വ്യാജന്മാര്‍ക്ക് പൂട്ട്‌: മൂന്ന് ലക്ഷം ഫോളോവേഴ്സിനെ നഷ്ടപ്പെട്ട് മോദി!!

ട്വിറ്ററില്‍ വ്യാജ അനുയായികള്‍ കൂടുതലുള്ളവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ബിജെപി നേതാക്കള്‍ തന്നെയാണെന്ന് കണക്കുകള്‍ പറയുന്നു.

Updated: Feb 12, 2019, 01:42 PM IST
 വ്യാജന്മാര്‍ക്ക് പൂട്ട്‌: മൂന്ന് ലക്ഷം ഫോളോവേഴ്സിനെ നഷ്ടപ്പെട്ട് മോദി!!

ന്യൂഡല്‍ഹി:  ട്വിറ്ററില്‍ വ്യാജന്‍മാര്‍ക്ക് പൂട്ട് വീണതോടെ മോദിയുടെ മൂന്നു ലക്ഷം ഫോളോവേഴ്‌സ് കുറഞ്ഞതായി റിപ്പോര്‍ട്ട്‌. 

ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകള്‍ സംബന്ധിച്ച് ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നടത്തിയ പഠനത്തിലെ അവസാന കണക്കുകള്‍ പ്രകാരമാണിത്. 

രാഹുല്‍ ഗാന്ധിയടക്കമുള്ള മറ്റ് ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളുടെ ട്വിറ്റര്‍ അനുയായികളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വ്യാജ പ്രൊഫൈലുകള്‍ പിന്തുടരുന്നതായി കണ്ടെത്തിയിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ടാണ്. 

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനാണ് വ്യാജ അനുയായികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനം. 40300 പേരെയാണ് നവംബര്‍ മുതല്‍ കെജ്‌രിവാളിന്‍റെ ഫോളോവേഴ്‌സില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. 

ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് 16500 അനുയായികളെയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് 17,000 പേരെയുമാണ്‌ നഷ്ടമായിരിക്കുന്നത്. 925 ഓളം വരുന്ന മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ അക്കൗണ്ടുകളിലും  പരിശോധന നടത്തിയിരുന്നു.

ട്വിറ്ററില്‍ വ്യാജ അനുയായികള്‍ കൂടുതലുള്ളവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ബിജെപി നേതാക്കള്‍ തന്നെയാണെന്ന് കണക്കുകള്‍ പറയുന്നു. കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ്, അനുരാഗ് ഠാക്കൂര്‍ തുടങ്ങിയവര്‍ക്കും നിരവധി അനുയായികളെ നഷ്ടപ്പെട്ടിട്ടുണ്ട്. 

കൂടാതെ 2014-ലെ പൊതുതിരഞ്ഞെടുപ്പ് വിശകലനം ചെയ്യുമ്പോള്‍ പത്ത് ലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്ന് 2.1 കോടി ട്വീറ്റുകള്‍ എന്ന നിലയിലാണ് ഒഴുകിയെത്തിയിരുന്നത്. 

എന്നാല്‍ ഇതിന്‍റെ 31.64 ശതമാനം ട്വീറ്റുകള്‍ മാത്രമെ ഇപ്പോഴുള്ളുവെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ നവംബര്‍ മുതലാണ് ട്വിറ്റര്‍ വ്യാജ അക്കൗണ്ട് വേട്ട കര്‍ശനമാക്കിയത്. അന്ന് ഒരു ലക്ഷത്തോളം അനുയായികളെ മോദിക്കും ഒമ്പതിനായിരം പേരെ രാഹുലിനും നഷ്ടമായിരുന്നു.