വാട്ട്സ്ആപ്പ് വഴിയും പണം നഷ്ട്ടമാകാം; ഡിജിറ്റൽ തട്ടിപ്പ് രീതികളിൽ നിന്ന് എങ്ങനെ രക്ഷ നേടാം
ഓണ്‍ലൈനില്‍ എളുപ്പത്തില്‍ പണമിടപാടുകള്‍ നടത്താനുള്ള സൗകര്യമുള്ളതിനൊപ്പം തന്നെ തട്ടിപ്പുകാർ തട്ടിപ്പ് നടത്താൻ പുതിയ വഴികളും തേടുകയാണ്
ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ കടന്നു വരവോട പണമിടപാട് രീതികളും ഡിജിറ്റലായിരിക്കുകയാണ്. യുപിഐ അധിഷ്ഠിത ആപ്പുകള്‍ ഉപയോഗിക്കുന്ന ആര്‍ക്കും പേയ്മെന്റുകള്‍ നടത്തുന്നത് ഇപ്പോള്‍ വളരെ എളുപ്പമാണ്. എന്നാൽ ഇത് മുതലാക്കാന്‍ തട്ടിപ്പുകാരും രംഗത്ത് എത്തിയിരിക്കുന്നു എന്നതാണ് . വാട്ട്സ്ആപ്പ് പോലുള്ള മെസേജിങ് ആപ്ലിക്കേഷനുകള്‍ ഇപ്പോള്‍ പണം അയയ്ക്കാനും സ്വീകരിക്കാനുമുള്ള ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പേയ്മെന്റുകള്‍ നടത്തുന്നത് എളുപ്പമാക്കുന്നു. ഓണ്‍ലൈനില്‍ എളുപ്പത്തില്‍ പണമിടപാടുകള്‍ നടത്താനുള്ള സൗകര്യമുള്ളതിനൊപ്പം തന്നെ തട്ടിപ്പുകാർ തട്ടിപ്പ് നടത്താൻ പുതിയ വഴികളും തേടുകയാണ്.
ഇത്തരത്തിൽ ആളുകളെ കബളിപ്പിക്കുന്നതിനുള്ള ഏറ്റവും സാധാരണമായ മാര്‍ഗങ്ങളിലൊന്നാണ് ക്യുആര്‍ കോഡുകള്‍. അതുകൊണ്ടു തന്നെ ക്യൂആര്‍ കോഡ് ഉപയോഗിച്ച് പണമിടപാടുകൾ നടത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഒരു കടയുടമയ്ക്കോ സുഹൃത്തുക്കള്‍ക്കോ അല്ലെങ്കില്‍ ഏതെങ്കിലും സേവനത്തിനോ പണമടയ്ക്കേണ്ടിവരുമ്പോള്‍ മാത്രമേ ക്യൂആര്‍ കോഡ് ഉപയോഗിക്കാവൂ. പണം സ്വീകരിക്കുന്നതിന് നിങ്ങള്‍ ഒരിക്കലും ഒരു ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യേണ്ടതില്ല, ഇത് ചില ഉപയോക്താക്കള്‍ക്ക് ഇപ്പോഴും അറിയില്ല എന്നതാണ് വാസ്തവം.
മാത്രമല്ല തട്ടിപ്പുകാര്‍ ഇത് മുതലെടുക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് നിങ്ങൾ ഒരു ഓൺലൈൻ ബിസിനസ് നടത്തുന്ന വ്യക്തിയാണെങ്കിൽ തട്ടിപ്പുകാർക്ക് നിങ്ങളുടെ ഉൽപ്പന്നത്തിൽ താല്‍പ്പര്യമുണ്ടെന്ന് കാണിക്കാനും തുടര്‍ന്ന് വാങ്ങുന്നയാളായി അഭിനയിക്കാനും കഴിയും. ശേഷം, ബാങ്ക് അക്കൗണ്ടില്‍ പണം ലഭിക്കുന്നതിന് ഗൂഗിള്‍ പേ അല്ലെങ്കില്‍ മറ്റേതെങ്കിലും യുപിഐ അടിസ്ഥാനമാക്കിയുള്ള സേവനം ഉപയോഗിച്ച് കോഡ് സ്‌കാന്‍ ചെയ്യാന്‍ ആവശ്യപ്പെടുന്ന ഒരു ക്യൂആര്‍ കോഡ് അവര്‍ നിങ്ങളുമായി വാട്ട്‌സ് ആപ്പില്‍ പങ്കിടുന്നു. ഇത് വഴി നിങ്ങളുടെ അക്കൗണ്ടിലെ പണം തട്ടാനാകും തട്ടിപ്പ് സംഘത്തിന്‍റെ നീക്കം. ഓണ്‍ലൈന്‍ പേയ്മെന്റ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അറിയാത്തവര്‍ ഈ കെണിയില്‍ വീഴുകയും പണം നഷ്ടപ്പെടുകയും ചെയ്യും.
നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും പണം നല്‍കേണ്ടിവരുമ്പോള്‍, വാട്ട്സ്ആപ്പില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തതിന് ശേഷം എല്ലായ്‌പ്പോഴും പേരോ യുപിഐ ഐഡിയോ രണ്ടുതവണ പരിശോധിച്ച് മാത്രം പണമടയ്ക്കണം. തട്ടിപ്പുകാര്‍ക്ക് വാട്ട്സ്ആപ്പിലൂടെ നിങ്ങള്‍ക്ക് ഒരു ക്യുആര്‍ കോഡ് അയയ്ക്കുകയും ഒരു യുപിഐ ആപ്പ് ഉപയോഗിച്ച് അത് സ്‌കാന്‍ ചെയ്യാനും പിന്‍ നമ്പർ നല്‍കാനും ആവശ്യപ്പെടാം. അടിസ്ഥാനപരമായി നിങ്ങളുടെ ബാങ്കിംഗ് ആപ്പിനായി നിങ്ങള്‍ സജ്ജമാക്കിയ മൊബൈല്‍ പിന്‍ ആണിത്. മാത്രമല്ല ഒരു ക്യൂആര്‍ കോഡ് ഉപയോഗിച്ച് ഏത് കോണ്‍ടാക്റ്റും സംരക്ഷിക്കാന്‍ പോലും വാട്ട്‌സ് ആപ്പ് അനുവദിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ വിശ്വസ്തരുമായി മാത്രം ക്യൂആര്‍ കോഡ് പങ്കിടാൻ ശ്രദ്ധിക്കണം. പണമിടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിച്ചു മാത്രം കാര്യങ്ങള്‍ കൈകാര്യം ചെയ്യുക മാത്രമാണ് തട്ടിപ്പിന് ഇരയാകാതിരിക്കാനുള്ള മാര്‍ഗ്ഗം.