)
ഇൻസ്റ്റഗ്രാം പുതിയ വേർഡ്മാർക്ക് അവതരിപ്പിച്ചു. ഏകദേശം 10 വർഷത്തിന് ശേഷമാണ് ഈ മാറ്റം വരുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇൻസ്റ്റഗ്രാം ലെറ്ററിംഗ് മാത്രമേ മാറ്റിയിട്ടുള്ളൂ. ലോഗോയിൽ മാറ്റമില്ല. ഇൻസ്റ്റാഗ്രാം മേധാവി ആദം മോസേരി ഇൻസ്റ്റാഗ്രാമിലൂടെയും ത്രെഡ്സിലൂടെയുമാണ് ഈ മാറ്റം പ്രഖ്യാപിച്ചത്. പുതിയ ലോഗോയ്ക്ക് കൂടുതൽ വ്യക്തതയും ആധുനികതയും ഉണ്ടെന്നും, എന്നാൽ അതേസമയം പഴയ ലോഗോയോടുള്ള ബന്ധവും ലാളിത്യവും അത് നിലനിർത്തുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
റെയിൻബോ വരകളുള്ള ക്ലാസിക് ബ്രൗൺ ക്യാമറ ലോഗോയിൽ നിന്ന് ഇന്ന് കാണുന്ന പിങ്ക് ഗ്രേഡിയൻറ് ഐക്കണിലേക്ക് ഇൻസ്റ്റാഗ്രാം മാറിയത് 2016-ലാണ്. അതിനുശേഷമാണ് കമ്പനി ഇപ്പോൾ വീണ്ടും ഡിസൈൻ പുതുക്കിയിരിക്കുന്നത്. ഈ പുതിയ രൂപമാറ്റം സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങൾക്ക് കാരണമായിട്ടുണ്ട്. പുതിയ ലോഗോയിലെ 'r' എന്ന അക്ഷരം കാണാൻ 'z' പോലെയാണ് ഇരിക്കുന്നത്. അതിനാൽ ആളുകൾ 'Instagzamട' എന്ന് വിളിക്കാൻ തുടങ്ങി.
അക്ഷരങ്ങളുടെ വളവുകൾ കൂടുതൽ വ്യക്തമാക്കിയത് കാരണം ഒറ്റനോട്ടത്തിൽ വായിക്കാൻ ചെറിയ ബുദ്ധിമുട്ടുണ്ടെന്നും ചിലർ ചൂണ്ടിക്കാണിച്ചു. എന്നാലും, എല്ലാ ഫോണുകളിലും സ്ക്രീനുകളിലും കാണാൻ ഭംഗിയുള്ള ആധുനിക ലോഗോയാണിതെന്നാണ് മെറ്റയുടെ പക്ഷം. ലോകത്തിലെ ഏറ്റവും ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഇൻസ്റ്റാഗ്രാം. മെറ്റയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഫോട്ടോ-വീഡിയോ ഷെയറിങ് ആപ്പാണ് ഇൻസ്റ്റാഗ്രാം. ആശയവിനിമയത്തിനും, റീൽസ്, സ്റ്റോറികൾ തുടങ്ങിയ ഫീച്ചറുകളും ഇൻസ്റ്റാഗ്രാമിൽ ലഭ്യമാണ്.
2010 ഒക്ടോബറിൽ കെവിൻ സിസ്ട്രോം, മൈക്ക് ക്രീഗർ എന്നിവർ ചേർന്നാണ് ഫോട്ടോകൾ പങ്കുവെക്കാനായി ഇൻസ്റ്റാഗ്രാം ആരംഭിച്ചത്. തുടക്കത്തിൽ വലിയ ജനപ്രീതി നേടിയ ഈ ആപ്പ്, 2012-ൽ ഫേസ്ബുക്ക് കോടിക്കണക്കിന് ഡോളർ നൽകി ഏറ്റെടുത്തു. പിന്നീട് സ്റ്റോറികൾ, റീൽസ് തുടങ്ങിയ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചതോടെ ഇൻസ്റ്റാഗ്രാം ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ പ്രിയപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായി മാറി.
തുടക്കത്തിൽ ഐഫോൺ ഉപയോക്താക്കൾക്ക് മാത്രമായിരുന്നു ഇൻസ്റ്റഗ്രാം ലഭ്യമായിരുന്നത്. പിന്നീട് ആൻഡ്രോയിഡിലേക്ക് ഇൻസ്റ്റഗ്രാം ലഭ്യമായതോടെ കൂടുതൽ ആളുകൾ ആപ്പ് ഉപയോഗിച്ച് തുടങ്ങി. തുടക്കത്തിൽ ഫോട്ടോകൾ മനോഹരമാക്കാൻ ഉപയോഗിക്കുന്ന വ്യത്യസ്ത ഫിൽട്ടറുകളായിരുന്നു ഇൻസ്റ്റാഗ്രാമിന്റെ ഏറ്റവും വലിയ ആകർഷണം. പിന്നീട് സെലിബ്രിറ്റികളും ബ്രാൻഡുകളും എത്തിയതോടെ ഇതൊരു പ്രധാന പരസ്യവരുമാന പ്ലാറ്റ്ഫോം കൂടിയായി മാറി. നിലവിൽ ലോകത്ത് എറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ആപ്പുകളിൽ പ്രധാനപ്പെട്ടവയിലൊന്നാണ് ഇൻസ്റ്റഗ്രാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.