ബഹിരാകാശത്തേക്ക് പോകുന്നവര്‍ക്ക് ഇനി പ്രത്യേക വസ്ത്രം!

ബഹിരാകാശ യാത്രികര്‍ക്കുള്ള പ്രത്യേക ബഹിരാകാശ വസ്ത്രം (സ്‌പെയിസ് സ്യൂട്ട്) പുറത്തിറക്കി ഐഎസ്ആര്‍ഒ

Sneha Aniyan | Updated: Sep 7, 2018, 06:06 PM IST
ബഹിരാകാശത്തേക്ക് പോകുന്നവര്‍ക്ക് ഇനി പ്രത്യേക വസ്ത്രം!

ബെംഗളൂരു: ബഹിരാകാശ യാത്രികര്‍ക്കുള്ള പ്രത്യേക ബഹിരാകാശ വസ്ത്രം (സ്‌പെയിസ് സ്യൂട്ട്) പുറത്തിറക്കി ഐഎസ്ആര്‍ഒ. യാത്രയില്‍ ബഹിരാകാശ യാത്രികര്‍ക്ക് ഇരിക്കാനുള്ള ക്രൂ മോഡലും അപകട സമയത്ത് ഉപയോഗിക്കാനുള്ള ക്രൂ എസ്‌കേപ്പ് മോഡലും ഇതിനോടൊന്നിച്ച് ഐഎസ്ആര്‍ഒ പുറത്തിറക്കിയിട്ടുണ്ട്. ക്രൂ മോഡലിന്റെ ഒരു മാത്യക ഐഎസ്ആര്‍ഒ നേരത്തെ വിജയകരമായി പരീക്ഷിച്ചിരുന്നു.

ബെംഗളൂരുവില്‍ നടക്കുന്ന ബഹിരാകാശ പ്രദര്‍ശനത്തിന്‍റെ ആറാം പതിപ്പിലാണ് 2022 ല്‍ മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യന്‍ പദ്ധതിയുടെ ഭാഗമായി ഇവ പ്രദര്‍ശിപ്പിച്ചത്. ഓക്സിജന്‍ സിലിണ്ടര്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്യൂട്ടിന്‍റെ നിറം ഓറഞ്ച് ആണ്. ഇത്തരത്തില്‍ രണ്ട് സ്യൂട്ടുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇനി ഒരെണ്ണം കൂടി നിര്‍മ്മിക്കും. 

രണ്ട് വര്‍ഷമായി തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്‍ററില്‍ ഇതിനായുള്ള പരീക്ഷണങ്ങള്‍ നടന്നു വരികയായിരുന്നു.  2022ല്‍ മൂന്ന് യാത്രികരെയാണ് ഇന്ത്യന്‍ നിര്‍മിത വാഹനത്തില്‍ ഇന്ത്യ ബഹിരാകാശത്തേക്ക് അയക്കുന്നത്. 

കൂടാതെ, ബഹിരാകാശ യാത്രികരുടെ ആരോഗ്യം സംരക്ഷിക്കുന്നതിലും ബഹിരാകാശത്തെ ചികിത്സയിലും യാത്രാ സമയത്ത് വ്യക്തി ശുചിത്വം പാലിക്കുന്നതിലുമെല്ലാം ഫ്രഞ്ച് ബഹിരാകാശ ഏജന്‍സിയായ സിഎന്‍ഇഎസിന്‍റെ സഹായം ഐഎസ്ആര്‍ഒ സ്വീകരിക്കും.