അതിവേഗ ഇന്‍റര്‍നെറ്റുമായി ബി.എസ്.എന്‍.എല്‍

ഫിക്സഡ് ഫോണ്‍ രംഗത്ത് പുതിയ ഡേറ്റാ വിപ്ലവവുമായി എത്തിയ റിലയന്‍സ് ജിയോയുടെ ഭീഷണി മറികടക്കാന്‍ ഒരുങ്ങി ബിഎസ്എന്‍എല്‍.

Updated: Jul 7, 2018, 12:21 PM IST
അതിവേഗ ഇന്‍റര്‍നെറ്റുമായി ബി.എസ്.എന്‍.എല്‍

ഫിക്സഡ് ഫോണ്‍ രംഗത്ത് പുതിയ ഡേറ്റാ വിപ്ലവവുമായി എത്തിയ റിലയന്‍സ് ജിയോയുടെ ഭീഷണി മറികടക്കാന്‍ ഒരുങ്ങി ബിഎസ്എന്‍എല്‍.

100 എം.ബി.പി.എസ് വേഗമുള്ള ഇന്‍റര്‍നെറ്റ് സംവിധാനവുമായാണ് ബിഎസ്എന്‍എല്‍ ഇത്തവണ എത്തുന്നത്. കൂടിയ വേഗത്തില്‍ ഒപ്റ്റിക്കല്‍ ബര്‍വഴി കുറഞ്ഞനിരക്കില്‍ ഇന്‍റര്‍നെറ്റ് നല്‍കുന്ന പദ്ധതിക്ക് വെള്ളിയാഴ്ച തുടക്കമാകും.  

കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ ടെലികോം നയപ്രകാരം 2022-ഓടെ രാജ്യത്തെ 50 ശതമാനം വീടുകളിലും സ്ഥാപനങ്ങളിലും 50 എം.ബി.പി.എസ്. വേഗത്തില്‍ നെറ്റ് കണക്‌ഷന്‍ നല്‍കണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് ഈ നടപടി.

പ്രതിമാസം 1277 രൂപയ്ക്ക് 750 ജി.ബി. ഡേറ്റ‍, 777 രൂപയ്ക്ക് 50 എം.ബി.പി.എസ്. വേഗത്തില്‍ 500 ജി.ബി. ഡേറ്റ. ഇങ്ങനെ രണ്ട് തരം പ്ലാനുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ഡൗണ്‍ലോഡിനും അപ്‌ലോഡിനും ഒരേ വേഗം തന്നെയായിരിക്കുമെന്നു മാത്രമല്ല പരിധിയില്ലാത്ത കോളുകളും ലഭ്യമാകും. 

മാത്രമല്ല, ലാന്‍ഡ് ലൈനിലൂടെയും വൈഫൈവഴി മൊബൈല്‍ ഫോണുകളിലൂടെയും കോളുകള്‍ വിളിക്കാവുന്നതാണ്. 750 ജി.ബി. കഴിഞ്ഞ് പരിധിയില്ലാതെ നെറ്റ് ഉപയോഗിക്കാമെങ്കിലും വേഗത രണ്ട് എം.ബി.പി.എസായി കുറയും.

ബി.എസ്.എന്‍.എല്ലിന് ഇപ്പോള്‍ നഗരങ്ങളിലും ചില ഗ്രാമീണ മേഖലകളിലും മാത്രമാണ് ഫൈബര്‍ ഒപ്റ്റിക്കല്‍ കേബിള്‍ ഉള്ളത്. പുതിയ പദ്ധതി നടപ്പാക്കാന്‍ രാജ്യത്തെ കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാരുമായി നെറ്റ് കൈമാറ്റത്തിന് കരാര്‍ എടുത്തിട്ടുണ്ട്.

കേരള ടെലികോം സര്‍ക്കിളിനുകീഴില്‍ അഞ്ഞൂറോളം കേബിള്‍ ടി.വി. കമ്പനികളുമായും കരാര്‍ ഒപ്പിട്ടിട്ടുണ്ട്. അവരുടെ കേബിള്‍ വഴിയായിരിക്കും നെറ്റ് കണക്‌ഷന്‍ കൊടുക്കുക. അറ്റകുറ്റപ്പണികളുടെ ഉത്തരവാദിത്വം കേബിള്‍ നെറ്റുവര്‍ക്കുകള്‍ക്കായിരിക്കും. 

അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ പരമാവധി സര്‍ക്കിളുകളില്‍ ഒപ്റ്റിക്കല്‍ കേബിള്‍ സജ്ജീകരിക്കാനുള്ള ഒരുക്കത്തിലാണ് ബി.എസ്.എന്‍.എല്‍.