close

News WrapGet Handpicked Stories from our editors directly to your mailbox

ഇത് മലയാളത്തിന്‍റെ 'ഗായത്രി' ഭാവം!!

മലയാളത്തിനായി പുതിയൊരു യുണിക്കോഡ് ഫോണ്ട് സമ്മാനിച്ച് സ്വതന്ത്ര മലയാളം കമ്പ്യൂട്ടി൦ഗ്.

Updated: Feb 21, 2019, 04:45 PM IST
ഇത് മലയാളത്തിന്‍റെ 'ഗായത്രി' ഭാവം!!

തിരുവനന്തപുരം: മലയാളത്തിനായി പുതിയൊരു യുണിക്കോഡ് ഫോണ്ട് സമ്മാനിച്ച് സ്വതന്ത്ര മലയാളം കമ്പ്യൂട്ടി൦ഗ്.

ഗായത്രി എന്നു പേരിട്ടിരിക്കുന്ന ഈ ഫോണ്ട് ഡിസൈൻ ചെയ്തിരിക്കുന്നതു് ബിനോയ് ഡൊമിനിക്കാണ്. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനിൽ വ്യാഴാഴ്ചയാണ് ഫോണ്ട് പ്രകാശനം ചെയ്തത്.

ഏകദേശം ഒരു വർഷത്തെ പ്രയത്നത്തിന്‍റെ ഫലമായി തയാറാക്കിയ ഗായത്രി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സാമ്പത്തിക സഹകരണത്തോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. 

ലോക മാതൃഭാഷാദിനത്തിനോട് അനുബന്ധിച്ച് പുറത്തിറക്കിയ ഫോണ്ടിന്‍റെ ഓപ്പണ്‍ടൈപ്പ് എഞ്ചിനീയര്‍ കാവ്യ മനോഹര്‍ ആണ്.

സന്തോഷ് തോട്ടിങ്ങല്‍  രൂപകല്‍പ്പന ഏകോപിപ്പിച്ച ഫോണ്ട്  ഡോ വിആർ പ്രബോധചന്ദ്രൻ നായരാണ് പ്രകാശനം ചെയ്തത്. ഡോ. എ പി കുട്ടികൃഷ്ണനാണ് പ്രകാശനം സ്വീകരിച്ചത്. 

തലക്കെട്ടുകൾക്കുപയോഗിക്കാവുന്ന വിധത്തിൽ വലിയ അക്ഷരങ്ങൾക്കു വേണ്ടി പാകപ്പെടുത്തിയതാണ് ഗായത്രിയുടെ രൂപകല്‍പന. 

കൂട്ടക്ഷരങ്ങൾ പരമാവധി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ലിപി സഞ്ചയമാണ് ഗായത്രി.  
സാധാരണ കനത്തിലുള്ള അക്ഷരങ്ങൾക്കു പുറമേ കട്ടികുറഞ്ഞതും (Thin), കട്ടി കൂടിയതും(Bold) ആയ പതിപ്പുകൾ കൂടി ഉൾപ്പെടുന്ന 3 ഫോണ്ടുകളാണ്  ഗായത്രി അവതരിപ്പിക്കുന്നത്.

ഇതിന് മുന്‍പ് തന്നെ 12ഒളം വിവിധ ഫോണ്ടുകള്‍ സ്വതന്ത്ര്യ മലയാളം കമ്പ്യൂട്ടിംഗ് കൂട്ടായ്മ ഉണ്ടാക്കിയിട്ടുണ്ട്. മലയാളത്തിന് പുറമേ ഇംഗ്ലീഷ്/ലാറ്റിൻ അക്ഷരങ്ങളും ഈ ഫോണ്ടിലുണ്ട്.  മലയാളം അക്ഷരങ്ങളുടെ ശൈലിയ്ക്കനുസൃതമായാണ് ഇംഗ്ലീഷ് അക്ഷരങ്ങൾ വരച്ചിട്ടുള്ളത്. 

ഈ ഫോണ്ട് സ്വതന്ത്ര മലയാളം കമ്പ്യൂട്ടി൦ഗിന്‍റെ മലയാളം ഫോണ്ടുകൾ വെബ്പേജിൽ നിന്നും ഡൌൺലോഡ് ചെയ്യാം. എല്ലാ ഫോർമാറ്റിലുമുള്ള ഫയലുകൾ zip ആയി ഡൗൺലോഡ് ചെയ്യുക.

. ഇൻസ്റ്റാൾ ചെയ്തുപയോഗിക്കാൻ OTF : Regular Bold Thin 
. പഴയ ഓപ്പറേറ്റി൦ഗ് സിസ്റ്റങ്ങൾക്ക് TTF പതിപ്പുകൾ: Regular Bold Thin
. വെബ്‌‌പേജിൽ എംബഡ് ചെയ്യാൻ WOFF2:  Regular Bold Thin

ഓപ്പൺ ഫോണ്ട് ലൈസൻസ് പ്രകാരം സ്വതന്ത്രവും സൗജന്യവുമാണ് ഈ ഫോണ്ട്. ഓരോ അക്ഷരത്തിന്‍റെയും SVG ഫോർമാറ്റിലുള്ള വരകൾ സഹിതമുള്ള സോഴ്സ് കോഡ് https://gitlab.com/smc/fonts/gayathri എന്ന റിപ്പോസിറ്ററിയിലുണ്ട്.  

ഇതിനുമുമ്പ് പുറത്തിറക്കിയ മഞ്ജരി ഫോണ്ടിനെക്കാൾ സാങ്കേതികവിദ്യ മെച്ചപ്പെടുത്തിയാണ് ഈ ഫോണ്ടിന്‍റെ നിർമ്മാണം. 

UFO(Unified Font Object) ഫോർമാറ്റ് സോഴ്സ് ഉപയോഗിക്കുകയും Trufont ഫോണ്ട് എഡിറ്റർ, fontmake അടിസ്ഥാനമാക്കി പുതുതായി എഴുതിയ ബിൽഡ് ചെയിൻ എന്നിവയുടെ സഹായത്തോടെ OTF പതിപ്പുകൾ തയ്യാറാക്കുകയും ചെയ്തു.