിരുന്നു മത്സരശേഷം ക്യാപ്റ്റന്‍ വിരാട് കോഹ്ലി അഭിപ്രായപ്പെട്ടത്. 
എന്തായാലും കൃത്യമായി പരിശീലനത്തിന് പോലും ഇറങ്ങാതെ കൂറ്റന്‍ സ്‌കോര്‍ സ്വപ്നം കണ്ട ഇന്ത്യയ്ക്ക് അഫ്ഗാന്‍ നല്‍കിയത് വലിയ ഒരു പാഠമാണ്.

 

Trending News