close

News WrapGet Handpicked Stories from our editors directly to your mailbox

മലയാളത്തിന്‍റെ പ്രിയപ്പെട്ട മാധവിക്കുട്ടിയെ ആദരിച്ച് ഗൂഗിള്‍ ഡൂഡില്‍

  

Updated: Feb 1, 2018, 10:28 AM IST
മലയാളത്തിന്‍റെ പ്രിയപ്പെട്ട മാധവിക്കുട്ടിയെ ആദരിച്ച് ഗൂഗിള്‍ ഡൂഡില്‍

മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി കമലാ സുരയ്യ എന്ന കമലാ ദാസിനെ (മാധവിക്കുട്ടി) ആദരിച്ച് ഗൂഗിള്‍ ഡൂഡില്‍. മഞ്ജിത് താപ് എന്ന കലാകാരനാണ് ഡൂഡില്‍ തയാറാക്കിയിരിക്കുന്നത്. 

വനിതകളുടെ ലോകത്തേക്ക് ജാലകം തുറന്നു നല്‍കിയ വ്യക്തിത്വമെന്ന വിശേഷണത്തോടെയാണ് ഗൂഗിള്‍ മാധവിക്കുട്ടിയെ ഓര്‍മ്മപ്പെടുത്തിയിരിക്കുന്നത്. 1934 മാര്‍ച്ച് 31നു തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്ത് പ്രശസ്ത കവയിത്രിയായിരുന്ന ബാലാമണിയമ്മയുടേയും വി.എം നായരുടേയും മകളായി ജനിച്ച ഈ അതുല്യ എഴുത്തുകാരി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി സാഹിത്യസൃഷ്ടികള്‍ കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ രചിച്ചിട്ടുണ്ട്. 

1999ല്‍ ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുന്‍പ് മലയാള രചനകളില്‍ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളില്‍ കമലാദാസ് എന്ന പേരിലുമാണ് അവര്‍ രചനകള്‍ നടത്തിയിരുന്നത്.  മലയാള ഭാഷയുടെ നൈര്‍മ്മല്യം നീര്‍മാതളം പൂത്ത കാലമായും നഷ്ടപ്പെട്ട നീലാംബരിയായും പുറത്തു വന്നു. എന്‍റെ കഥയെന്ന ആത്മകഥ പതിനഞ്ച് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു.

ഇംഗ്ലീഷില്‍ കവിത എഴുതുന്ന ഇന്ത്യക്കാരില്‍ പ്രമുഖയായിരുന്നു മാധവിക്കുട്ടി. 1969ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1985ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. 1997ലെ വയലാര്‍ അവാര്‍ഡും 2002ലെ എഴുത്തച്ഛന്‍ പുരസ്‌കാരവും കമലാ ദാസിനായിരുന്നു. 1984ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. 

നാലപ്പാട്ടെ തന്‍റെ തറവാട് കേരള സാഹിത്യ അക്കാഡമിയ്ക്കായി മാധവിക്കുട്ടി ഇഷ്ടദാനം കൊടുത്തിരുന്നു. സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാന്‍ തുനിഞ്ഞ ഭാരതത്തിലെ ആദ്യത്തെ എഴുത്തുകാരി എന്ന പദവിയും മാധവിക്കുട്ടിക്കാണെന്ന് പല എഴുത്തുകാരും പറയുന്നു. 

പിന്നീട് പ്രണയത്തിന്‍റെ പേരില്‍ ഇസ്ലാം മതം സ്വീകരിച്ച് കമല സുരയ്യയായെങ്കിലും മതാതീതമായ ആത്മീയതയ്ക്കായിരുന്നു കമല ദാസ് എന്നും പ്രാധാന്യം കൊടുത്തിരുന്നതെന്ന് 'ദ ലവ് ക്വീന്‍ ഓഫ് മലബാര്‍' അഥവാ പ്രണയത്തിന്‍റെ രാജകുമാരി എന്ന പുസ്തകത്തില്‍ എഴുത്തുകാരി മെറിലി വെയ്‌സ്‌ബോഡ് പറയുന്നുണ്ട്. 2009 മേയ് 31 നാണ് മാധവിക്കുട്ടി ഈ ലോകത്തോട് വിട പറഞ്ഞത്.