മുടി കണ്ടംതുണ്ടം വെട്ടി, കണ്ണടയ്ക്കാതെ ഉറക്കം; കാരണം മോമോ!

കുട്ടിയുടെ അമ്മയായ സാമാണ് തക്കം പാര്‍ത്തിരുന്ന മോമോയുടെ കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. 

Sneha Aniyan | Updated: Mar 4, 2019, 06:14 PM IST
മുടി കണ്ടംതുണ്ടം വെട്ടി, കണ്ണടയ്ക്കാതെ ഉറക്കം; കാരണം മോമോ!

ബ്ലൂവെയില്‍ ചാലഞ്ചിന് ശേഷം കുട്ടികളെയും കൗമാരക്കാരെയും ആത്മഹത്യയിലേക്ക് നയിക്കുന്ന മറ്റൊരു ഗെയിമായിരുന്നു മോമോ. അധികം പ്രാതിനിധ്യം ലഭിക്കാതെ അപ്രത്യക്ഷമായ മോമോയിപ്പോള്‍ തിരിച്ച് വന്നിരിക്കുകയാണ്. 

യുകെയില്‍ മോമോയുടെ പിടിയില്‍ അകപ്പെട്ട ജെമ്മ എന്ന കുട്ടിയുടെ അമ്മയായ സാമാണ് തക്കം പാര്‍ത്തിരുന്ന മോമോയുടെ കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. 

തന്‍റെ അഞ്ചു വയസുകാരിയായ മകള്‍ മോമോയുടെ അടിമയാണെന്നാണ് സാം പറയുന്നത്. പെപ്പ പിഗ് എന്ന കാര്‍ട്ടൂണ്‍ മാത്രമാണ് ജെമ്മ കണ്ടിരുന്നത്.

എന്നാല്‍, ഈ പ്രോഗ്രാമുകള്‍ മോമോ ഹാക്ക് ചെയ്യുകയായിരുന്നു. ഇതോടെയാണ് കുട്ടി ഈ വിചിത്ര ജീവിയുടെ അടിമയായത്‌.

മോമോയുടെ പിടിയില്‍പ്പെട്ട ജെമ്മ മുടി അലസമായി വെട്ടി. ഇതുകണ്ട് ചോദ്യം ചെയ്തപ്പോഴാണ് കുട്ടി മോമോയുടെ പിടിയിലാണെന്ന് സാമിന് മനസിലായത്. 

കൂടാതെ, ഉണ്ടകണ്ണുള്ള മോമോയെപ്പോലെ കണ്ണുകള്‍ തള്ളി നടക്കുന്ന ജെമ്മ കണ്ണുകള്‍ അടക്കാതെയാണ് ഉറങ്ങുന്നത്. ഇനി ഒരു കുട്ടിക്കും തന്‍റെ മകളുടെ അവസ്ഥ അനുഭവിക്കേണ്ടി വരരുതെന്ന് കരുതിയാണ് താനിത് തുറന്ന് പറയുന്നതെന്ന് സാം വ്യക്തമാക്കി.

'മോമോ ചാലഞ്ച്' എന്ന പേരില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഗെയിം കഴിഞ്ഞ ഓഗസ്റ്റിലാണ് ലോകത്ത് വിവിധ ഭാഗങ്ങളിലെ സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷമായത്. 

ഗെയിമില്‍ താല്‍പര്യമുള്ള ഉപയോക്താക്കളോട് ആദ്യം മോമോ എന്ന പേരിലുള്ള ആളെ ബന്ധപ്പെടണം എന്ന് പറഞ്ഞാണ് ഗെയിം ആരംഭിക്കുന്നത്. 

മെസേജിന് മറുപടിയായി പേടിപ്പെടുത്തുന്ന ചിത്രങ്ങളും വീഡിയോകളും മോമോ തിരിച്ചയയ്ക്കും. ഇത് പലരിലും ആത്മഹത്യാ പ്രവണത വരെയുണ്ടാക്കുമെന്നാണ് കണ്ടെത്തല്‍. 

വാട്‌സാപ്, ഫേസ്ബുക്ക്‌, യൂട്യുബ് എന്നിവ വഴി പ്രചരിക്കുന്ന ഒരു പേഴ്‌സണലൈസ്ഡ് ഗെയിമാണിത്. അതുകൊണ്ട് തന്നെ ഇതിന് സ്വാധീന ശക്തി വളരെ കൂടുതലാണ്.

ജപ്പാനീസ് ആര്‍ട്ടിസ്റ്റ് ആയ മിഡോരി ഹയാഷിയുടെ പ്രശസ്തമായ ശില്‍പത്തിന്‍റെ മുഖമാണ് ഈ ഗെയിമിലെ മോമോയുടെ മുഖചിത്രമായി ഉപയോഗിച്ചിരിക്കുന്നത്. 

ഉണ്ടക്കണ്ണുകളും മെലിഞ്ഞ ശരീരവും വിളറിയ നിറവുമുള്ള കഥാപാത്രം ആദ്യ ഗെയിമില്‍ തന്നെ കുട്ടികളില്‍ ഭീതി ജനിപ്പിക്കുന്നു.

മെക്‌സിക്കന്‍ കമ്പ്യൂട്ടര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീം നടത്തിയ അന്വേഷണ പ്രകാരം ഫെയ്‌സ്ബുക്കിലാണ് ഇത് ആദ്യം ആരംഭിച്ചതെന്നാണ് കണ്ടെത്തല്‍.

ജീവന് തന്നെ ഭീക്ഷണിയാകുന്ന മോമോയ്‌ക്കെതിരെ മുന്നറിയിപ്പുമായി സ്‌പെയിന്‍, അര്‍ജന്‍റീന മെക്‌സിക്കോ എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു.