ഇന്ത്യയിലെ സൈബര്‍ വിദഗ്ദ്ധരുടെ ശമ്പളത്തില്‍ 25-30% വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്

Last Updated : Oct 31, 2017, 12:46 PM IST
ഇന്ത്യയിലെ സൈബര്‍ വിദഗ്ദ്ധരുടെ ശമ്പളത്തില്‍ 25-30% വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ സൈബര്‍സുരക്ഷാ വിദഗ്ധരുടെ ശമ്പളത്തില്‍ 25-35% വര്‍ദ്ധനവ് ഉണ്ടായതായി റിപ്പോര്‍ട്ട്. പ്രധാനമായും നേതൃത്വനിരയിലാണ് ശമ്പള വര്‍ദ്ധനവ്. ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ ക്ഷാമം അനുഭവപ്പെടുന്നതു കാരണമാണിത്. 

ഹാക്കിംഗും സൈബര്‍ ആക്രമണവും കൂടി വരുന്നതു കാരണമാണ് സൈബര്‍ വിദഗ്ധരുടെ ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നത്. രണ്ടു കോടി മുതലാണ്‌ നേതൃനിരയുടെ ശമ്പളം തുടങ്ങുന്നത്. ഇത് നാലു കോടി വരെ പോകും. ഡിജിറ്റല്‍ ഇന്ത്യ പരിപാടിയുടെ അവതരണത്തോടെയാണ് ശമ്പളത്തിലുള്ള ഈ മാറ്റം. നോട്ടുനിരോധനവും ഇതിനു കാരണമായി.

ഐടിമേഖല മുഴുവന്‍ സൈബര്‍ സുരക്ഷിതത്വത്തിന് ഊന്നല്‍ നല്‍കുന്ന കാലമാണിതെന്ന് കെപിഎംജി സൈബര്‍ സുരക്ഷാ വിഭാഗം തലവന്‍ അതുല്‍ ഗുപ്ത പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ് ഐടി കമ്പനികള്‍ ഈ മേഖലയ്ക്ക് ഇത്രത്തോളം പ്രാധാന്യം നല്‍കിത്തുടങ്ങിയത്.

ബാങ്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, റീട്ടയില്‍ സ്ഥാപനങ്ങള്‍, ബിഎഫ്എസ്ഐ കമ്പനികള്‍ മുതലായവ സൈബര്‍ സുരക്ഷാ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ തുടങ്ങിയവയില്‍ പെടും. നാസ്കോം പോലെയുള്ളവ ഈ വിഷയത്തില്‍ പത്തോളം പ്രത്യേക കോഴ്സുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.  

Trending News