close

News WrapGet Handpicked Stories from our editors directly to your mailbox

ബിജെപി ഒന്നാമതും കോണ്‍ഗ്രസ് ആറാമതും!!

വൈ.എസ്.ആര്‍ കോണ്‍ഗ്രസും തെലുങ്കുദേശം പാര്‍ട്ടിയുമാണ് തൊട്ടു പിന്നില്‍.

Updated: Apr 4, 2019, 07:09 PM IST
ബിജെപി ഒന്നാമതും കോണ്‍ഗ്രസ് ആറാമതും!!

മൂഹ മാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ബിജെപി, പരസ്യങ്ങള്‍ക്കായി ചിലവിട്ടത് ഒന്‍പത് കോടി!!

'ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ട്' പ്രകാരം 7.75 കോടി രൂപയാണ് ബിജെപി ഫേസ്ബുക്ക്‌ പരസ്യങ്ങള്‍ക്കായി ചിലവിട്ടത്. 'മന്‍ കി ബാത്ത്' പരിപാടിയുടെ പരസ്യത്തിന് വേണ്ടി മാത്രം ചിലവാക്കിയത് 2.23 കോടി രൂപയാണ്.

സ്വന്തം പേരില്‍ ബിജെപി ഫേസ്ബുക്കില്‍ ചിലവാക്കിയത് 37.74 ലക്ഷം രൂപയാണ്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായാണ് ബിജെപി ഈ തുകയെല്ലാം ചിലവഴിച്ചിരിക്കുന്നത്. 

''മൈ ഫസ്റ്റ് വോട്ട് ഫോര്‍ മോദി'' എന്ന പ്രചാരണ പരിപാടിയ്ക്കായി 1.05 കോടി രൂപയും ''നേഷന്‍ വിത്ത് നമോ''യ്ക്കായി 59.15 ലക്ഷം രൂപയുമാണ് ബി.ജെ.പി ഫേസ്ബുക്കിന് നല്‍കിയത്. 

ഫേസ്ബുക്കില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസും തെലുങ്കുദേശം പാര്‍ട്ടിയുമാണ് കൂടുതല്‍ തുക ചിലവിട്ട മറ്റ് രണ്ട് പാര്‍ട്ടികള്‍.

4.19 ലക്ഷം രൂപ ചിലവിട്ട് വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്‍റെ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി ബി.ജെ.പിക്ക് പിന്നിലുണ്ട്. ഇതുവരെ ആകെ 5.91 ലക്ഷം രൂപയാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ചിലവഴിച്ചിരിക്കുന്നത്. 

എന്നാല്‍, പരസ്യങ്ങളുടെ കാര്യത്തില്‍ ബിജെപിയെക്കാള്‍ ബഹുദൂരം പിന്നിലാണ് കോണ്‍ഗ്രസ്. ആറാം സ്ഥാനത്തുള്ള കോണ്‍ഗ്രസ്, ചിലവിട്ടത് 54,100 രൂപയാണ്.

ഗൂഗിളില്‍ ബിജെപി ചിലവാക്കിയത്  1.21 കോടി രൂപയാണ്. രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ഗൂഗിളില്‍ രണ്ടുമാസത്തിനുള്ളില്‍ ചിലവാക്കിയതില്‍ 32 ശതമാനവും ബി.ജെ.പിയുടേതാണ്. ഗൂഗിളിന്‍റെ ഇന്ത്യന്‍ ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ട് പ്രകാരം ബി.ജെ.പി 554 പരസ്യങ്ങളാണ് നല്‍കിയത്. 

രണ്ടാം സ്ഥാനത്ത് വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസാണ്, 1.04 കോടിയാണ് ചിലവിട്ടത്.  മൂന്നാം സ്ഥാനത്ത് ടി.ഡി.പിയാണ്. ചന്ദ്രബാബു നായിഡുവിന്‍റെ ടി.ഡി.പിക്ക് വേണ്ടി ചിലവിട്ടത് 85.25 ലക്ഷമാണ്. 

ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പരസ്യം വന്നത് ആന്ധ്രാപ്രദേശില്‍ നിന്നാണ്, 1.73 കോടി ഫേസ്ബുക്കില്‍ രാഷ്ട്രീയ കക്ഷികളു൦ ഏജന്‍സികളും രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ആകെ ചിലവാക്കിയത് 103,224,794 രൂപയാണ്. 

ഫെബ്രുവരി 19 മുതല്‍ ഗൂഗിളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ചിലവാക്കിയത് 37,616,400 രൂപയും. രണ്ടുമാസത്തിനുള്ളില്‍ 51,810 പരസ്യങ്ങളാണ് ഫേസ്ബുക്കില്‍ നല്‍കിയത്.