600 പ്രകാശവര്‍ഷം അകലെ ഒരു ഗ്രഹം: കണ്ടെത്തിയത് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

ഭൂമിയില്‍ നിന്ന് 600 പ്രകാശവര്‍ഷം അകലെ സ്ഥിതിചെയ്യുന്ന പുതിയ ഗ്രഹം ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 

Updated: Jun 9, 2018, 01:23 PM IST
600 പ്രകാശവര്‍ഷം അകലെ ഒരു ഗ്രഹം: കണ്ടെത്തിയത് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

ചെന്നൈ: ഭൂമിയില്‍ നിന്ന് 600 പ്രകാശവര്‍ഷം അകലെ സ്ഥിതിചെയ്യുന്ന പുതിയ ഗ്രഹം ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 

ഈ പുതിയ കണ്ടെത്തലോടെ നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെ കണ്ടെത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിച്ചു. സൂര്യന് സമാനമായ നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന പുതിയ ഗ്രഹത്തെ അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോട്ടറിയിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തിയത്. 

തദ്ദേശീയമായി വികസിപ്പിച്ച അഡ്വാന്‍സ് റേഡിയല്‍ വെലോസിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഗ്രഹം കണ്ടുപിടിച്ചത്. ഏകദേശം ഒന്നരവര്‍ഷത്തോളം സമയമെടുത്ത് കണ്ടെത്തിയ ഗ്രഹത്തിന് ഭൂമിയെക്കാള്‍ 27 മടങ്ങ്‌ ഭാരവും ആറു മടങ്ങ്‌ വ്യാസവുമുണ്ട്. 

സൂര്യനിൽ നിന്ന് ഭൂമിയിലേക്കുള്ള അകലത്തെക്കൾ ഏഴു മടങ്ങ് അടുത്താണ് ഈ ഗ്രഹം അതിന്‍റെ നക്ഷത്രത്തിൽ നിന്ന് സ്ഥിതി ചെയ്യുന്നത്. അതിനാൽ ഈ ഗ്രഹത്തിൽ ജീവൻ നിലനിൽക്കാൻ സാധ്യതയില്ലെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി.

നക്ഷത്രത്തോടു വളരെ അടുത്തായതിനാല്‍ ഗ്രഹത്തിന്‍റെ താപനില 600 ഡിഗ്രി സെല്‍ഷ്യസാണ്. ശനി ഗ്രഹത്തെക്കാൾ ചെറുതും എന്നാൽ നെപ്ട്യൂണിനെക്കാൾ വലുതുമാണ് പുതിയ ഗ്രഹം. 

എപ്പിക് 211945201 അല്ലെങ്കില്‍ കെ2236ബി എന്നു പേരിടാന്‍ തീരുമാനിച്ചിരിക്കുന്ന ഈ ഗ്രഹം 19.5 ദിവസം കൊണ്ടു ഭ്രമണം പൂര്‍ത്തിയാക്കുന്നതായി ഐ.എസ്.ആര്‍.ഒ. വെബ്‌സൈറ്റിലൂടെ വ്യക്തമാക്കി.