രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

മനുഷ്യന് തുണയായ എന്‍സൈം, പ്രോട്ടീന്‍ ഗവേഷണങ്ങളാണ് ഇക്കുറി പുരസ്‌കാരത്തിന് പരിഗണിച്ചത്

Last Updated : Oct 3, 2018, 06:48 PM IST
രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

സ്റ്റോക്ക്ഹോം: രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ഫ്രാന്‍സസ് എച്ച് അര്‍നോള്‍ഡ്, ജോര്‍ജ് പി സ്മിത്ത്, ഗ്രിഗറി പി വിന്‍റര്‍   എന്നിവരാണ് പുരസ്‌കാരം നേടിയത്. 

മനുഷ്യന് തുണയായ എന്‍സൈം, പ്രോട്ടീന്‍ ഗവേഷണങ്ങളാണ് ഇക്കുറി പുരസ്‌കാരത്തിന് പരിഗണിച്ചത്. രസതന്ത്ര നൊബേല്‍ തേടുന്ന അഞ്ചാമത്തെ വനിതയാണ് ഫ്രാന്‍സെസ് എച്ച് അര്‍ണോള്‍ഡ്.

എന്‍സൈമുകളുടെ പരിണാമം സംബന്ധിച്ച ഗവേഷണങ്ങള്‍ക്കാണ് കലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഫ്രാന്‍സെസ് എച്ച് അര്‍ണോള്‍ഡിന് പുരസ്‌കാരം. ആകെ തുകയുടെ പകുതി ഇവര്‍ക്ക് ലഭിക്കും. 

പെപ്‌റ്റൈഡ്‌സ്, ആന്റിബോഡീസ് പഠനങ്ങള്‍ക്കാണ് കൊളംബിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് മിസോറിയിലെ ജോര്‍ജ് പി സ്മിത്ത്, കേംബ്രിജ് എംആര്‍സി ലബോറട്ടറി ഓഫ് മോളിക്യുലര്‍ ബയോളജിയിലെ ഗ്രിഗറി പി വിന്‍റര്‍ എന്നിവര്‍ പുരസ്‌കാരം പങ്കിട്ടത്.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഭൗതികശാസ്ത്ര നൊബേല്‍ നേടിയത് ലേസര്‍ ഫിസിക്‌സില്‍ നടത്തിയ കണ്ടുപിടുത്ത൦ നടത്തിയ ആര്‍തര്‍ ആഷ്‌കിന്‍, ജെറാഡ് മുറു, ഡോണ സ്ട്രിക് ലാന്‍ഡ് എന്നിവര്‍ക്കാണ്.

വൈദ്യശാസ്ത്ര നൊബേല്‍ നേടിയത് ജയിംസ് പി ആലിസണ്‍, ടസുക്കോ ഹോഞ്ചോ എന്നിവരാണ്. പുതിയ ക്യാന്‍സര്‍ ചികിത്സാ രീതി കണ്ടുപിടിച്ചതിനായിരുന്നു ആ പുരസ്‌കാരം.

ഒക്ടോബര്‍ അഞ്ചിനാണ് സമാധാനത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിക്കുക. കൂടാതെ, ഒക്ടോബര്‍ എട്ട് തിങ്കളാഴ്ച സാമ്പത്തികശാസ്ത്രത്തിനുള്ള റിക്‌സ്ബാങ്ക് പുരസ്‌കാരവും ആല്‍ഫ്രെഡ് പുരസ്‌കാരവും പ്രഖ്യാപിക്കും. 
 

Trending News