)
ആഗോള വിപണിയിൽ നിന്ന് വൺപ്ലസ് ഉടൻ പുറത്താകുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട്. ചൈനയ്ക്ക് പുറത്ത് ഘട്ടം ഘട്ടമായി പിൻവാങ്ങാനാണ് കമ്പനി നീക്കം. ആദ്യപടിയായി യുഎസിൽ നിന്നും യൂറോപ്പിൽ നിന്നും കമ്പനി പിൻവാങ്ങും. ഇന്ത്യയിൽ ഉടനടി ഒരു പിൻമാറ്റം ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ അടുത്തവർഷത്തോടെ ഇന്ത്യയിൽ നിന്നും കമ്പനി തങ്ങളുടെ പ്രവർത്തനങ്ങൾ പിൻവലിക്കും. വൺപ്ലസിന്റെ മതർ കമ്പനിയായ 'ഗ്വാങ്ഡോങ് ഓപ്പോ മൊബൈൽ ടെലികമ്മ്യൂണിക്കേഷൻസ് കോർപ്പറേഷൻ ലിമിറ്റഡ്' നടത്തുന്ന വിപുലമായ പുനഃസംഘടനയുടെ ഭാഗമാണ് നടപടി.
ഓപ്പോയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു സ്മാർട്ട്ഫോൺ ബ്രാൻഡായ റീയൽമിയും വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ്. റീയൽമി ചൈനീസ് ആഭ്യന്തര വിപണിയിൽ നിന്നുള്ള പ്രവർത്തനം അവസാനിപ്പിക്കാൻ പദ്ധതിയിടുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വൺപ്ലസിന്റെ ഫോൺ കയറ്റുമതിയിൽ ഏകദേശം 20 ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്. 2024ൽ വൺപ്ലസിന്റെ ഫോൺ കയറ്റുമതി ഏകദേശം 17 ദശലക്ഷം (1.7 കോടി) യൂണിറ്റുകളിൽ നിന്ന് 13 മുതൽ 14 ദശലക്ഷം യൂണിറ്റുകളായി കുറഞ്ഞുവെന്നാണ് റിപ്പോർട്ട്. ഓപ്പോ വൺപ്ലസിൽ ഏകദേശം 14 ബില്യൺ യുഎസ് ഡോളറാണ് നിക്ഷേപിച്ചിട്ടുള്ളത്. എന്നാൽ ഇത്രയും വലിയ തുക നിക്ഷേപിച്ചിട്ടും കമ്പനി തുടർച്ചയായി നഷ്ടം നേരിടുകയാണെന്നാണ് റിപ്പോർട്ട്. ഇതിനെത്തുടർന്നാണ് കമ്പനി ചെലവ് ചുരുക്കൽ നടപടികൾ ആരംഭിച്ചത്.
വടക്കേ അമേരിക്കയിലും പടിഞ്ഞാറൻ യൂറോപ്പിലും വിപണി വിഹിതം ഉയർത്താൻ വൺപ്ലസ് പാടുപെടുന്നുണ്ടെന്നാണ് വിവരം. ആദ്യത്തെ വളർച്ചയ്ക്ക് ശേഷം കമ്പനി പിന്നീട് നേരിട്ടത് നഷ്ടങ്ങളായിരുന്നു. വിൽപ്പന ദുർബലമായതും ബ്രാൻഡിന് തിരിച്ചടിയായി.
വൺപ്ലസ് ഓപ്പൺ 2 (OnePlus Open 2), വൺപ്ലസ് 15എസ് (OnePlus 15s) തുടങ്ങിയ ഫോണുകൾ റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്. കമ്പനിയുടെ യു.എസ് ആസ്ഥാനം പൂട്ടിയതായും, യൂറോപ്പിലെ പ്രവർത്തനങ്ങൾ കുറച്ചതായും, ടി-മൊബൈലുമായുള്ള (T-Mobile) പങ്കാളിത്തം അവസാനിപ്പിച്ചതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. എന്നാൽ ഇത്തരം അവകാശവാദങ്ങളോട് വൺപ്ലസോ ഓപ്പോയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.