ഇത് ഇന്നുവരെ ജനിക്കാത്തവരുടെ മുഖങ്ങള്‍!!

ചിപ് നിര്‍മ്മാതാക്കളായ 'എന്‍വിഡിയ' കഴിഞ്ഞ വര്‍ഷം നടത്തിയ റിസര്‍ച്ചും വാംഗ് ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. 

Updated: Feb 19, 2019, 09:51 AM IST
ഇത് ഇന്നുവരെ ജനിക്കാത്തവരുടെ മുഖങ്ങള്‍!!

ന്യൂയോര്‍ക്ക്: ThisPersonDoesNotExist.com എന്നൊന്ന് ഗൂഗിള്‍ സേര്‍ച്ച്‌ ചെയ്ത് നോക്കൂ.. കുറെ ചിത്രങ്ങള്‍ കാണാം എന്നല്ലാതെ എന്താണ് എന്നാണോ?

ആ ചിത്രങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ആ ചിത്രത്തിലുള്ളവരൊന്നും ഇന്ന് വരെ ജനിച്ചിട്ടില്ല.

ഇന്ന് വരെ ജനിക്കാത്ത മനുഷ്യരുടെ ചിത്രങ്ങള്‍ വെച്ച് തയാറാക്കിയിരിക്കുന്ന ഈ വെബ്സൈറ്റ് റിഫ്രഷ് ചെയ്യുന്നതിന് അനുസരിച്ച് പുതിയ മുഖങ്ങള്‍ പ്രത്യക്ഷപ്പെടും. 

ഊബറിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ഫിലിപ് വാംഗ് നിര്‍മ്മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (AI) ഉപയോഗിച്ചാണ് ഈ സൈറ്റ് തയാറാക്കിയിരിക്കുന്നത്. ചിത്രങ്ങളെ സമന്വയിപ്പിക്കാന്‍ AIക്കുള്ള ശേഷിയെ കുറിച്ച് അധികമാര്‍ക്കും അറിയില്ലെന്നാണ് വാംഗ് അഭിപ്രായപ്പെടുന്നത്. 

ചിപ് നിര്‍മ്മാതാക്കളായ 'എന്‍വിഡിയ' കഴിഞ്ഞ വര്‍ഷം നടത്തിയ റിസര്‍ച്ചും വാംഗ് ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. 

യഥാര്‍ഥ ചിത്രങ്ങളില്‍ നടത്തിയ പഠനത്തിന് ശേഷമാണ് ജെനറേറ്റീവ് അഡ്വെര്‍സെരിയല്‍ നെറ്റ് വര്‍ക്ക് (GAN) എന്ന ന്യൂട്ട്രല്‍ നെറ്റ് വര്‍ക്ക്‌ സിസ്റ്റ൦ ഉപയോഗിച്ച് പുതിയ മുഖങ്ങള്‍ സൃഷ്ടിച്ചത്. 

ഈ സൈറ്റിന്‍റെ അടിസ്ഥാന AI ഘടനയ്ക്ക് പിന്നില്‍  ഇയാന്‍ ഗുഡ്ഫെല്ലോ എന്ന ഗവേഷകനാണ്. ആ ഘടനയില്‍ നിന്നും StyleGAN എന്ന അല്‍ഗോരിതം കണ്ടെത്തിയ എന്‍വിഡിയ അതില്‍ നിന്നും ബഹുമുഖമായ കണ്ടുപിടുത്തം നടത്തുകയായിരുന്നു. 

സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ നിന്നുമാണ് മനുഷ്യ മുഖങ്ങള്‍ കണ്ടെത്തുന്ന ഈ വിദ്യ എന്‍വിഡിയ പുറത്തു കൊണ്ടു വന്നത്. അതുകൊണ്ടു തന്നെ ഇത് ആര്‍ക്കും പുനരുപയോഗിക്കാന്‍ സാധിക്കും. 

ആനിമേറ്റ് ചെയ്ത അക്ഷരങ്ങള്‍, ഫോണ്ടുകള്‍, ഗ്രാഫിക്സ് തുടങ്ങിയവയുടെ നിര്‍മ്മാണത്തിലും ഇപ്പോള്‍ ഈ അല്‍ഗോരിതം പരീക്ഷിക്കുന്നുണ്ട്. ഈ സാങ്കേതിക വിദ്യയുടെ സഹായത്തില്‍ പരസ്യങ്ങള്‍ക്കും മറ്റും മോഡലുകള്‍ക്ക് പകരം ഇല്ലാ മനുഷ്യരെ തന്നെ ഉപയോഗിക്കാനാകും.

ഇത്തരം വ്യാജ മനുഷ്യരെ ഉപയോഗിച്ച് ഭാവിയില്‍ സിനിമ പോലും എ.ഐ നിര്‍മ്മിക്കുമെന്ന് കരുതുന്നവരും ഏറെയാണ്.