കോണ്‍ടാക്ട് ലിസ്റ്റില്‍ ആധാര്‍ ഹെല്‍പ്​ലൈൻ നമ്പര്‍; ക്ഷമചോദിച്ച് ഗൂഗിള്‍

അശ്രദ്ധമൂലമുണ്ടായ ഈ സംഭവത്തില്‍ ക്ഷമ ചോദിക്കുന്നതായും ഭാവിയില്‍ ഇത്തരം തെറ്റുകള്‍ സംഭവിക്കില്ലെന്നും ഗൂഗിള്‍ പ്രസ്താവനയില്‍ അറിയിച്ചു.   

Last Updated : Aug 4, 2018, 12:36 PM IST
കോണ്‍ടാക്ട് ലിസ്റ്റില്‍ ആധാര്‍ ഹെല്‍പ്​ലൈൻ നമ്പര്‍; ക്ഷമചോദിച്ച് ഗൂഗിള്‍

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റില്‍ ആധാര്‍ ഹെല്‍പ്​ലൈൻ നമ്പര്‍ കടന്നുകൂടിയതില്‍ ക്ഷമചോദിച്ച് ഗൂഗിള്‍. ആന്‍ഡ്രോയിഡ് ഫോണുകളില്‍ അബദ്ധത്തില്‍ നമ്പര്‍ കടന്നുകൂടിയതാണെന്നാണ് ഗൂഗിള്‍ വിശദീകരിച്ചത്. അടിയന്തര ഹെല്‍പ്​ലൈൻ നമ്പറായ 112 എന്ന നമ്പറിന് പകരം അബദ്ധത്തില്‍ ഈ നമ്പര്‍ വന്നതാണെന്നായിരുന്നു ഗൂഗിളിന്‍റെ വിശദീകരണം. 

അശ്രദ്ധമൂലമുണ്ടായ ഈ സംഭവത്തില്‍ ക്ഷമ ചോദിക്കുന്നതായും ഭാവിയില്‍ ഇത്തരം തെറ്റുകള്‍ സംഭവിക്കില്ലെന്നും ഗൂഗിള്‍ പ്രസ്താവനയില്‍ അറിയിച്ചു. ഫോണുകളില്‍ നിന്ന് ഈ നമ്പര്‍ മാനുവലായി നീക്കം ചെയ്യാന്‍ സാധിക്കുമെന്നും ഗൂഗിള്‍ അറിയിച്ചു. 

വെള്ളിയാഴ്ചയാണ് രാജ്യത്തുടനീളമുള്ള പതിനായിരക്കണക്കിന് ആളുകളുടെ സ്മാര്‍ട്ട്ഫോണുകളില്‍ ടോള്‍ഫ്രീ ഹൈല്‍പ്​ലൈൻ നമ്പര്‍ പ്രത്യക്ഷപ്പെട്ടത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെതോടെ ഒട്ടേറെയാളുകള്‍ ട്വിറ്ററിലൂടെ ആശങ്ക പങ്കുവച്ചു. കോണ്‍ടാക്ട് ലിസ്റ്റിന്‍റെ സ്‌ക്രീന്‍ഷോട്ടുകളടക്കം ഇവര്‍ ട്വീറ്റ്‌ചെയ്തു.

നേരത്തേ ആധാറിന്‍റെ പോരായ്മകള്‍ പുറത്തുകൊണ്ടുവന്ന ഫ്രഞ്ച് ഹാക്കര്‍ എലിയറ്റ് ആല്‍ഡേഴ്‌സണാണ് ട്വിറ്ററിലൂടെ വിഷയം ആദ്യം ശ്രദ്ധയില്‍പ്പെടുത്തിയത്. ആധാര്‍ ഉള്ളവരും ഇല്ലാത്തവരും ആധാര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തവരും ചെയ്യാത്തവരുമായ ഒട്ടേറെയാളുടെ ഫോണുകളില്‍ ആധാര്‍ ഹെല്‍പ്​ലൈൻ നമ്പര്‍ സേവ് ചെയ്യപ്പെട്ടതായി അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. 

ആളുകള്‍ സേവ്‌ചെയ്യാതെ നമ്പര്‍ കോണ്‍ടാക്ട് ലിസ്റ്റില്‍ വന്നതെങ്ങനെയെന്ന് വിശദീകരിക്കാന്‍ അദ്ദേഹം ആധാര്‍ സമിതിയോട് (യു.ഐ.ഡി.എ.ഐ.) ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ ആയിരക്കണക്കിനുപേര്‍ തങ്ങള്‍ക്കും സമാന അനുഭവമുണ്ടായ വിവരം പങ്കുവച്ചു.

എന്നാല്‍, മൊബൈലുകളില്‍ ആധാര്‍ ഹെല്‍പ്ലൈന്‍ നമ്പര്‍ ഉള്‍പ്പെടുത്താന്‍ ടെലികോം സേവനദാതാക്കളോടോ ഫോണ്‍ നിര്‍മാതാക്കളോടോ ഗൂഗിളിനോടോ ആവശ്യപ്പെട്ടിട്ടില്ലെന്ന് ആധാര്‍സമിതി വ്യക്തമാക്കി. അനാവശ്യ ആശയക്കുഴപ്പങ്ങളുണ്ടാക്കാനുള്ള ചിലരുടെ ശ്രമത്തിന്‍റെ ഭാഗമാണിതെന്നും നമ്പറുകള്‍ ഫോണുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും സമിതി അറിയിച്ചു.

1800 300 1947 എന്ന നമ്പറാണ് ഫോണുകളില്‍ ഹെല്‍പ്​ലൈൻ നമ്പറായി പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, ഇത് തെറ്റായ നമ്പറാണെന്നും 1947 എന്നതാണ് ശരിയായിട്ടുള്ളതെന്നും രണ്ടു വര്‍ഷത്തിലേറെയായി ഈ നമ്പറാണ് ഉപയോഗിക്കുന്നതെന്നും സമിതി കൂട്ടിച്ചേര്‍ത്തു.

Trending News