സ്ത്രീകളുടെ ശ്രദ്ധയ്ക്ക്! ഇനി ആ'ശങ്ക' വേണ്ട

സ്ത്രീകളുടെ ഏറ്റവും വലിയ ടെന്‍ഷന് പരിഹാരവുമായി സാന്‍ഫി.

Last Updated : Sep 26, 2018, 01:37 PM IST
സ്ത്രീകളുടെ ശ്രദ്ധയ്ക്ക്! ഇനി ആ'ശങ്ക' വേണ്ട

നീണ്ട യാത്രകള്‍ പോകുന്നതിനെപ്പറ്റി ചിന്തിക്കുമ്പോള്‍ സ്ത്രീകള്‍ക്കുള്ള ഒറ്റ ടെന്‍ഷനാണ് മൂത്രശങ്ക. വൃത്തിഹീനമായ പൊതുശുചിമുറികള്‍ ഉപയോഗിക്കാനുള്ള ബുദ്ധിമുട്ട് കാരണം മൂത്രശങ്ക പിടിച്ചുവെക്കുന്നവരാണ് ഇവരില്‍ പലരും.

പൊതുശൗചാലയങ്ങള്‍ ഉപയോഗിക്കുന്നതും അതിലുപരി മൂത്രം പിടിച്ച് വെയ്ക്കുന്നതും ശരീരത്തിന് ദോഷകരമാണ്. ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഡല്‍ഹി ഐടിഐയിലെ വിദ്യാര്‍ഥികളായ  ഹരി സെഹ്രവത്തയും അര്‍ച്ചിത് അഗര്‍വാളും.

അത്യാവശ്യ ഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് നിന്നുകൊണ്ട് മൂത്രമൊഴിക്കാന്‍ കഴിയുന്ന രീതിയിലുള്ള ഉപകരണമാണ് ഇവര്‍ ഇതിനായി  വികസിപ്പിച്ചെടുത്തിരിക്കുന്നത്. 

സാന്‍ഫിയെന്ന് പേരിട്ടിരിക്കുന്ന  ഈ ഉപകരണത്തിന് പത്തുരൂപ മാത്രമാണ് വില. നഗരത്തിലെ വിവിധ ശൗചാലയങ്ങള്‍ സന്ദര്‍ശിച്ച ഇവര്‍ 71 ശതമാനാവും കൃത്യമായി  വൃത്തിയാക്കപ്പെടുന്നില്ലയെന്ന് കണ്ടെത്തി.

ഇങ്ങനെയുള്ള ശൗചാലയങ്ങളില്‍ മൂത്രമൊഴിക്കാനായി ടോയ്‌ലറ്റ് സീറ്റില്‍ ഇരിക്കേണ്ടി വരുന്ന സ്ത്രീകള്‍ക്ക് അണുബാധയുണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. 

ഇത് തിരിച്ചറിഞ്ഞാണ്‌ ഇരുവരും സാന്‍ഫി നിര്‍മിച്ചത്. ഒരു കൈകൊണ്ട് വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന സാന്‍ഫി ആര്‍ത്തവകാലത്തും ഉപയോഗിക്കാന്‍ സാധിക്കും.

ഉപയോഗശേഷം കളയാവുന്ന സാന്‍ഫി ബയോഡിഗ്രേഡബിള്‍ പേപ്പര്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹാര്‍ദ ഉല്പന്നമായതിനാല്‍ മലിനീകരണത്തെ കുറിച്ചുള്ള ആശങ്കയും വേണ്ട. 

 

Trending News