ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു

ഐ.ടി മന്ത്രാലയം ഗൂഗിളിനും ആപ്പിളിനും ഇത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.   

Updated: Apr 16, 2019, 03:21 PM IST
ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ടിക് ടോക് നിരോധിക്കാനുള്ള മദ്രാസ്‌ ഹൈക്കോടതിയുടെ വിധിയ്ക്ക് സ്റ്റേ അനുവദിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചതിന് പിന്നാലെ ആപ്പ് സ്റ്റോറുകളില്‍ നിന്നും ടിക് ടോക് നീക്കം ചെയ്യാനുള്ള നിര്‍ദ്ദേശം നല്‍കാനുള്ള തീരുമാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

ഐ.ടി മന്ത്രാലയം ഗൂഗിളിനും ആപ്പിളിനും ഇത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ആണ് കേസില്‍ പെട്ടെന്ന് സ്റ്റേ അനുവദിക്കാന്‍ വിസമ്മതിച്ചത്. കേസ് ഏപ്രില്‍ 22ലേക്ക് മാറ്റി.  

അതേ സമയം കേസില്‍ ഇടക്കാലവിധി പുറപ്പെടുവിച്ച് ടിക് ടോക് നിരോധിക്കണം എന്ന ഹര്‍ജി മധുര ഹൈക്കോടതി ബെഞ്ച് വീണ്ടും പരിഗണിക്കും. 

അശ്ലീലത പ്രോത്സാഹിപ്പിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മദ്രാസ്‌ ഹൈക്കോടതി ടിക് ടോക് നിരോധിക്കണമെന്ന ഉത്തരവിറക്കിയത്.  അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ മുത്തുകുമാര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.

കുട്ടികളുടെ സുരക്ഷയ്ക്ക് പോലും ടിക് ടോക് ഭീഷണിയാകുന്നുവെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ടിക് ടോക് നിരോധിക്കാനും, ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന വഴികള്‍ അടയ്ക്കാനും കോടതി കേന്ദ്ര സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയത്.

എന്നാല്‍ വിധിക്കെതിരെ ആപ്പ് ഉടമകള്‍ സുപ്രീംകോടതിയെ സമീപിച്ചതാണ് നടപടികള്‍ വൈകാന്‍ കാരണം.  പോണോഗ്രാഫിയെ പ്രോത്സാഹിപ്പിക്കുന്ന ടിക് ടോക് കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നുവെന്നും മാധ്യമങ്ങള്‍ ടിക് ടോക് വീഡിയോകള്‍ പ്രക്ഷേപണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.