ദുരുപയോഗം: ഫേസ് റെക്കഗ്നിഷന് വിലക്ക്!!

സാന്‍ഫ്രാന്‍സിസ്‌കോ ബോര്‍ഡ് ഓഫ് സൂപ്പര്‍വൈസര്‍മാരാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

Updated: May 16, 2019, 01:38 PM IST
ദുരുപയോഗം: ഫേസ് റെക്കഗ്നിഷന് വിലക്ക്!!

സാന്‍ഫ്രാന്‍സിസ്‌കോ: 'ഫേസ് റെക്കഗ്നിഷന്‍' സംവിധാനത്തിന് നിരോധനം ഏര്‍പ്പെടുത്തി സാന്‍ഫ്രാന്‍സിസ്‌കോ. 'ഫേസ് റെക്കഗ്നിഷന്‍' സംവിധാനത്തിന് നിരോധനം ഏര്‍പ്പെടുത്തുന്ന ആദ്യ യുഎസ് നഗരമാണ് സാന്‍ഫ്രാന്‍സിസ്‌കോ.

'ഫേസ് റെക്കഗ്നിഷന്‍' സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നെന്നും  അത് സ്വകാര്യതക്കും സുരക്ഷിതത്വത്തിനും ഭീഷണിയാവുന്നുവെന്നും ചൂണ്ടികാട്ടിയാണ് നടപടി.

സാന്‍ഫ്രാന്‍സിസ്‌കോ ബോര്‍ഡ് ഓഫ് സൂപ്പര്‍വൈസര്‍മാരാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഒന്നിനെതിരെ എട്ടു വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു തീരുമാനം. 

ഇനിമുതല്‍ പുതിയ നിരീക്ഷണ ഉപകരണങ്ങള്‍ വാങ്ങുന്നതിനു മുന്‍പ് അത് പൊതുജനങ്ങളെ അറിയിക്കുകയും, നിയമനിര്‍മ്മാണ സഭയുടെ അംഗീകാരം തേടുകയും വേണം.

നിരവധി പേര്‍ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തിയെങ്കിലും പുതിയ നിയമത്തിനെതിരെ വിമര്‍ശനങ്ങളും ശക്തമാണ്. 

സമൂഹത്തിന്‍റെ അഭിപ്രായങ്ങള്‍ കേള്‍ക്കാനും അംഗീകരിക്കാനും മനസ് കാണിച്ച സാന്‍ഫ്രാന്‍സിസ്‌കോ ബോര്‍ഡിന് നന്ദി അറിയിക്കുന്നതായി ഒരു കൂട്ടം ആളുകള്‍ പറയുന്നു. 

സാന്‍ഫ്രാന്‍സിസ്‌കോയെടുത്ത ഈ തീരുമാനം മറ്റ് രാജ്യങ്ങള്‍ക്ക് പ്രചോദനമാകണമെന്നാണ് അവര്‍ പറയുന്നത്.

എന്നാല്‍, ഫേസ് റെക്കഗ്നിഷന്‍ പോലെയൊരു സാങ്കേതിക വിദ്യയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് മണ്ടത്തരമാണെന്നാണ് മറ്റു ചിലരുടെ അഭിപ്രായം.