close

News WrapGet Handpicked Stories from our editors directly to your mailbox

തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ചെടുത്ത നാഗ് മിസൈല്‍ പരീക്ഷണം വിജയം

രാത്രിയും പകലുമായി മൂന്ന് പരീക്ഷണങ്ങളാണ് നടത്തിയതെന്നും മൂന്നും കൃത്യമായി ലക്‌ഷ്യം ഭേദിച്ചെന്നും ഡിആര്‍ഡിഒ പറഞ്ഞു.  

Updated: Jul 8, 2019, 02:51 PM IST
തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ചെടുത്ത നാഗ് മിസൈല്‍ പരീക്ഷണം വിജയം

ന്യൂഡല്‍ഹി: തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ചെടുത്ത നാഗ് മിസൈലിന്‍റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈലിനെ സൈന്യത്തില്‍ ഉള്‍പ്പെടുത്തുനതിനു മുമ്പുള്ള അവസാനഘട്ട പരീക്ഷണമാണ് രാജസ്ഥാനിലെ പോഖ്റാന്‍ മരുഭൂമിയില്‍ വച്ച് നടന്നത്.

രാത്രിയും പകലുമായി മൂന്ന് പരീക്ഷണങ്ങളാണ് നടത്തിയതെന്നും മൂന്നും കൃത്യമായി ലക്‌ഷ്യം ഭേദിച്ചെന്നും ഡിആര്‍ഡിഒ പറഞ്ഞു. കരസേനയില്‍ മിസൈല്‍ സംവിധാനം ഉള്‍പ്പെടുത്താന്‍ 524 കോടിയുടെ പദ്ധതിക്ക് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അനുമതി നല്‍കിയിട്ടുണ്ടായിരുന്നു.

ഇന്ത്യ പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൂന്നാം തലമുറയില്‍പെട്ട അത്യാധുനിക ടാങ്ക് വേദ മിസൈലാണ് നാഗ്. നാഗ് മിസൈല്‍ കരസേനയുടെ ഭാഗമാകുന്നതോടെ സൈന്യത്തിന്‍റെ പ്രഹര ശേഷി വര്‍ധിക്കും. കരയാക്രമണത്തില്‍ സൈന്യത്തിന് മുതല്‍കൂട്ടായ ആയുധമാണ് നാഗ് മിസൈല്‍ എന്ന കാര്യത്തില്‍ സംശയമില്ല.

ശത്രുക്കളുടെ ടാങ്കുകളെ പകലും രാത്രിയിലും ഒരേപോലെ കൃത്യമായി ആക്രമിച്ച് തകര്‍ക്കാനുള്ള ശേഷി നാഗിനുണ്ട്. നാല് കിലോമീറ്റര്‍ പ്രഹരപരിധിയുള്ള നാഗ് മിസൈല്‍ ഏത് കാലാവസ്ഥയിലും ഉപയോഗിക്കാം. 

തെര്‍മല്‍ ഇമേജിംഗ് റഡാറിന്‍റെ സഹായത്തോടെ ലക്‌ഷ്യം നിര്‍ണയിച്ച് ആക്രമണം നടത്തുകയാണ് മിസൈല്‍ ചെയ്യുന്നത്. എണ്‍പതുകളില്‍ ഇന്ത്യ തയ്യാറാക്കിയ അഞ്ച് മിസൈല്‍ പദ്ധതികളില്‍ ഒന്നാണ് നാഗ്. അഗ്നി, പ്രിഥ്വി, ആകാശ്, ത്രിശൂല്‍ എന്നിവയാണ് മറ്റുള്ളവ. ഇതില്‍ ത്രിശൂല്‍ പദ്ധതി വേണ്ടെന്നു വച്ചിരുന്നു.