ഇന്ത്യയുടെ അഭിമാന ദൗത്യം കാര്‍ട്ടോസാറ്റ്-3 വിജയകരമായി വിക്ഷേപിച്ചു

കാര്‍ട്ടോസാറ്റിനൊപ്പം അമേരിക്കയുടെ 13 ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനമുള്ള കാര്യം കൂടിയാണ്.   

Ajitha Kumari | Updated: Nov 27, 2019, 10:47 AM IST
ഇന്ത്യയുടെ അഭിമാന ദൗത്യം കാര്‍ട്ടോസാറ്റ്-3 വിജയകരമായി വിക്ഷേപിച്ചു

ബംഗളൂരു: ഇന്ത്യയുടെ അഭിമാന ദൗത്യം കാര്‍ട്ടോസാറ്റ്-3 (CARTOSAT-3) ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു.

17 മിനിറ്റ് 40 സെക്കന്റില്‍ ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തി. രാവിലെ 9:38 ന് ശ്രീകരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം ലോഞ്ച് പാഡില്‍ നിന്നാണ് കാര്‍ട്ടോസാറ്റ് വിക്ഷേപിച്ചത്.

 

 

ഉയര്‍ന്ന റെസല്യൂഷന്‍ ഇമേജിംഗ് ശേഷിയുള്ള മൂന്നാം തലമുറയിലെ ഏറ്റവും പുതിയ ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ്-3.  

കാര്‍ട്ടോസാറ്റ്-2 നേക്കാള്‍ വ്യക്തമായി സ്ഥലങ്ങളുടെ മാപ്പുകള്‍ തയ്യാറാക്കാനും ചിത്രങ്ങള്‍ എടുക്കാനും കാര്‍ട്ടോസാറ്റ്-3 ക്ക് സാധിക്കും. കാലാവസ്ഥ മാപ്പിംഗ്, ഭൂപടങ്ങളെ സംബന്ധിച്ച പഠനം എന്നിവയ്ക്കും ഈ ഉപഗ്രഹം ഉപയോഗപ്പെടുത്താം.

അമേരിക്കയുടെ 13 നാനോ ഉപഗ്രഹങ്ങളെയും കാര്‍ട്ടോസാറ്റിനൊപ്പം വിക്ഷേപിച്ചിട്ടുണ്ട്. 27 മിനിറ്റിനുള്ളില്‍ 14 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുന്ന ഐഎസ്ആര്‍ഒയുടെ നിര്‍ണ്ണായക വിക്ഷേപം കൂടിയാണിത്.

വിദൂരസംവേദന ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-3 യുടെ ഭാരം 1625 ഗ്രാം ആണ്. അഞ്ചുവര്‍ഷമാണ് കാലാവധി. നഗരാസൂത്രണം, ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം, തീരദേശ ഭൂവിനിയോഗം, ഭൂവിസ്തൃതി, ദുരന്തനിവാരണം തുടങ്ങിയ മേഖലകളില്‍ മെച്ചപ്പെട്ട വിവര ശേഖരണമാണ് ഉപഗ്രഹത്തിന്‍റെ ദൗത്യം. 

509 കിലോമീറ്റര്‍ ഉയരെനിന്ന് 97.5 ഡിഗ്രി ചെരിവില്‍ ഭൂസ്ഥിര ഭ്രമണപഥത്തില്‍ ഭൂമിയെ വലംവെക്കുന്ന ഉപഗ്രഹത്തില്‍ അത്യാധുനിക ക്യാമറ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ഇതോടെ ശത്രുപാളയത്തിലെ മനുഷ്യര്‍ക്കൊപ്പം തോക്കുകളുടെയും, ബോംബുകളുടെയും വിവരങ്ങള്‍ ഇനി സേനയ്ക്ക് ലഭിക്കും. 16 കിലോമീറ്റര്‍ വ്യാപ്തിയുള്ള മേഖല ഒറ്റ ദൃശ്യത്തില്‍ പകര്‍ത്താനുള്ള സ്പെഷ്യല്‍ റേഞ്ചും ഇതിനുണ്ട്. 

കാര്‍ട്ടോസാറ്റിനൊപ്പം അമേരിക്കയുടെ 13 ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനമുള്ള കാര്യം കൂടിയാണ്. 

അതേസമയം ഇന്ത്യയുടെ കാര്‍ട്ടോസാറ്റ്-3 വിക്ഷേപത്തെ വളരെ ഗൗരവമായിട്ടാണ് പാക്കിസ്ഥാന്‍ കാണുന്നത്.