യൂത്ത് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ചരിത്രം: 15കാരന്‍ ഉയര്‍ത്തിയത് 274 കിലോ

തുര്‍ക്കിയുടെ ടോപ്റ്റാസ് കാനറാണ് ഈ വിഭാഗത്തില്‍ വെള്ളി സ്വന്തമാക്കിയത്

Sneha Aniyan | Updated: Oct 9, 2018, 05:31 PM IST
യൂത്ത് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ചരിത്രം: 15കാരന്‍ ഉയര്‍ത്തിയത് 274 കിലോ

ബ്യൂണസ് ഐറിസ്: അര്‍ജന്‍റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ നടക്കുന്ന യൂത്ത് ഒളിമ്പിക്സില്‍ ചരിത്രമെഴുതി പതിനഞ്ചുകാരന്‍. 

ഭാരോദ്വഹനം പുരുഷന്മാരുടെ 62 കിലോഗ്രാം വിഭാഗത്തില്‍  സ്വര്‍ണം നേടിയയാണ് ഇന്ത്യന്‍ താരം ജെര്‍മി ലാല്‍രിംനുഗാ ചരിത്രത്തില്‍ ഇടം നേടിയത്. 

യൂത്ത് ഒളിമ്പിക്സിലെ പുരുഷന്മാരുടെ 62 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയ്ക്ക് ലഭിക്കുന്ന ആദ്യത്തെ സ്വര്‍ണമാണിത്. 274 കിലോഗ്രാം ഭാര൦ ഉയര്‍ത്തിയാണ് ജെര്‍മി സ്വര്‍ണം സ്വന്തമാക്കിയത്. 

തുര്‍ക്കിയുടെ ടോപ്റ്റാസ് കാനറാണ് ഈ വിഭാഗത്തില്‍ വെള്ളി സ്വന്തമാക്കിയത്.  കൊളംബിയയുടെ എസ്റ്റിവന്‍ ജോസ് വെങ്കല൦ കരസ്ഥമാക്കി.

കൂടാതെ, ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 150 കിലോഗ്രാം ഭാരവും, സ്നാച്ചില്‍ 124 കിലോഗ്രാം ഭാരവും ജെര്‍മി ഉയര്‍ത്തി. ഇതോടെ യൂത്ത് ഒളിമ്പിക്സില്‍ ഇന്ത്യയുടെ ആകെ മെഡല്‍നേട്ടം നാലായി ഉയര്‍ന്നു. 

ഷാഹു തുഷാര്‍ മാനെ, മെഹുലി ഘോഷ് എന്നിവര്‍ ഷൂട്ടി൦ഗിലും തബായ് ദേവി ജൂഡോയിലും വെള്ളി മെഡലുകള്‍ നേടിയിരുന്നു. ആണ്‍കുട്ടികളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് തുഷാര്‍ മാനെ വെള്ളി നേടിയത്. 

വനിതകളുടെ 44 കിലോഗ്രാം വിഭാഗം ജൂഡോയില്‍ വെനസ്വലയുടെ മരിയ ഗിമേനസിനോട് ഫൈനലില്‍ പരാജയപ്പെട്ടതോടെയാണ് തബാബി വെള്ളി മെഡലിന് അര്‍ഹയായത്.

ഇതാദ്യമായാണ് ഇന്ത്യ ജൂഡോയില്‍ ജൂനിയര്‍, സീനിയര്‍ തലത്തില്‍ ഒളിമ്പിക്സില്‍ മെഡല്‍ നേടുന്നത്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലായിരുന്നു മെഹുലി ഘോഷിന്‍റെ മെഡല്‍നേട്ടം. 

ഇത്തവണ ഇന്ത്യയില്‍ നിന്നുമെത്തിയിട്ടുള്ള 46 അത്‌ലറ്റുകള്‍ 13 ഇനങ്ങളിലായായിരിക്കും മത്സരിക്കുക. യൂത്ത് ഒളിമ്പിക്സിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ അത്‌ലറ്റ് സംഘമാണിത്. 2014ല്‍ ചൈനയില്‍ നടന്ന യൂത്ത് ഒളിമ്പിക്സില്‍ ഇന്ത്യ ഒരു വെള്ളിയും ഒരു വെങ്കലവുമാണ് നേടിയത്.
]